രാമന്റെ താടകാ വധം
text_fieldsആയിരം ആനകളുടെ ബലമുള്ള യക്ഷിണിയാണ് താടകയെന്ന് വാല്മീകി രാമായണം പറയുന്നു. ഇഷ്ടംപോലെ രൂപം ധരിക്കാൻ കഴിവുള്ളവളാണ് താടകയെന്നും അവൾ സുന്ദന്റെ ഭാര്യയാണെന്നും പരാമർശമുണ്ട് (ബലം നാഗ സഹസ്രസ്യ ധാരയന്തി തദാഹ്യഭൂത് / താടകാ നാമ ഭദ്രം തേ ഭാര്യാ സുന്ദസ്യ ധീമത: , വാ .രാ. ബാലകാണ്ഡം, 24.26 ). താടക വസിക്കുന്ന മലദവും കരൂഷവും ജനസ്ഥാനങ്ങളായിരുന്നു.
ഇത് സരയൂനദിയുടെ തെക്കേ കരയിലാണെന്നാണ് ഡോ. എച്ച്.ഡി. സങ്കാലിയയുടെ നിരീക്ഷണം. അഗസ്ത്യന്റെ ശാപം നിമിത്തമാണ് യക്ഷിണിയായ താടക രാക്ഷസിയായി മാറിത്തീർന്നത്. വിശ്വാമിത്രന്റെ യാഗരക്ഷക്കായി പോകുന്ന വേളയിൽ ഘോരവനം ദർശിച്ച് അതിന്റെ വിശദാംശങ്ങൾ രാമൻ അന്വേഷിച്ച വേളയിലാണ് താടകാ ചരിതം വിശ്വാമിത്രൻ അറിയിച്ചത്.
ജനസ്ഥാനത്ത് വസിക്കുന്ന താടകയെ വധിക്കാനാണ് വിശ്വാമിത്രൻ രാമനോട് ആവശ്യപ്പെടുന്നത്. വാല്മീകി രാമായണത്തിൽ നിരവധി സ്ഥലങ്ങളിൽ രാക്ഷസർ ജനസ്ഥാന നിവാസികളാണെന്ന സൂചന കാണാം. ആ നിലക്ക് നോക്കിയാൽ വിശ്വാമിത്രന്റെ പ്രയാണം താടകയെ വധിച്ച് ജനസ്ഥാനം കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം.
പശുവിന്റെയും ബ്രാഹ്മണന്റെയും ഹിതം പരിപാലിക്കുന്നതിനായി താടകയെ വധിക്കാനാണ് വിശ്വാമിത്രൻ രാമനോട് കൽപിക്കുന്നത് (ഗോബ്രാഹ്മണ ഹിതാർഥായ ജഹി ദുഷ്ട പരാക്രമാം, ബാലകാണ്ഡം, 25.15). സ്ത്രീകളെ വധിക്കാമോ എന്ന ശങ്കക്ക് അടിസ്ഥാനമില്ലെന്നും ചാതുർവർണ്യത്തിന്റെ പാലനത്തിന് താടകയെ വധിക്കുക എന്നത് രാജപുത്രനായ രാമന്റെ കർത്തവ്യമാണെന്നും വിശ്വാമിത്രൻ ഉൽബോധിപ്പിക്കുന്നു (നഹി തേ സ്ത്രീ വധകൃതേ ....). രാക്ഷസന്മാരെ സംബന്ധിച്ചിടത്തോളം ആര്യന്മാരുടെ പുതിയ ആയുധമായ അമ്പിനും വില്ലിനും എതിരായ പോരാട്ടമാണിത് എന്ന് സങ്കാലിയ രാക്ഷസവധത്തിന്റെ സാമൂഹ്യ പശ്ചാത്തലം വിശദീകരിക്കുന്നുണ്ട്.
താടകയെ രാമൻ വധിച്ച പ്രവൃത്തിയെ ലവകുശന്മാരിലൂടെ ഏഴാം നൂറ്റാണ്ടിൽ (CE) തന്നെ സംസ്കൃത മഹാകവി ഭവഭൂതി ഉത്തരരാമചരിതത്തിൽ ചോദ്യം ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.