സീതാപരിത്യാഗം
text_fieldsഗംഗാനദീ തീരത്തെ മുനീശ്വരന്മാരുടെ പുണ്യാശ്രമങ്ങൾ സന്ദർശിക്കാനും കുറച്ചുദിവസം താമസിക്കാനുമുള്ള അതിയായ ആഗ്രഹം ഒരിക്കൽ സീതാദേവി ശ്രീരാമനെ അറിയിച്ചു. അടുത്ത ദിവസം തന്നെ പുറപ്പെട്ടുകൊള്ളാൻ ശ്രീരാമൻ അനുമതിയേകി.
തുടർന്ന് അരമനയുടെ വിശാലശാലയിലേക്ക് എഴുന്നള്ളിയപ്പോൾ അവിടെ ഒത്തുകൂടിയവർക്കിടയിൽ തെൻറ വിശ്വസ്ത ദൂതനായ ഭദ്രനെ കണ്ടു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പ്രജകൾ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നുവെന്നും കുടുംബാംഗങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്നും അന്വേഷിച്ചു.
രാവണൻ തട്ടിക്കൊണ്ടുപോയി അടിമയെപ്പോലെ പാർപ്പിച്ച സീതയെ ശ്രീരാമൻ വെറുക്കാത്തതെന്തുകൊണ്ടാണെന്നും മറ്റൊരാളുടെ അധീനതയിൽ അനേക ദിവസമിരുന്നാലും തങ്ങളുടെ ഭാര്യമാരെ രാജാവ് ചെയ്തതുപോലെ സ്വീകരിച്ച് പൊറുപ്പിക്കേണ്ടി വരുമെന്നും ജനങ്ങൾക്കിടയിൽ സംസാരമുണ്ടെന്ന് ഭദ്രൻ പറഞ്ഞു.
ഇതുകേട്ട് വേദനപൂണ്ട ശ്രീരാമൻ വാത്മീകി ആശ്രമത്തിന് സമീപത്തുള്ള ഒഴിഞ്ഞ പ്രദേശത്ത് സീതയെ ഉപേക്ഷിക്കാൻ ലക്ഷ്മണന് ആജ്ഞയേകി. കാര്യങ്ങളെല്ലാം മനസ്സിലാക്കിയ സീത വിധാതാവ് തന്നെ സൃഷ്ടിച്ചത് ദുഃഖിക്കാൻ മാത്രമാണെന്ന് നെടുവീർപ്പിട്ട് രാജശാസന നിറവേറ്റാൻ ലക്ഷ്മണനോട് ആവശ്യപ്പെടുന്നു. ഗംഗയുടെ തെക്കേക്കരയിൽ രാമനെ വിളിച്ച് നെഞ്ചുപൊട്ടി വിലപിക്കുന്ന സീതയെ വാത്മീകി മഹർഷി തെൻറ ആശ്രമത്തിലേക്ക് ആനയിക്കുന്നു.
സൂര്യചന്ദ്രന്മാർ, ദേവേശ്രഷ്ഠന്മാർ, ഗന്ധർവന്മാർ, മാമുനീന്ദ്രന്മാർ എന്നിവരുടെ മുന്നിൽവെച്ച് ഇന്ദ്രനും അഗ്നിയും വായുവും സീത പരിശുദ്ധയാണെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷം തെൻറ മനസ്സാക്ഷിയനുസരിച്ചാണ് ശ്രീരാമൻ സീതയെ കൈക്കൊള്ളുന്നത്.
ഇങ്ങനെ പ്രപഞ്ചശക്തികളുടെ സാക്ഷ്യവും ആത്മബോധ്യവുമുള്ള വസ്തുതയാണ് പിന്നീടുണ്ടായ ജനാപവാദത്തിൽ ശിഥിലമാകുന്നത്. വികലവും ക്രൂരവും നിന്ദ്യവും നിർദയവുമായ അധികാരപ്രയോഗമാണ് സീതയെന്ന സ്ത്രീയിൽ, ഗർഭിണിയായ ഭാര്യയിൽ, പ്രജയിൽ പുരുഷനും ഭർത്താവും ഭരണാധികാരിയുമായ ശ്രീരാമൻ നടത്തിയത്!! മുഖ്യധർമത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകേണ്ടൊരു ഭരണാധികാരി ജനാപവാദങ്ങളെ ഹിതപരിശോധനയിലൂടെ വിലയിരുത്തുന്നതിനോ പൗരസമക്ഷം പ്രതിജ്ഞ ചെയ്യിച്ച് തദനുസൃതമായ നടപടികൾ കൈക്കൊള്ളുന്നതിനോ തയാറായില്ല.
ശ്രീരാമൻ തനിക്ക് നിഷേധിച്ച സമത്വം, നീതി, ധർമം, സ്വാതന്ത്ര്യം തുടങ്ങിയവയുടെ ആദിമാതൃകകൾ അദ്ദേഹത്തിെൻറ വംശാവലിയുടെ ഉള്ളടക്കത്തിൽ ദർശിക്കുന്ന സീതയെ തെൻറ 'ചിന്താവിഷ്ടയായ സീത'യിൽ മഹാകവി കുമാരനാശാൻ അവതരിപ്പിക്കുന്നുണ്ട്.
സ്ത്രീ, ഭാര്യ, രാജ്ഞി, അമ്മ, പ്രജ എന്നീ നിലകളിൽ അനുഭവിച്ച അനീതിയും നെറികേടുകളുമെല്ലാം അതിൽ വിചാരവിമർശത്തിന് വിധേയമാക്കുന്നുണ്ട്. തെൻറ കീർത്തിദോഷത്തെ കഴുകിക്കളയുന്നതിൽ തൽപരനായ രാമൻ അൽപബുദ്ധികൾക്ക് ചേർന്നവിധം പ്രവർത്തിച്ചതുമൂലം തന്നെക്കുറിച്ചുള്ള അപവാദത്തെ സ്ഥിരീകരിക്കുകയാണ് ചെയ്തത്.
അപരാധിയെ സംശയത്തിെൻറ പേരിൽ വിടാറുണ്ടെന്നിരിക്കെ, നിരപരാധിയായ താൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ആത്മവിശുദ്ധിയല്ലാതെ പരസ്യമായ മറ്റൊരു തെളിവും തനിക്ക് ആരുടെ മുന്നിലും വെക്കാനില്ലെന്നും അതുകൊണ്ട് തനിക്ക് സാക്ഷി താൻ തന്നെയാണെന്നും സീത അതിൽ വെളിപ്പെടുത്തുന്നുണ്ട്.
ഒരു മായാസീതയെക്കൂടി സൃഷ്ടിച്ചോ സംഭവങ്ങളെ മായികതലത്തിൽ വ്യാഖ്യാനിച്ചോ സീതാപരിത്യാഗത്തെ ആർക്കും ഒരുകാലത്തും പ്രതിരോധിക്കാനാകില്ല. ആരും പൂർണരല്ലാത്തതുകൊണ്ടും ദേശകാലപരിമിതികൾ ഏത് ചെയ്തികളെയും സ്വാധീനിക്കുമെന്നതുകൊണ്ടും ആദർശബിംബങ്ങളായി ഉയർത്തിക്കാണിക്കുന്നവരിലെല്ലാം പാകപ്പിഴകളും പോരായ്മകളും ന്യൂനതകളുമുണ്ടാകും. അതുൾക്കൊണ്ട് നമ്മുടെ വായനകളെ നിരന്തരം പരിഷ്കരിച്ച് സമ്പന്നവും സമ്പുഷ്ടവും സാർഥകവുമാക്കുന്നതിന് ആവശ്യപ്പെടുന്നുണ്ട് വിശ്വോത്തരകൃതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.