അശ്വമേധയാഗം
text_fieldsസീതാപരിത്യാഗത്തിനുശേഷം ദുഃഖിതനായി കഴിഞ്ഞ ശ്രീരാമൻ ഒരു യാഗം നടത്താൻ തീരുമാനിച്ചു. വിഷയം സഹോദരന്മാരുമായി കൂടിയാലോചിച്ചു.
വൃത്രവധംമൂലം ഇന്ദ്രനുണ്ടായ ബ്രഹ്മഹത്യാപാപം തീർക്കുന്നതിന് ദേവന്മാരും ഋഷിമാരും ചേർന്ന് ഇന്ദ്രനെക്കൊണ്ട് അശ്വമേധയാഗം ചെയ്യിപ്പിച്ച് പാപമുക്തനാക്കിയെന്നും ആ പാപത്തെ ഋതുമതികളിലും നീർക്കുമിളയിലും ബ്രാഹ്മണഘാതകരിലും ചൂതാട്ടക്കാരിലേക്കും പങ്കിട്ടുനൽകിയെന്നും അതുകൊണ്ട് വിശിഷ്ടമായ അശ്വമേധയാഗം നടത്തുന്നത് ഉചിതമായിരിക്കുമെന്നും ലക്ഷ്മണൻ ബോധിപ്പിച്ചു.
അശ്വമേധത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സൈനികനിയന്ത്രണം സുഗ്രീവനെയും ധനകാര്യം വിഭീഷണനെയും നൈമിശക്ഷേത്രത്തിൽ യാഗശാല തീർക്കാൻ ഭരതനെയും കേന്ദ്രാധികാരം ലക്ഷ്മണനെയും ഏൽപിച്ചു. ചതുരംഗസേനയുടെ അകമ്പടിയോടെ ഒരുക്കിനിർത്തിയ യാഗാശ്വത്തെ ലക്ഷ്മണെൻറ നേതൃത്വത്തിൽ മുഴുവൻ രാജ്യത്തേക്കും പര്യടനത്തിനായി അഴിച്ചുവിട്ടു.
വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ശ്രീരാമചന്ദ്രെൻറ അപ്രമാദിത്വം സാക്ഷ്യപ്പെടുത്തി അനേകം കാഴ്ചദ്രവ്യങ്ങളുമായി അത് തിരിച്ചെത്തി. ഗുരുവായ വസിഷ്ഠെൻറ നിർദേശമനുസരിച്ച് സീതയുടെ സ്വർണപ്രതിമ നിർമിച്ചു. യാഗവിവരമറിഞ്ഞ വാത്മീകിമുനി സീതാദേവിയുടെ മക്കളായ ലവകുശന്മാരോടും ശിഷ്യരോടുമൊത്ത് നൈമിശാരണ്യത്തിലെത്തി.
യാഗശാലയിൽ എല്ലായിടത്തും അതിമധുരമായ ശബ്ദത്തിൽ രാമായണകഥ ആലപിച്ചു. അവിടെ കൂടിയിരുന്നവർ ശ്രീരാമനും ഗായകരായ മുനികുമാരന്മാരും തമ്മിലുള്ള രൂപസാദൃശ്യത്തെക്കുറിച്ച് സംസാരിക്കാനിടയായി. വാത്മീകിയുടെ ശിഷ്യന്മാരെന്നാണ് അവർ സ്വയം പരിചയപ്പെടുത്തിയത്.
തങ്ങൾ ചൊല്ലിയത് വാത്മീകിമുനി രചിച്ച കാവ്യമാണെന്നും യാഗകർമങ്ങൾ നിർത്തുന്ന സന്ദർഭത്തിൽ സഹോദരന്മാരുമൊത്ത് കഥാലാപനം കേൾക്കണമെന്നും കുമാരന്മാർ അപേക്ഷിച്ചു. കാവ്യസുധയിൽ ആറാടിച്ച ഗായകകുമാരന്മാർ സീതാദേവിയുടെ പുത്രന്മാരാണെന്ന് എല്ലാവരും മനസ്സിലാക്കി. തുടർന്ന് വൈദേഹിയുടെ ഹൃദയഗതി ശരിക്കു മനസ്സിലാക്കി തന്നെ അറിയിക്കണമെന്ന നിർദേശത്തോടെ വാത്മീകിയുടെ ആശ്രമത്തിലേക്ക് രാജദൂതന്മാരെ അയക്കുകയാണ് ശ്രീരാമൻ ചെയ്തത്.
എല്ലാവരും സന്നിഹിതരായ ആ സദസ്സിൽ വാത്മീകി സീതാദേവിയോടും ലവകുശന്മാരോടുമൊപ്പം എത്തിച്ചേർന്നു. പരിശുദ്ധയായ സീതയെ കൈക്കൊള്ളാൻ ശ്രീരാമെൻറ രാജസദസ്സിൽവെച്ച് വാത്മീകി ആവശ്യപ്പെട്ടു. ലോകാപവാദം കേട്ടതുകൊണ്ടാണ് പാപമില്ലാത്തവളെന്ന് അറിഞ്ഞിട്ടും സീതയെ ഉപേക്ഷിക്കേണ്ടി വന്നതെന്നായിരുന്നു രാമെൻറ മറുപടി. ഒടുവിൽ തെൻറ വിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിന് സീതക്ക് ആത്മബലി വേണ്ടിവന്നു.
വൈദികകാല ശേഷം ശക്തിപ്രാപിച്ച പൗരോഹിത്യമാണ് വേദങ്ങളിലെ പ്രതീകാത്മക പരാമർശങ്ങളെ ഭൗതികനേട്ടങ്ങൾക്ക് വിനിയോഗിക്കാൻ പരിശീലിപ്പിച്ചത്. സീതാപരിത്യാഗത്തിനും ശംബൂകവധത്തിനും ശേഷം രാജ്യാഭിവൃദ്ധിക്കും പാപശാപങ്ങൾ ഇല്ലാതാക്കുന്നതിനും നടത്തുന്ന അശ്വമേധയാഗവും സഞ്ചരിക്കുന്നത് ആ വഴിക്കാണ്.
സ്ത്രീയെയും ശൂദ്രനെയും ഇടിച്ചുതാഴ്ത്തുന്ന സ്മൃതികളോടുള്ള വിധേയത്വവും കാലാകാലങ്ങളായി ചെയ്തുകൂട്ടിയ അപരാധങ്ങളുടെയെല്ലാം കുറ്റസമ്മതവും അതിലുണ്ട്. സീതയുടെ അന്തർധാനവും ലക്ഷ്മണെൻറ ദേഹവിയോഗവും മഹാപ്രസ്ഥാനവും സരയൂനദിയുടെ ആഴങ്ങളിലാണ്ട ജീവത്യാഗവും സ്മൃതിപക്ഷത്തിനും പൗരോഹിത്യത്തിനും ശക്തിപകരാനല്ലാതെ അശ്വമേധയാഗത്തിന് മറ്റൊന്നിനും കഴിഞ്ഞില്ലെന്ന് തെളിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.