അയോനിജ
text_fieldsപുരാണങ്ങളുടെ രചനാകാലത്തോടുകൂടി അവതാര വാദം ശക്തമാക്കുകയുണ്ടായി. രാമനെ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന രീതി ശക്തിപ്രാപിച്ചത് പിൽക്കാലത്താണ്. ഇതുപോലെതന്നെ സീതയെ മഹാലക്ഷ്മിയുടെ അവതാരമായി ഗണിക്കുന്ന പതിവും ഉണ്ടായിവന്നു. എന്നാൽ, ഇത്തരം ദിവ്യപരിവേഷങ്ങൾ ഒന്നുമില്ലാത്ത സീതയെയാണ് വാല്മീകി അവതരിപ്പിക്കുന്നത്. താൻ കലപ്പകൊണ്ട് ഭൂമി ഉഴുതപ്പോൾ ലഭിച്ചതാണ് സീതയെ എന്ന് ജനകൻ പ്രസ്താവിക്കുന്നുണ്ട്- ‘‘ക്ഷേത്രം ശോധയതാ ലബ്ധാ നാമ്നാ സീതേതി വിശ്രുതാ/ഭൂതലാദുത്ഥിതാ സാ തു വ്യവർധത മമാത്മജ’’ (വാ.രാ. ബാലകാണ്ഡം, 66. 14). സീതയെ അയോനിജ എന്നാണ് വാല്മീകി വർണിക്കുന്നത്. കൃത്യമായ ഉൽപത്തിസ്ഥാനം വാല്മീകിയുടെ സീതക്കില്ല.
സീതയുടെ മാതാപിതാക്കൾ ആരാണെന്ന് വാല്മീകി വെളിപ്പെടുത്തുന്നുമില്ല. മഹത്തുക്കളുടെ ഉൽപത്തിസ്ഥാനം അന്വേഷിക്കേണ്ടതില്ല എന്ന് സംസ്കൃത പാരമ്പര്യം വിലക്കിയതിനു പിന്നിലും ചില കാരണങ്ങളുണ്ടാവാം. സീതയുടെ ഉൽപത്തിസ്ഥാനത്തെപ്പറ്റിയുള്ള ചിന്തകളാവാം സീത മഹാലക്ഷ്മിയുടെ അവതാരമാണെന്ന കഥയിലൂടെ പുരാണ കർത്താക്കൾ പൂരിപ്പിക്കാൻ ശ്രമിച്ചത്. ഭൂതലത്തിൽനിന്നും ഉയർന്നുവന്നവളാണ് സീത (ഭൂതലാ തുത്ഥിതാം) എന്നു പറയുന്നതിലൂടെ അവളുടെ ജനനസ്ഥാനത്തെ സംബന്ധിച്ച ഉൽപത്തി അജ്ഞാതമാണെന്നു മാത്രമേ വാല്മീകി വ്യക്തമാക്കുന്നുള്ളൂ. ഏറ്റവും പരിത്യക്തയായി പിൽക്കാലത്ത് സീത ഉപേക്ഷിക്കപ്പെടുന്നതിന് കാരണം സീതയുടെ ഈ ഭൂമിപുത്രിത്വമാവാം. ജനകനാൽ വളർത്തപ്പെട്ട സീത, ജനകാത്മജയായി മാറിയപ്പോഴും ഉൽപത്തിസ്ഥാനത്തിന്റെ അജ്ഞാതത്വം നിമിത്തം വാല്മീകി അവളെ അയോനിജയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.