ഗുഹസംഗമം
text_fieldsഗംഗാനദിയുടെ തീരത്തുള്ള ശൃംഗിവേരപുരം എന്ന നിഷാദരാജ്യത്തിന്റെ ഭരണാധികാരിയാണ് ഗുഹൻ. വനവാസത്തിനിറങ്ങിയ രാമലക്ഷ്മണന്മാരും സീതയും ഗുഹെൻറ ആതിഥ്യം സ്വീകരിക്കുന്നുണ്ട്. രാമനെപ്പോലൊരു വിശിഷ്ടാതിഥിയെ ലഭിച്ച ഗുഹൻ അതിസന്തുഷ്ടനായി ഈ ഭൂമി മുഴുവൻ രാമേൻറതാണെന്നും അയോധ്യയെപ്പോലെ തെൻറ രാജ്യത്തെയും കാണണമെന്നും ഉണർത്തി. ശ്രീരാമനെ യഥാവിധി പൂജിച്ച് ഫലമൂലാദികളും സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങളും കാഴ്ചവെച്ചു. വിശ്രമിക്കാൻ പൂമെത്തയൊരുക്കി.
താപസ വേഷധാരിയായ ശ്രീരാമൻ അതെല്ലാം സ്നേഹപൂർവം നിരസിച്ച് വെള്ളം മാത്രം കുടിച്ച് മരച്ചുവട്ടിൽ വിശ്രമിച്ചു. ഈ കാഴ്ച കണ്ട ഗുഹൻ അവിടെ കാവൽ നിന്ന ലക്ഷ്മണനോട് ഹൃദയവേദന പങ്കുവെച്ചു. അപ്പോൾ വിനികളുടെ മനോനിലയെക്കുറിച്ചും അവരുടെ ലോകവ്യവഹാരത്തെക്കുറിച്ചും കർമത്തിന്റെ ഗതിവിഗതികളെക്കുറിച്ചുമെല്ലാം ലക്ഷ്മണൻ വിവരിച്ചുകൊടുത്തു. വന്നു പോയിക്കൊണ്ടിരിക്കുന്ന അനുകൂലവും പ്രതികൂലവും സമ്മിശ്രവുമായ മുഴുവൻ അനുഭവങ്ങളെയും അവർ മറ്റാരെക്കാളും നന്നായി ഉൾക്കൊള്ളുമെങ്കിലും മമത്വം തുടങ്ങിയ അഭിമാനങ്ങളില്ലാത്തതുകൊണ്ട് അവർ അതിലൊന്നും ബന്ധിക്കപ്പെടുന്നില്ല.
ഒരിക്കൽ പ്രവാചകനായ നബിതിരുമേനിയുടെ വീട്ടിൽ വന്ന ഉമറിനു കാണാനായത് കയറുകൊണ്ടുള്ള കട്ടിൽ, വെള്ളം കുടിക്കാനൊരു പാത്രം, ഒരുപിടി ധാന്യം എന്നിവ മാത്രമായിരുന്നു. തിരുമേനിയുടെ പുറത്ത് പതിഞ്ഞ ഈന്തപ്പനയോലയുടെ പാടു കണ്ട ഉമർ വിതുമ്മിക്കരഞ്ഞപ്പോൾ ഉമറേ, ഐഹിക ജീവിതത്തിൽ നാം നേടിയെടുക്കുന്ന വിഭവങ്ങൾ നമുക്ക് ശാന്തിയും സമാധാനവും നൽകില്ല. അവ ലഘൂകരിച്ചു കൊണ്ടുവരലാണ് അഭികാമ്യം. സത്യത്തിന്റെ മാർഗവും അതുതന്നെയാണ് എന്ന് പ്രവാചകൻ അരുളിയത് ഇവിടെ അനുസ്മരിക്കാം. ദേശകാലാതീതമായി ഈ ലോകജീവിതത്തെ മഹാത്മാക്കൾ എങ്ങനെ വിലയിരുത്തുന്നു എന്നതിനുള്ള ദൃഷ്ടാന്തമാണിത്.
അടുത്തദിവസം രാമലക്ഷ്മണന്മാരെയും സീതയെയും തോണിയിൽ കയറ്റി ഗുഹൻ തന്നെ തോണി തുഴഞ്ഞ് അവരെ മറുകരയെത്തിച്ചു. പിന്നീട് ശ്രീരാമനെ അന്വേഷിച്ചു വരുന്ന ഭരതന് മാർഗദർശനമേകുകയും തന്റെ ദാശസൈന്യങ്ങളെ അയച്ചുകൊടുക്കുകയും ചെയ്തു. വർണാശ്രമ ധർമവ്യവസ്ഥക്ക് പുറത്തുനിൽക്കുന്ന നിഷാദവംശത്തിൽ പിറന്ന ഗുഹനെ ശ്രീരാമൻ എങ്ങനെ ഉൾക്കൊണ്ടു എന്നതിനുള്ള നിദർശനമാണ് ഗുഹചരിതം. ജാതി, കുലം, വംശം, ഗോത്രം, രൂപം, സ്ഥാനമാനങ്ങൾ എന്നിവയൊന്നും പരിഗണിക്കാതെയാണ് രാമലക്ഷ്മണന്മാർ ഗുഹനോട് ഇടപെടുന്നത്.
ജീവിതാനുഭവങ്ങളെ സമത്വബുദ്ധിയോടെ ആന്തരികമായി ഉൾക്കൊള്ളുന്നതിന്റെ സഫലമായ തുടർച്ച തന്നെയാണ് സമൂഹം മേൽ/കീഴ് വ്യത്യാസങ്ങളാരോപിച്ച് വിവിധ തട്ടുകളിലാക്കിയവരോടുള്ള ഹൃദ്യവും വിവേചനരഹിതവുമായ പെരുമാറ്റം. മനുഷ്യരെന്നുപോലും പരിഗണിക്കാതെ മാറ്റിനിർത്തിയ വലിയൊരു വിഭാഗം ജനതയെ സൃഷ്ടിച്ചതും നിലനിർത്തിയതും പുസ്തകത്തിലും മസ്തകത്തിലും മാത്രം തളച്ചുനിർത്തപ്പെട്ട, പ്രയോഗസന്നദ്ധമല്ലാത്ത നീതിബോധമാണെന്ന് ഈ അവസരത്തിൽ മറക്കാതിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.