ആരാണ് വാല്മീകി?
text_fieldsവാല്മീകി ഒരു കാട്ടാളനായിരുന്നുവെന്നാണ് ഏറ്റവും പ്രചാരമുള്ള ആഖ്യാനം. കാട്ടാളനായ വാല്മീകി രാമായണം രചിച്ചതോടെ ദലിതനായ ഒരു മഹാകവി രാമായണ കഥ രചിച്ചു എന്ന വ്യാഖ്യാനവും സൃഷ്ടിക്കപ്പെട്ടു. തോട്ടിപ്പണി ചെയ്യുന്ന ഭാംഗി സമുദായക്കാർ വാല്മീകിയെ പൂജിക്കുന്നത് അദ്ദേഹത്തിന്റെ ദലിതത്വത്തിന് ഉപോദ്ബലകമായ തെളിവായും കരുതപ്പെട്ടുപോരുന്നുണ്ട്.
എന്നാൽ, വാല്മീകി രാമായണത്തിൽ വാല്മീകി സ്വയം പരിചയപ്പെടുത്തുന്നത് താൻ പ്രചേതസിന്റെ പത്താമത്തെ പുത്രനാണെന്നാണ് (പ്രചേതസോഹം ദശമഃ പുത്രോ രാഘവ നന്ദന ) എന്നാണ്. വാല്മീകിയെ കൊള്ളക്കാരനായും നിഷാദനായും അവതരിപ്പിക്കുന്ന കഥ വാല്മീകി രാമായണ കർത്താവിന് അജ്ഞാതമായിരുന്നു.
വാല്മീകി കൊള്ളക്കാരനായിരുന്നു എന്ന കഥയുടെ ആദ്യ അനുരണനം ശ്രവിക്കുന്നത് സ്കന്ദപുരാണത്തിൽ നിന്നുമാണ്. ഈ കഥയുടെ പ്രാചീനത്വത്തെ സംബന്ധിച്ചും പണ്ഡിതന്മാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൊള്ളക്കാരനായ വാല്മീകിയുടെ കഥ സംസ്കൃതത്തിൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലൂടെയാണ് പിന്നീട് കൂടുതൽ പ്രചരിപ്പിക്കപ്പെട്ടത്.
എങ്കിലും അധ്യാത്മ രാമായണത്തിലും വാല്മീകി ജന്മംകൊണ്ട് നിഷാദനാെണന്ന് പ്രസ്താവിക്കുന്നില്ല. എന്നു മാത്രമല്ല, ജന്മംകൊണ്ട് വാല്മീകി ഒരു ബ്രാഹ്മണനാണെന്നുള്ള പ്രസ്താവവും അധ്യാത്മ രാമായണത്തിൽ (അഹം പുരാ കിരാതേഷു കിരാതൈഃ സഹ വർധിതഃ/ജന്മമാത്ര ദ്വിജത്വം മേ ശൂദ്രാചാര രതഃ സദാ) ഉള്ളടങ്ങിയിട്ടുണ്ട്. ഇങ്ങനെ നോക്കിയാൽ വാല്മീകി രാമായണത്തിലും അധ്യാത്മ രാമായണത്തിലും പ്രത്യക്ഷപ്പെടുന്ന വാല്മീകി ഒരു ദ്വിജനാണെന്നാണ് വ്യക്തമാവുന്നത്.
വർണാശ്രമ ധർമ പദ്ധതികളും അതിന്റെ മേൽക്കീഴ് അസമത്വ വ്യവസ്ഥയും ത്രൈവർണിക മൂല്യ പാരമ്പര്യവും ബ്രാഹ്മണേതര സമുദായങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ സവിശേഷ ഘട്ടത്തിലാണ് വാല്മീകി ഒരു നിഷാദനാണെന്നും അദ്ദേഹം ഒരു കീഴാളനാണെന്നുമുള്ള പുരാണ പാഠങ്ങൾ നിർമിക്കപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.