രാമായണ വായനയുടെ ചരിത്രം
text_fieldsരാമായണം ഒരു എഴുത്തുപാഠമായി തീരുംമുമ്പേ അത് കർണാകർണികയാ പ്രചരിച്ചിരുന്നു. വാല്മീകി രാമായണം അതിന്‍റെ പ്രഥമ ദൃഷ്ടാന്തമാണ്. ‘‘തപസ്സിലും വേദാധ്യയനത്തിലും മുഴുകിയവനും വാഗ്മികളിൽ ഉത്തമനുമായ നാരദൻ ചോദ്യത്തിന്റെ ഉത്തരമായി വാല്മീകിക്ക് ചൊല്ലിക്കൊടുക്കുന്ന കഥയാണ് രാമായണം.
കേട്ടോളു ‘‘(ബാലകാണ്ഡം, 1.6) എന്ന നാരദവചനം തെളിയിക്കുന്നത് എഴുത്തുപാഠമായി തീരുംമുമ്പേ ചൊല്ലി പ്രചരിച്ചിരുന്ന രാമായണ പാഠങ്ങൾ നിലനിന്നിരുന്നു എന്നാണ്. ‘ശ്രുതി’ എന്ന വൈദിക സംഹിതകളുടെ പര്യായം തന്നെ അതിന്റെ എഴുതപ്പെടുന്നതിന് മുമ്പുള്ള ചരിത്ര ഘട്ടത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. സംസ്കൃതത്തിൽ എഴുതപ്പെടുന്നതിന് മുമ്പുതന്നെ രാമകഥ ജനപദങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നുവെന്ന് സാരം. വാല്മീകി രാമായണത്തിന്റെ ദാക്ഷിണാത്യ പാഠവും, ഗൗഡീയപാഠവും, പശ്ചിമോത്തരീയ പാഠവും രാമായണത്തിന്റെ ഭിന്ന വായനകളുടെ ഉത്തമോദാഹരണങ്ങളാണ്.
അധ്യാത്മ രാമായണം കിളിപ്പാട്ടിൽ എഴുത്തച്ഛൻ ഇങ്ങനെ കുറിക്കുന്നു:
‘‘രാമായണങ്ങൾ പലതും കവിവര-
രാമോദമോടെ പറഞ്ഞുകേൾപ്പുണ്ട് ഞാൻ’’
കാനനവാസത്തിന് പോകുന്ന രാമൻ ഒപ്പംകൂട്ടാൻ മടിക്കുമ്പോൾ സീത പറയുന്ന വാക്കുകളാണിത്. താൻ മുമ്പ് കേട്ടിട്ടുള്ള രാമായണങ്ങളിൽ സീതയെ കൂടാതെ രാമൻ കാനനവാസത്തിന് പോയിട്ടില്ല എന്നാണ് സീത സമർഥിക്കുന്നത്. ഇവിടെയും ‘‘കേൾപ്പുണ്ട്’’ എന്നാണ് സീത പ്രസ്താവിക്കുന്നത്. ഇതെല്ലാം നിരവധിയായ രാമായണങ്ങൾ പ്രചരിച്ചിരുന്നു എന്നും, അത്തരം കഥകൾ ജനങ്ങൾക്കിടയിൽ പാടി പ്രചരിക്കപ്പെട്ടിരുന്നുവെന്നും സ്‌പഷ്‌ടമാക്കുന്നു.
ഇങ്ങനെ നോക്കുമ്പോൾ നൂറ്റാണ്ടുകൾ പാടി പ്രചരിപ്പിക്കപ്പെട്ടിരുന്ന രാമായണകഥ പിൽക്കാലത്ത് എഴുതപ്പെടുകയാണുണ്ടായതെന്ന് കാണാം. എഴുതപ്പെട്ടപ്പോൾ തന്നെ വാല്മീകി രാമായണത്തിനുപോലും ഭിന്ന പാഠങ്ങൾ സൃഷ്ടിക്കപ്പെട്ടത് അതിന്റെ വ്യത്യസ്തമായ കേൾവിയുടെയും വായനയുടെയും മനസ്സിലാക്കലിന്റെയും ചരിത്രത്തെയാണ് തുറന്നിടുന്നത്. നാരദൻ വാല്മീകിക്ക് ഉപദേശിക്കുന്ന രാമായണത്തിന് എല്ലാ തുറകളിലുമുള്ള മനുഷ്യർ കേൾവിക്കാരായിരുന്നില്ല, വായനക്കാരുമായിരുന്നില്ല.
ഈ കാവ്യം പാരായണം ചെയ്യുന്ന ദ്വിജൻ വാഗധീശ്വരനും, ക്ഷത്രിയൻ ഭൂമിപതിയും, വണിക്കുകൾ പുണ്യഫലവും, ശൂദ്രർ മഹത്ത്വവും പ്രാപിക്കുമെന്ന് (ബാലകാണ്ഡം, 1.100) പറയുന്നതിലൂടെ ചാതുർവർണ്യത്തിലുൾപ്പെട്ടവരെയാണ് നാരദൻ ചൊല്ലിയ രാമായണം ലക്ഷ്യമാക്കുന്നതെന്ന് സ്പഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.