സമ്യക്കായ വീക്ഷണം
text_fieldsപട്ടാഭിഷേകത്തിനു ശേഷം ശ്രീരാമനെ സന്ദർശിക്കാൻ മുനിമാർ എഴുന്നള്ളുന്നു. രാമലക്ഷ്മണന്മാരുടെ പരാക്രമത്തെ അവർ വാനോളം വാഴ്ത്തുന്നു. തുടർന്ന് രാക്ഷസകുലത്തിെൻറ ഉൽപത്തിയും വികാസവും ശ്രീരാമചന്ദ്രനെ വിസ്തരിച്ചു കേൾപ്പിക്കുന്നു. ബ്രഹ്മാവിെൻറ പുത്രനും സപ്തർഷികളി ലൊരാളുമായ പുലസ്ത്യനിൽനിന്ന് തുടങ്ങി വിശ്രവസ്സിലൂടെ പുരോഗമിച്ച് രാവണനിലേക്കും സഹോദരന്മാരിലേക്കും വംശചരിതം എത്തിച്ചേരുന്നു.
സഹോദരന്മാരായ കുംഭകർണൻ, വിഭീഷണൻ എന്നിവരോടൊപ്പം തപസ്സുചെയ്ത് ദിവ്യശക്തികളാർജിക്കാൻ രാവണൻ തീരുമാനിച്ചു. നിശ്ചയദാർഢ്യവും അചഞ്ചലമായ വിശ്വാസവും കൈവിടാതെ പഞ്ചാഗ്നിമധ്യത്തിൽ കൊടുംതപസ്സ് ചെയ്തു. ആയിരം വർഷം കൂടുമ്പോൾ തെൻറ പത്ത് തലകളിൽ ഒാരോന്നു വീതം അദ്ദേഹം അഗ്നിയിൽ ഹോമിച്ചു. അങ്ങനെ ഒമ്പതെണ്ണം കഴിഞ്ഞ് പത്താമത്തെ തലയും വെട്ടാനുറച്ചപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് തടഞ്ഞു. മനുഷ്യരൊഴികെ മറ്റാരാലും വധിക്കപ്പെടുകയില്ലെന്ന വരം രാവണൻ നേടി.
വരം ലഭിച്ച രാവണൻ സഹോദരസ്ഥാനീയനായ വൈശ്രവണനെ തോൽപിച്ച് ലങ്ക പിടിച്ചടക്കി. പുഷ്പകവിമാനവും തട്ടിയെടുത്തു. ഒരിക്കൽ ശരവണദേശത്തിലൂടെ സഞ്ചരിക്കവേ വിമാനം ഒരിടത്ത് ഇളകാതെ ഉറച്ചുനിന്നു. മാർഗതടസ്സമുണ്ടാക്കിയ കൈലാസമിളക്കി മാറ്റാൻ രാവണൻ പരിശ്രമിച്ചു.
നിജസ്ഥിതിയറിഞ്ഞ പരമേശ്വരൻ പാദത്തിലെ പെരുവിരൽ കൊണ്ടമർത്തിയപ്പോൾ ഇരുപതു കൈകളും അതിനടിയിൽപ്പെട്ടുപോയ രാവണൻ ഉറക്കെ നിലവിളിച്ചു. ചെയ്ത തെറ്റിന് മാപ്പിരന്നും ഭജിച്ചും അദ്ദേഹം ശിവഭഗവാനെ സംപ്രീതനാക്കി. അങ്ങനെയാണ് ചന്ദ്രഹാസം എന്ന വാൾ അദ്ദേഹത്തിന് ലഭിക്കുന്നത്. തിരിച്ചടികൾക്ക് പുറമേ രാവണന് നിരവധി ശാപങ്ങളും കിട്ടിയിട്ടുണ്ട്.
ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കുന്ന യുദ്ധകാണ്ഡത്തിൽ തീരുന്നതാണ് ഭൂരിപക്ഷം മലയാളികളുടെയും രാമായണ പാരായണശീലം! ഭരണാധികാരി, പോരാളി, വനവാസി, പുരുഷൻ, ഭർത്താവ്, അച്ഛൻ, മകൻ, ശിഷ്യൻ എന്നീ നിലകളിലുള്ള ശ്രീരാമചന്ദ്രെൻറ സമഗ്രവ്യക്തിഭാവം രാമായണത്തിലെ ഉത്തരകാണ്ഡംകൂടി പരിശോധിക്കാതെ ലഭിക്കുകയില്ല.
യുദ്ധകാണ്ഡത്തോടെ രാവണെൻറ അനീതികൾക്ക് അറുതി വരുമ്പോൾ തുടങ്ങിവെച്ച പലതും രാമൻ ഉത്തരകാണ്ഡത്തിൽ പൂർത്തിയാക്കാനിരിക്കുകയാണ്! സീതാദേവിതന്നെയാണ് അവിടെയും സമസ്യ. ഇതെല്ലാം സമ്യക്കായി അവലോകനം ചെയ്യുന്നതിനും അവയുടെ ഉള്ളറയിലേക്കിറങ്ങുന്നതിനും കൈവശമുള്ള രാമായണത്തിലെ മുഴുവൻ വരികളിലൂടെയും കടന്നുപോകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.