സമുദ്രലംഘനം
text_fieldsസമ്പാതി പറഞ്ഞതനുസരിച്ച് സീതയെ കണ്ടെത്തുന്നതിന് കടൽ ചാടിക്കടന്ന് ലങ്കയിലെത്തിച്ചേരണമെന്ന് വാനരവീരനായ അംഗദൻ അഭിപ്രായപ്പെട്ടു. പല വാനരന്മാരും തങ്ങൾക്ക് ചാടിക്കടക്കാവുന്ന ദൂരം അറിയിച്ചു. ഇതെല്ലാം കേട്ട് തന്റെ വൈഭവവും കാര്യപ്രാപ്തിയുമെല്ലാം മറന്ന് ഒരു മൂലയിൽ നിശ്ശബ്ദനായിരിക്കുന്ന വായുപുത്രനായ ഹനുമാനെ ജാംബവാൻ കണ്ടു. പാകം വന്ന ഫലമെന്നുകരുതി പിറന്ന ഉടൻതന്നെ ഉദയസൂര്യനെ വിഴുങ്ങാൻ അഞ്ഞൂറുയോജന മേൽപ്പോട്ടുചാടിയതും ഇന്ദ്രന്റെ വജ്രപ്രഹരമേറ്റ് നിലംപതിച്ചപ്പോൾ വായുഭഗവാൻ പുത്രനെക്കൊണ്ട് പാതാളത്തിൽപ്പോയതും അവിടെവെച്ച്, ലോകനാശം വന്നാലും കൽപാന്തകാലത്തും മരണം ഉണ്ടാകില്ലെന്ന് വിവിധ ദേവതകൾ അനുഗ്രഹിച്ചതും വജ്രം താടിയിലേറ്റതുകൊണ്ട് ഹനുമാൻ എന്ന പേര് ലഭിച്ചതുമായ വൃത്താന്തങ്ങൾ ജാംബവാൻ ഹനുമാനെ ഓർമപ്പെടുത്തുന്നു.
മുനിശാപംകൊണ്ട് തന്റെ ബലവീര്യങ്ങൾ മറന്നുപോയ ആ വാനരവീരൻ പൂർവചരിതം കേട്ടതോടെ സിംഹനാദം മുഴക്കി പർവതംപോലെ വളർന്നു. ലങ്കാപുരമെരിച്ച് രാവണനെ കുലത്തോടെ നശിപ്പിച്ച് ദേവിയെ കൊണ്ടുവരും. അല്ലെങ്കിൽ രാവണനെ ബന്ധിച്ച് ഇടതു കൈയിലും ലങ്കാപുരത്തെ വലതുകൈയിലുമെടുത്ത് രാമന് കാഴ്ചവെക്കും. ഹനുമാന്റെ ഈ പ്രഖ്യാപനംകേട്ട്, ദേവിയെ തിരികെക്കൊണ്ടുവന്നാൽ മതിയെന്നും രാവണനെ രാമൻ നിഗ്രഹിച്ചുകൊള്ളുമെന്നും ജാംബവാൻ പറഞ്ഞു. ഒറ്റച്ചാട്ടത്തിന് മഹേന്ദ്രഗിരിയുടെ മുകളിലെത്തിയ ഹനുമാൻ കൈകാലുകൾ പരത്തി തലയും വാലും ഉയർത്തിയാണ് മുന്നോട്ട് സഞ്ചരിച്ചത്.
ലങ്കയിലേക്കുള്ള കുതിപ്പിനിടയിൽ നിരവധി തടസ്സങ്ങൾ ഹനുമാൻ നേരിടുന്നുണ്ട്. നാഗമാതാവായ സുരസ വായും പിളർന്ന് ഹനുമാനെ വിഴുങ്ങിയപ്പോൾ അവരുടെ ചെവിയിലൂടെയാണ് ആ തന്ത്രശാലി പുറത്തുകടന്നത്. കുറച്ചുദൂരം ചെന്നപ്പോൾ, തന്റെ നിഴൽപിടിച്ച് തടഞ്ഞുനിർത്തിയ ഛായാഗ്രഹണിയെ ഹനുമാൻ തൊഴിച്ചുകൊല്ലുകയാണുണ്ടായത്. യാത്രക്കിടയിൽ ക്ഷീണിച്ചവശനായ ഹനുമാനെ കടലിൽനിന്നുയർന്ന മൈനാകപർവതം ഫലമൂലാദികൾകൊണ്ട് അതിനിടെ സൽക്കരിക്കുന്നുണ്ട്. ഒടുവിൽ സന്ധ്യാസമയത്ത് ലങ്കയിലെത്തുമ്പോൾ തടയുന്ന ലങ്കാലക്ഷ്മിയെ പരാജയപ്പെടുത്തി അവൾക്ക് ശാപവിമുക്തി കൊടുക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം തട്ടിയകറ്റിയാണ് അശോകവനികയിലിരിക്കുന്ന സീതാദേവിയെ ഹനുമാൻ കാണുന്നത്.
ഏതു ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോഴും നിരവധി മാർഗതടസ്സങ്ങൾ, പ്രതിബന്ധങ്ങൾ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. ലക്ഷ്യം ഉദാത്തവും വ്യാപ്തിയേറിയതും ഔന്നത്യമുള്ളതുമാണെങ്കിൽ പ്രതിബന്ധത്തിന്റെ ശക്തി തദനുസൃതമായി വർധിക്കും. സ്വന്തം കാര്യം നേടിയെടുക്കുന്നതിനല്ല മറിച്ച് രാമകാര്യാർഥമാണ് ഹനുമാൻ കടൽ കടന്നത്. തന്റെ ലക്ഷ്യബോധം, പ്രത്യയസ്ൈഥര്യം, ആത്മവിശ്വാസം, കരുത്ത്, നയതന്ത്രം, ഔചിത്യബോധം എന്നിവയിലൂടെയാണ് മാർഗതടസ്സങ്ങളെയെല്ലാം അദ്ദേഹം അതിക്രമിക്കുന്നത്. ഉദാത്ത ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന വെല്ലുവിളികളെ, മാർഗവിഘ്നങ്ങളെ അഭിമുഖീകരിച്ച് അതിവർത്തിക്കുന്ന ജീവനകലയാണ് ഹനുമാനിലൂടെ ആദികവി അനാവരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.