സീതയുടെ ഗംഗാഭക്തി
text_fieldsവിശ്വാസത്തിന്റെയും ഭക്ത്യാരാധന അനുഷ്ഠാനങ്ങളുടെയും ഭാഗമായി ഇഷ്ടമൂർത്തിക്ക് വഴിപാടുകൾ അർപ്പിക്കുന്നത് സംസ്കാരമായി നിലനിന്നിരുന്നു. ഇത് പല നിലകളിൽ ഇന്നും തുടരുന്നുമുണ്ട്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന അന്നത്തെ തിരുവിതാംകൂർ ഭരണാധികാരി സമർപ്പിച്ചത് പ്രായശ്ചിത്താർഥമുള്ള വഴിപാടായിരുന്നു എന്ന് ഏറ്റുമാനൂർ ഗ്രന്ഥവരി സാക്ഷ്യപ്പെടുത്തുന്നു. വാല്മീകി രാമായണത്തിലും ഇത്തരം ആരാധനാ അനുഷ്ഠാനങ്ങളുടെ ഒരു പാരമ്പര്യം തെളിഞ്ഞുകാണാം. രാമായണത്തിലെ സീതയുടെ ഗംഗയോടുള്ള ഭക്തി ഇതിന്റെ നിദർശനമാണ്. ഗംഗയെ അക്കാലത്ത് കേവലമായ ഒരു നദി എന്നതിലുപരി ദിവ്യയായ ഒരു പുണ്യനദിയായി ആഖ്യാനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. സഗരവംശത്തിന് മോക്ഷം നൽകിയ ഭാഗീരഥിയുടെ ചരിത്രം ഇതിന്‍റെ ദൃഷ്ടാന്തമാണ്. വനവാസത്തിനായി പോകുന്ന വേളയിൽ സീത ഗംഗയോട് പ്രാർഥിക്കുന്നുണ്ട്. സീതയുടെ തന്നെ ആരാധനാ മൂർത്തിയായി ഗംഗ ഇവിടെ മാറിത്തീരുന്നു എന്നതും, ഗംഗാദേവിക്ക് സീത മാംസച്ചോറ് വഴിപാടായി നേരുന്നതും അത് അന്നത്തെ സംസ്കാരത്തിന്‍റെ ഭാഗമായതിനാലാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.