ശംബൂക വധം
text_fieldsതന്റെ മകൻ അകാലമൃതി പൂകാനിടയായത് രാമൻ ചെയ്ത എന്തോ ദുഷ്കൃത്യം നിമിത്തമാണെന്ന് വിലപിച്ചുകൊണ്ട് ഒരു ബ്രാഹ്മണൻ അയോധ്യാ രാജധാനിയിലെത്തി. മരണത്തിന്റെ കാരണമാരായാൻ രാമൻ വസിഷ്ഠാദി ബ്രാഹ്മണരെ ഉടൻ തന്നെ വിളിച്ചുവരുത്തി. ഹീനവർണത്തിൽപെട്ട ശൂദ്രർക്ക് തപസ്സ് ചെയ്യാൻ അധികാരമില്ലെന്നും (..ന ശൂദ്രോ ലഭതേ ധർമം യുഗസ്തു നരർഷഭ / ഹീനവർണോ നൃപശ്രേഷ്ഠ തപ്യതേ സുമഹത്തപ:/ ..., വാ.രാ. ഉത്തര കാണ്ഡം, 74. 26 - 29), ഏതോ ശൂദ്രൻ രാമരാജ്യത്തിൽ ഈ വിധി തെറ്റിച്ചു തപസ്സ് ചെയ്യുക നിമിത്തമാണ് ബ്രാഹ്മണ ബാലൻ മരിക്കാനിടയായത് എന്നും വസിഷ്ഠാദികൾ അറിയിച്ചു.
ഇതുകേട്ട മാത്രയിൽ രാമൻ ആ ശൂദ്രനെ തേടി പുറപ്പെട്ടു. ഹിമവൽപർവതത്തിന്റെ അതിരിലുള്ള സരസ്സിന്റെ തീരത്ത് വൃക്ഷത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് തപസ്സുചെയ്യുന്ന ശൂദ്രനെ രാമൻ കണ്ടു. ശൂദ്രനോട് "താങ്കൾ ഏതു യോനിയിലാണ് പിറന്നത്" എന്ന് രാമൻ ചോദിച്ചു (കസ്യാം യോന്യം തപോവൃദ്ധ വർതസേ ദൃഢവിക്രമ... വാ.രാ. ഉത്തര കാണ്ഡം, 75. 16 ). ഒരു വ്യക്തിയുടെ പേര്, നാട്, ജോലി തുടങ്ങിയ മൂന്നു കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതിയെന്നും, അയാൾ ഏതു ജാതിയിൽ പിറന്നവനാണെന്ന് അന്വേഷിക്കേണ്ടതില്ലെന്നുമാണ് ജാതിലക്ഷണത്തിൽ നാരായണ ഗുരു ഉദ്ഘോഷിച്ചത് എന്ന് ഇവിടെ പ്രത്യേകം ഓർക്കേണ്ടതാണ്. താൻ ശൂദ്രനാണെന്ന് ശംബൂകൻ മറുപടി പറഞ്ഞ ഉടനെ തന്നെ രാമൻ ശംബൂകന്റെ തല വെട്ടിപ്പിളർന്നു ( ഭാഷതസ്തസ്യ ശൂദ്രസ്യ ഖഡ്ഗം സുരുചിര പ്രഭം / നിഷ്കൃഷ്യ കോശാദ് വിമലം ശിരശ്ചിച്ഛേദ രാഘവ: , വാ.രാ. ഉത്തര കാണ്ഡം, 76. 4) . ഉടനെ ഇന്ദ്രൻ , അഗ്നി തുടങ്ങിയ ദേവതകൾ "നല്ലത് നല്ലത് " എന്ന് രാമനെ പുകഴ്ത്തി ( വാ.രാ. ഉത്തര കാണ്ഡം, 76. 5) . രാമാദികളുടെ കാലത്തായിരുന്നുവെങ്കിൽ തനിക്ക് ശംബൂകന്റെ ഗതിയാകുമായിരുന്നു എന്ന നാരായണ ഗുരുവിന്റെ നിശിത വിമർശനം ബ്രാഹ്മണ്യ ഹിംസയെ അഗാധമായി തിരിച്ചറിഞ്ഞതിൽ നിന്ന് ഉളവായതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.