Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightവാല്മീക്യാശ്രമപ്രവേശം

വാല്മീക്യാശ്രമപ്രവേശം

text_fields
bookmark_border
വാല്മീക്യാശ്രമപ്രവേശം
cancel
Listen to this Article

ഭരദ്വാജമഹർഷിയുടെ ആശ്രമം സന്ദർശിച്ചശേഷം രാമലക്ഷ്മണന്മാരും സീതയും നേരെ പോയത് ചിത്രകൂടപർവതത്തിലുള്ള വാല്മീകി മഹർഷിയുടെ ആശ്രമത്തിലേക്കായിരുന്നു. വൃക്ഷലതാദികളും പുഷ്പഫലാദികളും തിങ്ങിനിറഞ്ഞ പർണകുടീരത്തിലെത്തിയ അവരെ ആനന്ദാശ്രുക്കളോടെ, ഭക്ത്യാദരങ്ങളോടെ, സ്​നേഹവാത്സല്യങ്ങളോടെയാണ് വാല്മീകി മഹർഷി സ്വീകരിച്ചാനയിച്ചത്. താനുൾക്കൊണ്ട രാമതത്ത്വത്തെ വിസ്​തരിച്ചും സ്​തുതിച്ചും ചാരിതാർഥ്യമടയുന്ന മുനി തന്റെ മുൻകാലജീവിതത്തിലേക്കും മനസ്സ് തുറക്കുന്നുണ്ട്. കൊള്ളയും കൊലയും പിടിച്ചുപറിയുമുൾപ്പെടെ അതിഹീനമായ കർമങ്ങളിലേർപ്പെട്ട് ഒടുവിൽ മുനിയായി മാറിയ സ്വന്തം കഥ!

പ്രചേതസ്സിന്റെ (വരുണന്റെ) പത്താമത്തെ പുത്രനായിരുന്നു രത്നാകരൻ. ദുർജനസംസർഗം മൂലം സദ്ഗുണങ്ങളെല്ലാം കളഞ്ഞുകുളിച്ച അദ്ദേഹം വനത്തിൽ വേട്ടയാടിയും കവർച്ച നടത്തിയും ഉപജീവനം കഴിച്ചുപോന്നു. ഒരിക്കൽ ആ വനത്തിലൂടെ വന്ന സപ്തർഷികളെ അദ്ദേഹം തടഞ്ഞുനിർത്തി. ഇത്തരം പാപപങ്കിലമായ ജീവിതം നയിക്കുന്നതിന്റെ കാരണം മുനിമാർ അന്വേഷിച്ചപ്പോൾ തന്റെ കുടുംബം പുലർത്താനെന്നായിരുന്നു രത്നാകരൻ കൊടുത്ത മറുപടി. ''കവർച്ച ചെയ്തുണ്ടാക്കുന്ന സമ്പാദ്യം നീ അവർക്ക് കൊടുക്കുന്നു.

നിന്റെ പാപത്തിന്റെ പങ്കും അവർ സ്വീകരിക്കുമോ'' എന്ന് ഋഷിമാർ ചോദിച്ചപ്പോൾ തീർച്ചയായും എന്ന് അയാൾ മറുപടി നൽകി. ആയത് ചോദിച്ചുവരാനും അതുവരെ തങ്ങൾ ഇവിടെ കാത്തുനിൽക്കാമെന്നും സപ്തർഷികൾ പറഞ്ഞു. അയാൾ ഓടിച്ചെന്ന് മുനിമാരുടെ ചോദ്യം കുടുംബാംഗങ്ങളോട് ആവർത്തിച്ചു. നിത്യവും ചെയ്യുന്ന കർമങ്ങളുടെ ഫലം അനുഭവിക്കുന്നത് അതിന്റെ കർത്താവാണ്. അവനവൻ ചെയ്യുന്ന കർമത്തിന്റെ ഫലം സ്വയമനുഭവിച്ചേ മതിയാകൂ എന്നാണ് അവരിൽനിന്ന് കിട്ടിയ ഉത്തരം. അത് രത്നാകരന്റെ ഉൾക്കണ്ണ് തുറപ്പിച്ചു. അദ്ദേഹം ഋഷിമാരുടെ അടുത്തേക്കോടിച്ചെന്ന് അവരുടെ പാദങ്ങളിൽ വീണു. കുടുംബാംഗങ്ങളാരും തന്റെ പാപകർമങ്ങളുടെ ഫലം പങ്കുപറ്റില്ലെന്ന് തീർത്തുപറഞ്ഞു.

ചെയ്തുകൂട്ടിയ മഹാപരാധങ്ങളിൽനിന്ന് തന്നെ രക്ഷിക്കണമെന്ന് രത്നാകരൻ മുനിമാരോട് യാചിച്ചു. തുടർന്ന് സപ്തർഷികൾ അദ്ദേഹത്തിന് താരകമന്ത്രം (രാമമന്ത്രം) ഉപദേശിച്ച് അത് നിരന്തരം ജപിക്കുവാൻ ആവശ്യപ്പെട്ട് അവിടെനിന്ന് മടങ്ങി. ആ മന്ത്രം ജപിച്ച് വർഷങ്ങളോളം അവിടെത്തന്നെ ഇരിപ്പുറപ്പിച്ച അദ്ദേഹം തന്നെ ചിതൽപ്പുറ്റ് വന്ന് മൂടിയതുപോലും അറിഞ്ഞില്ല. അനേക വർഷങ്ങൾക്കുശേഷം വീണ്ടും അതുവഴി വന്ന സപ്തർഷിമാർ ആ ചിതൽപ്പുറ്റ് പിളർന്ന് രത്നാകരനെ പുറത്തുകൊണ്ടുവന്നു. മൂടിയ ചിതൽപ്പുറ്റിൽനിന്ന് പുറത്തെടുത്തതുകൊണ്ടാണ് തനിക്ക് വാല്മീകി എന്ന പേർ സപ്തർഷികൾ നൽകിയതെന്ന് പറഞ്ഞ് അദ്ദേഹം സ്വചരിതം ഉപസംഹരിച്ചു.

കർമം അഥവാ ചലനം, അതിന്റെ ഗതിവിഗതികൾ, ഫലമായുരുത്തിരിയൽ എന്നിവ ഈ പ്രപഞ്ചത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഏതു ചലനവും അനേകം ഘടകങ്ങളുമായി പ്രതിപ്രവർത്തിച്ച് ഉറവിടത്തിലേക്ക് തിരിച്ചെത്തും. അതുകൊണ്ട് കർമഫലത്തെ നിശ്ചയിക്കുന്നത് അതിന്റെ ഉറവിടത്തിൽനിന്ന് പുറപ്പെട്ട ആദ്യചലനങ്ങളാണ്. അങ്ങനെ വരുമ്പോൾ മനുഷ്യരാശി ഇന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം മുൻകാല ചെയ്തികൾതന്നെ. അത് വിധിയോ യോഗമോ ഈശ്വരേച്ഛയോ ഒന്നുമല്ല. അതുകൊണ്ട് വരുംകാലത്തെ അനുകൂലമാക്കിയെടുക്കാൻ നമുക്ക് ഇന്നുതന്നെ പരിശ്രമിച്ചുതുടങ്ങാം.

മാത്രമല്ല, ആന്തരികമായ നന്മയെ തൊട്ടുണർത്തുമ്പോൾ വ്യക്തിയിലെ നൈസർഗികമായ വിവേകം വളരുന്നു, ആഴങ്ങളിലുള്ള അറിവ് ദിവ്യമായ വെളിപാടുപോലെ സ്വയം പ്രകാശിക്കുന്നു. അത്തരമൊരു പരിവർത്തനത്തിന് മനുഷ്യജന്മം സദാസന്നദ്ധമാക്കേണ്ടതിന്റെ അനിവാര്യതയെയാണ് മഹത്തുക്കൾ നമ്മെ എന്നെന്നും ഓർമപ്പെടുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakamRamayana
News Summary - ramayana month
Next Story