ബാലിയെ വധിച്ച വർണധർമം
text_fieldsസുഗ്രീവന് വേണ്ടിയാണ് രാമൻ ബാലിയെ വധിച്ചതെന്ന് പ്രത്യക്ഷമായി കരുതാൻ ന്യായമുണ്ട്. രാമായണ കഥയുടെ ആഖ്യാന വിശേഷം അത് രഞ്ജിപ്പിക്കുന്നുമുണ്ട്. ‘‘അങ്ങയോട് യുദ്ധം ചെയ്യാത്തവനായ എന്നെ വധിച്ചിട്ട് എന്തു മേന്മയാണ് രാമൻ നേടിയത്’’ എന്ന് രാമബാണമേറ്റ ബാലി ചോദിക്കുന്നുണ്ട് (വാ.രാ. കിഷ്കിന്ധാ കാണ്ഡം, 17. 16). വനത്തിൽ കഴിയുന്നവനായ തന്നെ സുഗ്രീവനുമായി വീറോടെ പൊരുതിക്കൊണ്ടിരിക്കുമ്പോൾ രാമൻ ബാണമയക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് ബാലി പറയുന്നു. നേരിൽനിന്ന് യുദ്ധത്തിൽ പൊരുതിയിരുന്നുവെങ്കിൽ രാമൻ യമലോകം പ്രാപിക്കുമായിരുന്നുവെന്നും ഉറങ്ങിക്കിടക്കുന്ന ഒരുവനെ പാമ്പ് കൊത്തി കൊല്ലുന്നതുപോലെയാണ് തന്നെ വധിച്ചതെന്നും വാല്മീകിയുടെ ബാലി അവകാശപ്പെടുന്നു. സുഗ്രീവ പ്രീതിക്കായാണ് തന്നെ വധിച്ചതെങ്കിൽ, സുഗ്രീവനെക്കൊണ്ട് സാധിക്കേണ്ട കാര്യം (സീതാമോചനം) താൻ സാധിക്കുമായിരുന്നു എന്നും ബാലി ഉദ്ഘോഷിച്ചു.
രാമനെ നിശിതമായി വിമർശിക്കുന്ന ബാലിയെയാണ് ഇവിടെ നാം സന്ധിക്കുന്നത്.
എന്നാൽ, ബാലിയുടെ ചോദ്യങ്ങൾക്ക് രാമൻ നൽകിയ മറുപടി ശ്രദ്ധേയമാണ്. മലകളും കാടുകളും നിറഞ്ഞ ഈ ഭൂമി ഇക്ഷ്വാകു രാജാക്കന്മാരുടേതാണെന്നും അതിൽ വസിക്കുന്ന ജീവിവർഗങ്ങളെയെല്ലാം നിഗ്രഹിക്കാനും അനുഗ്രഹിക്കാനും ഇക്ഷ്വാകു രാജാക്കന്മാർക്ക് അധികാരമുണ്ടെന്നുമാണ് രാമന്റെ മറുപടി (വാ.രാ. കിഷ്കിന്ധാ കാണ്ഡം, 18. 16). സുഗ്രീവൻ ജീവനോടെയിരിക്കുമ്പോൾ സുഗ്രീവ പത്നിയെ സ്പർശിച്ചു എന്ന കുറ്റമാണ് രാമൻ ബാലിയിൽ ആരോപിക്കുന്നത്. പറ്റ വേഴ്ചാ സമ്പ്രദായങ്ങളിൽനിന്ന് വർണധർമ കേന്ദ്രിതമായ കുടുംബ ജീവിത ക്രമത്തിലേക്ക് സമൂഹം പരിവർത്തിക്കുന്നതിന്റെ ന്യായ യുക്തിയായി ബാലിവധം മാറുന്നുണ്ട്. ഇന്ത്യയിൽ വിവാഹ കുടുംബ സമ്പ്രദായങ്ങളിൽ വ്യത്യസ്ത രീതികളാണ് നിലനിന്നിരുന്നത്. വ്യാസന്റെ നിയോഗത്തിലൂടെ കൗരവ വംശം നിലനിന്നത് ഇവിടെ ഓർക്കാവുന്നതാണ്. എന്നാൽ, മനുവിന്റെ ധർമശാസനമനുസരിച്ചാണ് താൻ ബാലിയെ വധിച്ചതെന്ന് രാമൻ വിശദീകരിക്കുന്നു - ‘‘ശ്രൂയതേ മനുനാ ഗീതൌ ശ്ലോകൗ ചാരിത്ര വത്സലൌ’’ (വാ.രാ. കിഷ്കിന്ധാ കാണ്ഡം, 18.30).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.