മന്ഥര പറഞ്ഞത്?
text_fieldsരാമായണകഥകളിൽ പലതിലും മന്ഥരയെ ഒരു ദുഷ്ടയായാണ് അവതരിപ്പിക്കുന്നത്. മന്ഥര കൈകേയിയുടെ കൂടെ വന്ന ജ്ഞാതി ദാസി (വാ.രാ. അയോധ്യാകാണ്ഡം, 7.1) ആണെന്ന് വാല്മീകി പ്രസ്താവിക്കുന്നു. മന്ഥര കൗസല്യയെ വിശേഷിപ്പിക്കുന്നത് പണക്കൊതിയുള്ള രാമമാതാവ് എന്നാണ് (...ഹർഷേണാർഥ പരാ സതീ/രാമ മാതാ..., അയോധ്യാകാണ്ഡം, 7.8). രാമാഭിഷേകത്തെപ്പറ്റി അറിഞ്ഞ മന്ഥര കൈകേയിയോട് കയർക്കുന്നു. രാമൻ ഗുണവാനും ധർമജ്ഞനും ഒക്കെയാണെന്ന് കൈകേയി പറയുമ്പോൾ ഇളയവരായ രാമനും ലക്ഷ്മണനും മുറപ്രകാരം രാജ്യത്തിനുള്ള അവകാശം ഭരതന് താഴെയാണെന്ന് മന്ഥര ഓർമിപ്പിക്കുന്നു (പ്രത്യാസന്ന ക്രമേണാപി ഭരതസ്യൈവ ഭാമിനി/രാജ്യ ക്രമോ വിസൃഷ്ടസ്തു തയോസ്താ വദ്യവീയസോഃ, അയോധ്യാകാണ്ഡം, 7.7). ജ്യേഷ്ഠപുത്രനാണ് രാജ്യം ഭരിക്കേണ്ടതെന്നും അതുകൊണ്ട് മൂത്ത പുത്രനായ ഭരതനാണ് രാജാവാകേണ്ടതെന്നും മന്ഥര വാദിക്കുന്നു (തസ്മാദ് ജ്യേഷ്ഠേ ഹി കൈകേയി രാജ്യതന്ത്രാണി പാർഥിവാഃ, അയോധ്യാകാണ്ഡം, 8.24). മന്ഥരയുടെ വാക്കുകൾ കൈകേയിക്ക് ബോധ്യപ്പെട്ടു. തുടർന്ന് അതിനുള്ള ഉപായം അന്വേഷിക്കുമ്പോഴാണ് പഴയൊരു വരത്തിന്റെ കാര്യം മന്ഥര കൈകേയിയെ ഓർമിപ്പിച്ചത്. കൈകേയി ദശരഥന്റെ ചക്രം ഊരിത്തെറിക്കാതെ തന്റെ വിരൽ ആണിയാക്കി മാറ്റി എന്ന കഥ വിഖ്യാതമാണെങ്കിലും അക്കാര്യമല്ല വാല്മീകി പങ്കുവെക്കുന്നത്. ദശരഥൻ അസുരന്മാരുമായി മഹായുദ്ധം ചെയ്യുമ്പോൾ തുരുതുരെ വന്ന അമ്പുകളേറ്റ് സർവാംഗവും മുറിഞ്ഞുവീണു. വ്രണിതനായ ദശരഥനെ യുദ്ധക്കളത്തിൽനിന്ന് എടുത്തുകൊണ്ടുപോയി ശുശ്രൂഷിച്ചത് കൈകേയിയാണ്. കൈകേയിയുടെ ശുശ്രൂഷയിൽ പ്രീതനായ ദശരഥൻ രണ്ടു വരം അവർക്ക് നൽകി. ആ വരമാണ് ഭരതാഭിഷേകത്തിനും രാമന്റെ 14 കൊല്ലത്തെ വനവാസത്തിനുമായി കൈകേയി ആവശ്യപ്പെടുന്നത്. രാമനെ കാട്ടിലേക്കയച്ച് അസുരനിഗ്രഹം നടത്തുക എന്ന ലക്ഷ്യം മുൻനിർത്തി സരസ്വതീദേവി മന്ഥരയുടെ നാവിൽ പ്രവർത്തിച്ചതായി അധ്യാത്മരാമായണവും ആനന്ദരാമായണവും രാമചരിതമാനസവുമൊക്കെ വർണിക്കുന്നുണ്ടെങ്കിലും വാല്മീകി ഇത്തരമൊരു ആഖ്യാനം പിന്തുടരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.