രാമായണത്തിലെ വാമനൻ
text_fieldsതാടകാവധത്തിനു ശേഷം രാമനും ലക്ഷ്മണനും സിദ്ധാശ്രമം എന്ന് വാല്മീകി അടയാളപ്പെടുത്തുന്ന പ്രദേശത്തെത്തുമ്പോൾ ഇത് ആരുടെ ആശ്രമമാണെന്ന് രാമൻ വിശ്വാമിത്രനോട് ചോദിക്കുന്നുണ്ട്. പാപികളും ബ്രഹ്മഹത്യ ചെയ്യുന്ന ദുഷ്ടചാരികളും യജ്ഞ വിഘ്നകാരികളും, ശല്യകാരികളായ രാക്ഷസരും എവിടെയാണ് വസിക്കുന്നതെന്നും രാമൻ അന്വേഷിക്കുന്നു (ബാലകാണ്ഡം, 28.20-22). രാമന്‍റെ ചോദ്യത്തിനുത്തരമായി വിശ്വാമിത്രൻ വാമനന്‍റെ കഥപറയുന്നു.
സിദ്ധാശ്രമം വാമനന്‍റെ പൂർവാശ്രമമായിരുന്നു. മഹാബലവാനായ അസുര രാജാവ് മഹാബലി യജ്ഞം ചെയ്യുമ്പോൾ ദേവന്മാർ മഹാവിഷ്ണുവിനെ ദർശിച്ച് ബലിയുടെ യാഗം പൂർത്തിയാകും മുമ്പ് തന്നെ കാര്യം നേടിത്തരാൻ അഭ്യർഥിച്ചു. (ബാലകാണ്ഡം. 29:4-11). ആരു വന്ന് എന്തു ചോദിച്ചാലും മഹാബലി കൊടുക്കും എന്നറിയുന്ന മഹാവിഷ്ണു വാമനനായി വന്ന് മഹാബലിയോട് മൂന്നടി ഭൂമി യാചിച്ചു. അതിന് തയാറായ ബലിയെ ശുക്രാചാര്യർ തടഞ്ഞു. തടഞ്ഞ രാജപുരോഹിതനായ ശുക്രാചാര്യരെ വൈനതേയൻ പിടിച്ചു കൊണ്ടു പ്രഹരിച്ചു (ദാനാ രക്തേ തത: ശുക്രേ ശുക്രം രാജപുരോഹിതം / ഗൃഹിത്വാ താഡയാമാസ വൈനതേയോ മഹാബല:(ബാലകാണ്ഡം. 29:31). ബലിദാന തീർഥം പകർന്ന മാത്രയിൽ വിശ്വരൂപം ധരിച്ച വാമനൻ ബലിയെ കീഴടക്കി മൂന്നു ലോകങ്ങളും ഇന്ദ്രന്‍റെ കാൽക്കീഴിലാക്കി (ബാലകാണ്ഡം. 29:39). വാമനൻ മൂന്നടി കൊണ്ട് ലോകങ്ങളെ അളക്കുന്നത് ബ്രാഹ്മണർക്ക് വേണ്ടിയാണെന്ന് ഋഗ്വേദം പ്രസ്താവിക്കുന്നുണ്ട്. വാല്മീകി രാമായണത്തിലും ആര്യ നേതാവായ ഇന്ദ്രനു വേണ്ടിയാണ് വാമനൻ മഹാബലിയെ കീഴടക്കി അദ്ദേഹത്തിന്‍റെ ഭൂമി പിടിച്ചെടുത്തത്. വാമന കഥ ഗംഗാസമതലത്തിലേക്കും മധ്യേന്ത്യയിലേക്കുമുള്ള ആര്യ ബ്രാഹ്മണ വിഭാഗത്തിന്റെ വ്യാപനത്തിന്‍റെ കഥ കൂടിയാണ് പറഞ്ഞുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.