കാലം പരിഷ്കരിച്ച സീത
text_fieldsപട്ടാഭിഷേകത്തിനുശേഷം അയോധ്യ ഭരിച്ചുവരവെ ഒരിക്കൽ രാമൻ തന്നെപ്പറ്റിയും സഹോദരങ്ങളെപ്പറ്റിയുമുള്ള പൗരജനങ്ങളുടെ അഭിപ്രായം, രാജസഭയിൽ കഥകൾ പറയുന്ന ഭദ്രനോട് ആരാഞ്ഞു. രാവണൻ അപഹരിച്ചുകൊണ്ടുപോയ സീതയോടുകൂടി രാമന് എങ്ങനെ സംഭോഗസുഖം ഉണ്ടാകുന്നുവെന്നും രാക്ഷസന് അധീനയായിത്തീർന്നവളോടൊപ്പം രാമൻ എങ്ങനെ വസിക്കുന്നുവെന്നും ജനങ്ങൾ ചോദിക്കുന്നുണ്ടെന്ന് ഭദ്രൻ അറിയിച്ചു (കീദൃശം ഹൃദയേ തസ്യ സീതാ സംഭോഗജം സുഖം/അങ്കമാരോപ്യ തു പുരാ രാവണേന ബലാദ് ഹൃതം.., വാ.രാ. ഉത്തര കാണ്ഡം, 43.17-18). മറ്റൊരുവന്റെ കൂടെ കഴിഞ്ഞവളെ കൂടെ പൊറുപ്പിക്കുമ്പോൾ ജനങ്ങളും അതുതന്നെ ചെയ്യുമെന്നും ഭദ്രൻ രാമനോട് പറയുന്നു (അസ്മാകമപി ദാരേഷു സഹനീയം ഭവിഷ്യതി / യഥാ ഹി കുരുതേ രാജാ പ്രജാസ്ത മനുവർതതേ, വാ.രാ. ഉത്തര കാണ്ഡം, 43. 19). പുരവാസികൾ സീതയെപ്പറ്റി പറയുന്ന അപവാദങ്ങൾ കേട്ടിട്ട് അക്കാര്യമെല്ലാം രാമൻ തന്റെ സഹോദരങ്ങളോട് പങ്കു വെച്ചു. തുടർന്ന്, സീതയെ തമസാ നദിയുടെ തീരത്തുള്ള വാല്മീകിയുടെ ആശ്രമപരിസരത്ത് ഉപേക്ഷിക്കുവാൻ രാമൻ ലക്ഷ്മണനോട് ആജ്ഞാപിച്ചു. ഉപേക്ഷിക്കപ്പെട്ടിട്ടും വാല്മീകിയുടെ സീത പ്രതികരിക്കുന്നില്ല. രാമനുണ്ടായ അപവാദത്തിൽനിന്ന് അദ്ദേഹത്തെ രക്ഷിക്കേണ്ടത് തന്റെ കടമയാണെന്നാണ് വാല്മീകിയുടെ സീത കരുതുന്നത് (വാ.രാ. ഉത്തരകാണ്ഡം, 48. 13). എന്നാൽ, രാമനെ അതിനിശിതമായി വിമർശിക്കുന്ന സീതയെയാണ് കാളിദാസന്റെ രഘുവംശത്തിൽ കാണുന്നത്. ‘കൺമുന്നിൽവെച്ച് അഗ്നിയിൽ വിശുദ്ധയായിട്ടും എന്നെ ആളുകളുടെ പറച്ചിൽകേട്ട് കൈവെടിഞ്ഞുവല്ലോ, അത് അങ്ങക്കും കുലത്തിനും ചേർന്നതോ’ (വാച്യസ്ത്വയാ മദ് വചനാൽ സ രാജാ ..., രഘുവംശം, 14.55) എന്ന് കാളിദാസന്റെ സീത ചോദിക്കുന്നു. കാലമേറെ കഴിഞ്ഞ് ‘പാവയോയിവൾ’ എന്ന് കുമാരനാശാന്റെ സീത രാമനോട് ചോദ്യം ഉന്നയിക്കുവാൻ ധൈര്യപ്പെടുന്നു. കാലത്തിലൂടെയുള്ള സീതയുടെ സഞ്ചാരം രാമനോട് ചോദ്യം ഉന്നയിക്കാൻ അവളെ പ്രാപ്തയാക്കുന്നു. ഇത് കാലത്തിന്റെ പരിണാമമാണ്. ആ കാലം സീതയെയും പരിഷ്കരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.