Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightകബന്ധൻ എന്ന പ്രതീകം

കബന്ധൻ എന്ന പ്രതീകം

text_fields
bookmark_border
കബന്ധൻ എന്ന പ്രതീകം
cancel
Listen to this Article

സീതയെ അന്വേഷിച്ച് കാട്ടിലൂടെ അലയുന്ന രാമലക്ഷ്മണന്മാർ ഭയാനകമായൊരു കാഴ്ച കണ്ടു. കണ്ണുകളും കാലുകളൊന്നുമില്ലാത്ത, സ്വന്തം വയറിൽ മുഖവും നീളംകൂടിയ കൈകളുമുള്ള ഭീകരസത്വം. രാമലക്ഷ്മണന്മാർ ആ രൂപത്തിെൻറ കൈകൾ മുറിച്ചുകളഞ്ഞു. ഭയപ്പെട്ട ആ രൂപം അവരാരെന്ന് തിരക്കിയപ്പോൾ, തങ്ങൾ രാമനും ലക്ഷ്മണനുമാണെന്ന് പരിചയപ്പെടുത്തി. അപ്പോളാണ് കബന്ധനെന്ന ആ സത്വം സ്വന്തം കഥ പറയുന്നത്.

ശ്രീ എന്ന ഗന്ധർവരാജന്റെ ദനു (വിശ്വാവസു) എന്ന പുത്രനായ താൻ തപസ്സ് ചെയ്ത് ബ്രഹ്മാവിൽനിന്ന് അമരത്വത്തിനുള്ള വരം നേടിയതും ഒരിക്കൽ ഇന്ദ്രനുമായി നടന്ന യുദ്ധത്തിൽ വജ്രപ്രഹരമേറ്റ് തലയും തുടകളും ശരീരത്തിനകത്ത് കയറിപ്പോയതും ആഹാരം കഴിക്കുന്നതിന് ഇന്ദ്രൻ മൂന്നു യോജന നീളമുള്ള കൈകളും വയറ്റിൽ വായും സൃഷ്ടിച്ചുകൊടുത്തതും ലക്ഷ്മണസമേതനായ ശ്രീരാമൻവന്ന് കൈകൾ വെട്ടുമ്പോൾ സ്വദേഹമെടുത്ത് സ്വർഗത്തിൽ വന്നുചേരാമെന്ന് അറിയിച്ചതും എല്ലാം വെളിപ്പെടുത്തി.

മറ്റൊരിക്കൽ കാട്ടിൽ ഫലമൂലങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന സ്ഥൂലശിരസ്സ് എന്ന മുനിയെ തന്റെ രൂപംകാണിച്ച് ഭയപ്പെടുത്തിയപ്പോൾ, ക്രൂരവും നിന്ദ്യവുമായ തന്റെ ശരീരം എന്നെന്നും നിലനിൽക്കട്ടെയെന്ന് ശപിച്ചു. ഇത്രയും പറഞ്ഞ് മൃതിയടഞ്ഞ കബന്ധന്റെ ശരീരം രാമലക്ഷ്മണന്മാർ ദഹിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് പഴയ രൂപം കിട്ടി. സീതാന്വേഷണത്തിന് സുഗ്രീവന്റെ സമീപത്തേക്ക് ചെല്ലണമെന്ന് ഉപദേശിച്ച് അദ്ദേഹം സ്വർഗലോകത്തേക്ക് മടങ്ങി.

നീണ്ട കൈകളും തല വയറ്റിലാക്കിയ ഉടലുമുള്ള കബന്ധൻ വലിയൊരു പ്രതീകമാണ്. ഇന്ദ്രിയഭോഗപരതയുടെ പ്രതിനിധിയായ ഇന്ദ്രൻ വജ്രായുധംകൊണ്ട് പ്രഹരിച്ച് തല വയറ്റിലാക്കി എന്നതിന്റെ അർഥം വിചാരശേഷിയുൾപ്പെടെയുള്ള അനന്തസാധ്യതകളെ ഭോഗവിഷയങ്ങൾ ആഹരിക്കുന്ന തലത്തിലേക്ക് ചുരുക്കിക്കളഞ്ഞു എന്നതാണ്.

എല്ലാത്തിനെയും പിടിച്ചെടുത്ത് തിന്നുന്നതിനാണ് ആ നീണ്ട കൈകൾ. യാഥാർഥ്യങ്ങളെ കാണാതെ, മറ്റാരെയും കേൾക്കാതെ, അറിയേണ്ടതൊന്നും അറിയാതെ കടന്നുപോകുന്ന കണ്ണും കാതും കരളുമില്ലാത്ത പാഴ്ജന്മം! രാമലക്ഷ്മണന്മാർ കൈകളറുത്തപ്പോൾ, ഉടലെരിച്ചപ്പോളാണ് സത്യാവലോകനം നടത്താൻ കഴിവുള്ള, ചേതോഹരമായ പഴയ ഗന്ധർവരൂപം കബന്ധന് വീണ്ടെടുക്കാനായത്.

സമകാലികലോകത്തെക്കുറിച്ച് ചിന്തിച്ചാൽ ഈ പ്രതീകം എത്ര സാർഥകമെന്ന് ബോധ്യപ്പെടും. പ്രകൃതിവിഭവങ്ങളെ വിവേചനരഹിതമായി പിടിച്ചുവലിച്ചെടുത്തുതിന്ന് തന്റെ അസംസ്കൃതവാസനകളെ, കാമനകളെ, ആസക്തികളെ തൃപ്തിപ്പെടുത്താൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ആധുനിക മനുഷ്യൻ. വിചാരങ്ങൾക്ക് മുകളിൽ വികാരങ്ങളെയും മനസ്സിന് മുകളിൽ ശരീരത്തെയും അവൻ പ്രതിഷ്ഠിച്ചു.

പരിധികളില്ലാത്തതും മൃഗീയവുമായ വിഷയഭോഗം കണ്ണും കാതും ഉൾപ്പെടെയുള്ള ഇന്ദ്രിയശേഷികളെ നശിപ്പിക്കുന്നു. ദേഹംപോലും ദാഹത്തിന്റെ നേർക്കാഴ്ചയാകുന്ന, ഉടൽവട്ടത്തിന്റെ ഉന്മാദങ്ങൾ നിലയില്ലാതെ കത്തിപ്പടരുന്ന പുതിയ കാലത്ത് ഉയിർവെട്ടത്തിലേക്കും ഉണ്മയിലേക്കും ഉയർന്നാളുന്നതിനുള്ള ഊർജം ജീവിതാനുഭവങ്ങളുടെ സമഗ്രതയിൽനിന്ന് സ്വായത്തമാക്കേണ്ടുന്ന നരവംശത്തിന്റെ മുഴുവൻ ബാധ്യതയെയാണ് കബന്ധചരിതത്തിലൂടെ ആദികവി വരച്ചുകാണിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakamRamayana
News Summary - Kabandhan symbol
Next Story