പരശുരാമൻ
text_fieldsസീതാസ്വയംവരശേഷം അയോധ്യയിലേക്കുള്ള യാത്രാമധ്യേയാണ് ശ്രീരാമനും പരശുരാമനും തമ്മിൽ കാണുന്നത്. പരശുരാമനെക്കണ്ട് ക്ഷാത്രകുലം മുടിച്ച ജാമദഗ്നി എന്തിനാണ് വീണ്ടും വന്നിരിക്കുന്നതെന്ന് ദശരഥൻ വ്യാകുലനായി. രാമൻ അവതാരസ്വരൂപമാണോ എന്ന് പരീക്ഷിക്കുന്നതിനാണ് പരശുരാമൻ എത്തിയതെന്ന് പിൽക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടതെങ്കിലും, ശൈവ ധനുസ്സ് രാമൻ ഭഞ്ജിച്ചു എന്നറിഞ്ഞാണ് പരശുരാമൻ രാമസവിധം എത്തിയതെന്ന് വാല്മീകി രാമായണം വർണിക്കുന്നു (ശ്രുത്വാ തു ധനുഷോ ഭേദം തതോഹം ധ്രുതമാഗത: , വാ . രാ . ബാലകാണ്ഡം, 75. 26). രാമനെ പരീക്ഷിക്കാനായി വൈഷ്ണവ ചാപം കുലയ്ക്കാൻ പരശുരാമൻ ആവശ്യപ്പെട്ടു. രാമൻ വില്ല് കുലയ്ക്കില്ല എന്നാണ് പരശുരാമൻ കരുതിയത്.
എന്നാൽ, രാമൻ വൈഷ്ണവ ചാപം കുലച്ചു. അതോടെ രാമന്റെ മുന്നിൽ പരശുരാമൻ നിസ്തേജനായി ( തേജോ ഭിർ ഗത വീര്യത്വാ ജ്ജാമദഗ്ന്യോ ജഡീകൃത: , വാ.രാ. ബാലകാണ്ഡം, 76. 11 ). ക്ഷത്രിയ- ബ്രാഹ്മണ വൈരത്തിന്റെയും സംഘർഷങ്ങളുടെയും ചരിത്രം പരശുരാമന്റെ ക്ഷത്രിയ വംശ വിനാശ കഥയിൽനിന്ന് വായിച്ചെടുക്കാവുന്നതാണ്.
ക്ഷത്രിയരെ കൊന്നൊടുക്കിയശേഷം യജ്ഞാവസാനത്തിൽ താൻ കശ്യപ മഹർഷിക്ക് ഭൂമി മുഴുവൻ ദക്ഷിണയായി നൽകിയതായും പരശുരാമൻ പ്രസ്താവിക്കുന്നുണ്ട് (പൃഥ്വീം ചാഖിലാം പ്രാപ്യ കശ്യപായ മഹാത്മനേ / യജ്ഞസ്യാന്തേദദം രാമ ദക്ഷിണാം പുണ്യ കർമണേ, വാ.രാ. ബാലകാണ്ഡം, 75. 25). എന്നാൽ, മഹേന്ദ്ര പർവതത്തിലേക്കുപോകുന്ന രാമൻ മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ചതിനെ കുറിച്ചോ, കേരളം ബ്രാഹ്മണർക്ക് ദാനം നൽകിയതിനെക്കുറിച്ചോ വാല്മീകി രാമായണം ഒന്നും പരാമർശിക്കുന്നില്ല. ‘‘പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളം’’ എന്ന മിത്ത് അധികാര സാധൂകരണത്തിനായി വളരെ പിൽക്കാലത്ത് രചിക്കപ്പെട്ടതാണെന്ന് ഇതിലൂടെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.