രഘുരാമനും ഭൃഗുരാമനും
text_fieldsസീതാസ്വയംവരം കഴിഞ്ഞ് അയോധ്യയിലേക്ക് മടങ്ങുന്ന വഴി പല ദുർനിമിത്തങ്ങളും കാണാൻ തുടങ്ങി. കർണകഠോരമായി കൂവുന്ന പക്ഷികൾ, വലംവെക്കുന്ന ഹിംസ്രജന്തുക്കൾ... പൊടുന്നനെ പ്രകൃതിയുടെ ഭാവമാകെ മാറി. കൊടുങ്കാറ്റടിച്ചു. ഭൂമി കുലുങ്ങി. ദിക്കുകൾ ഇരുളിലാണ്ടു. ഏതോ അനിഷ്ടസംഭവത്തിന് അരങ്ങൊരുങ്ങുന്നതുപോലെ ദശരഥന് തോന്നി.
വസിഷ്ഠാദികളോട് തന്റെ ആശങ്ക പങ്കുവെച്ചപ്പോൾ അവർ അദ്ദേഹത്തെ സമാശ്വസിപ്പിക്കുകയാണുണ്ടായത്. ചുമലിൽ ചായ്ച്ചുവെച്ച പരശുവും കൈയിൽ വില്ലും ശരങ്ങളും തീപാറുന്ന നോട്ടവുമായി മിന്നൽവെളിച്ചംപോലെ അവിടെ പരശുരാമൻ പ്രത്യക്ഷപ്പെട്ടു. അനേകം തവണ ഭൂപ്രദക്ഷിണം നടത്തി ക്ഷത്രിയകുലത്തെ മുച്ചൂടും മുടിച്ച അദ്ദേഹത്തെക്കണ്ട് എല്ലാവരും ഭയപ്പെട്ടു. ''ഞാനൊഴിഞ്ഞുണ്ടോ രാമൻ ഇത്രിഭുവനത്തിങ്കൽ'' എന്ന് ചോദിച്ചാണ് അദ്ദേഹം ശ്രീരാമനോട് തട്ടിക്കയറിയത്.
തന്റെ പേരും പെരുമയും വീരശൂരപരാക്രമങ്ങളുമെല്ലാം അദ്ദേഹം വിസ്തരിച്ചു. ശൈവചാപമൊടിച്ചു വരുന്ന രാമൻ ക്ഷത്രിയകുലത്തിൽ ജനിച്ചവനാണെങ്കിൽ തന്റെ കൈവശമുള്ള വൈഷ്ണവചാപം പ്രയോഗിച്ചു കാണിച്ച് തന്നോട് യുദ്ധം ചെയ്യണമെന്നും അല്ലെങ്കിൽ കൂടെയുള്ളവരെയെല്ലാം കൊന്നൊടുക്കുമെന്നും പരശുരാമൻ ആേക്രാശിച്ചു. 'അങ്ങയെപ്പോലുള്ള മഹാനുഭാവന്മാർ തന്നെപ്പോലുള്ള ബാലന്മാരോട് ഇങ്ങനെ തുടങ്ങിയാൽ അവർക്ക് മറ്റാശ്രയമെന്താണുള്ളത്...
എന്നിങ്ങനെ സൗമ്യമന്ദഹാസത്തോടെയാണ് ശ്രീരാമൻ അതിന് മറുപടി നൽകിയത്. തുടർന്ന് പരശുരാമനിൽനിന്ന് വൈഷ്ണവചാപം വാങ്ങി അതിൽ ബാണം തൊടുത്തശേഷം ലക്ഷ്യം കാണിച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ തന്റെ തപസ്സിന്റെ ഫലം ബാണത്തിന്റെ ലക്ഷ്യമാക്കിക്കൊള്ളാൻ ഗത്യന്തരമില്ലാതെ പരശുരാമൻ പ്രതിവചിച്ചു. ഒടുവിൽ കുലച്ച വില്ലിനും തൊടുത്ത ബാണത്തിനും പുറമെ തന്റെ വൈഷ്ണവമായ തേജസ്സും ഓജസ്സുമെല്ലാം ശ്രീരാമന് സമർപ്പിച്ച് ഭൃഗുരാമൻ മഹേന്ദ്രപർവതത്തിലേക്ക് തപസ്സിനുപോകുകയാണുണ്ടായത്.
ഒരേ അംശമുള്ള രണ്ട് വ്യക്തിത്വങ്ങളാണ് ഇവിടെ മുഖാമുഖം വന്നുനിന്നത്. അതിലൊരാൾ ക്ഷാത്രതേജസ്സിന്റെ കൂമ്പാണെങ്കിൽ മറ്റെയാൾ ബ്രഹ്മതേജസ്സിന്റെ കാമ്പാണ്. തന്റെ ഗുരുവായ ശ്രീപരമേശ്വരന്റെ ത്രയംബകചാപം ഒടിച്ചതിലുള്ള അമർഷമാണ് പരശുരാമൻ അവിടെ പ്രകടിപ്പിച്ചത്.
തന്റെ പ്രാപ്തിയിലും മികവിലും അഭിമാനവും അഹങ്കാരവും ആത്മവിശ്വാസവുമുള്ള അദ്ദേഹം, പ്രായവും അറിവും അനുഭവവുംകൊണ്ട് ശ്രീരാമന് മുകളിലാണ്. ആദർശധീരതയും ത്യാഗവും സഹിഷ്ണുതയും വിനയാദിഗുണങ്ങളും ചേർന്ന വ്യക്തിവൈശിഷ്ട്യമാണ് ശ്രീരാമൻ. എന്നാൽ സ്വായത്തമാക്കിയ അറിവിന്റെ സ്വരൂപം, സ്വഭാവം, ഗുണനിലവാരം, പ്രയോഗം, ഉദ്ദേശ്യലക്ഷ്യങ്ങൾ എന്നിവക്കുപുറമെ അവയുടെ ആചരണത്തിലുള്ള അന്തരമാണ് ഒരേ അംശത്തിലുള്ള അവരെ വ്യത്യസ്തരാക്കുന്നത്.
ഇവിടെ നാം എന്തെല്ലാം നേടിയെടുത്തു എന്നതിലുപരി അവ എത്രത്തോളം ഉൾക്കൊണ്ടു, അത് സമയോചിതമായും കാര്യക്ഷമമായും ഫലപ്രദമായും എങ്ങനെ വിനിയോഗിക്കുന്നു, അത് നമുക്കും നമ്മുടെ ചുറ്റുപാടുകൾക്കും എത്രത്തോളം സൗഖ്യവും സ്വാസ്ഥ്യവും ക്ഷേമവും ഉറപ്പാക്കുന്നു എന്നതാണ് സുപ്രധാനമെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു.
ദേവതാസങ്കൽപങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും അടിസ്ഥാനത്തിലാണ് ശൈവ–വൈഷ്ണവിഭാഗങ്ങൾ തമ്മിൽ ഭിന്നതയും കലഹങ്ങളും നിലനിന്നിരുന്നത്. മേൽസാഹചര്യത്തിൽ അതിന്റെ വ്യർത്ഥതയും ദേവതാസങ്കൽപങ്ങളും ഈശ്വരതത്ത്വവും തമ്മിലുള്ള അനന്യതയും സന്തുലിതമായി സാക്ഷ്യപ്പെടുന്നതിൽ ബദ്ധശ്രദ്ധനായ ഇതിഹാസകവിയെ നമുക്കിവിടെ ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.