ലക്ഷ്മണോപദേശം
text_fieldsഭ്രാന്തുപിടിച്ച മനസ്സുള്ളവനും വൃദ്ധനും സ്ത്രീജിതനുമായ ദശരഥനെയും അഭിഷേകത്തിന് തടസ്സം നിൽക്കുന്നവരെയും വധിച്ചാണെങ്കിലും ശ്രീരാമപട്ടാഭിഷേകം നടത്തുന്നതിനുള്ള ശൗര്യം തനിക്കുണ്ടെന്ന് പറഞ്ഞ് ലക്ഷ്മണൻ മൂന്നുലോകങ്ങളും ദഹിപ്പിക്കുന്ന കോപത്തോടെ തിളച്ചുമറിയുകയാണ്. ഇതെല്ലാം കണ്ടുനിന്ന ശ്രീരാമൻ തൂമന്ദഹാസത്തോടെ സഹോദരനെ ചേർത്തു പിടിച്ച് കാരുണ്യവായ്പോടെ നൽകുന്ന ഉപദേശം സന്ദർഭോചിതവും സാരസമ്പുഷ്ടവും ലോകോത്തരവുമാണ്.
നാമെല്ലാം കൊണ്ടാടുന്ന ഈ ജീവിതത്തിെൻറ യാഥാർഥ്യം, അതിൽ വന്നുചേരുന്ന വിവിധങ്ങളായ അനുഭവങ്ങൾ, അവയുടെ പ്രവർത്തനസ്വഭാവം, പ്രതികൂല സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ട വിധം, അതിനെ വൈകാരികമായി സമീപിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ, അവയെ ചെറുക്കാൻ കഴിയുന്ന വിവേകം കൈവരിക്കൽ എന്നിവയാണ് വിശദമാക്കുന്നത്.
ജീവിതത്തെക്കുറിച്ച് നമ്മൾ കെട്ടിപ്പടുത്ത അയഥാർഥവും ചമൽക്കാരപൂർണവുമായ കൽപനകൾ ഇവിടെ കെട്ടഴിഞ്ഞു വീഴുന്നു. ജീവിതയാഥാർഥ്യങ്ങളെ തനത് നിലയിലാണ് ഇവിടെ വിലയിരുത്തുന്നത്. തീയിൽ ചൂടാക്കിയ ലോഹത്തിനു മുകളിലെ വെള്ളത്തുള്ളി പോലെ എന്നാണ് മനുഷ്യജീവിതത്തിന്റെ ക്ഷണികതയെ ഉദാഹരിക്കുന്നത്. പാമ്പിെൻറ വായിൽ അകപ്പെട്ട തവള ആഹാരത്തിന് വായ്തുറക്കുന്നതുപോലെയാണ് വന്നുപോയ്ക്കൊണ്ടിരിക്കുന്ന സുഖങ്ങളെ മനുഷ്യർ തേടുന്നത്.
വഴിയമ്പലത്തിലെ ഒത്തുചേരൽ പോലെ, ഓരോ കരയിലും തട്ടിത്തടഞ്ഞ് ഒഴുകിപ്പോകുന്ന പൊങ്ങുതടികൾ പോലെയാണ് അൽപമായ ആയുസ്സിനിടയിൽ നമ്മൾ ഇവിടെ കെട്ടിപ്പടുക്കുന്ന ബന്ധങ്ങൾ. ഈ യാഥാർഥ്യങ്ങളോട് മുഖംതിരിച്ചു നിൽക്കുന്ന വിനാശകരവും സങ്കുചിതവുമായ വീക്ഷണങ്ങളും പൊതുബോധവുമൊക്കെയാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. ജീവിതത്തെക്കുറിച്ച ഇത്തരം ആഴമേറിയ ഉൾക്കാഴ്ചകൾ നമുക്കും സമൂഹത്തിനും പ്രകൃതിക്കും ഹിതകരമായിരിക്കുമെന്നുതന്നെയാണ് ലോകത്തിലെ വിശുദ്ധഗ്രന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.