നിഷാദാധിപനായ ഗുഹൻ
text_fieldsവർണഭേദമന്യേയുള്ള രാമന്റെ പെരുമാറ്റ വിശേഷതയുടെ ഉദാഹരണമായി നിഷാദ രാജാവായ ഗുഹനുമായുള്ള സൗഹൃദം ചൂണ്ടിക്കാണിക്കാറുണ്ട്. തന്റെ അധിപതിയും സുഹൃത്തുമാണ് ദാശരഥി രാമൻ എന്ന് ഗുഹൻ പറയുന്നുമുണ്ട് (‘‘ഭർതാ ചൈവ സഖാ ചൈവ രാമോ ദാശരഥിർ മമ’’, വാ.രാ. അയോധ്യാകാണ്ഡം, 84.6). രാമനെ അന്വേഷിച്ച് ഗംഗാനദിക്കരികെ എത്തുന്ന ഭരതനെ മാംസവും കിഴങ്ങുകളും ഫലങ്ങളുംകൊണ്ടാണ് ഗുഹൻ സ്വീകരിക്കുന്നത് (‘‘ഇത്യുക്ത്വോ പായനം ഗൃഹ്യ മത്സ്യ മാംസ മധൂനി ച/അഭിചക്രാമ ഭരതം നിഷാദാധിപതിർ ഗുഹഃ’’, വാ.രാ. അയോധ്യാകാണ്ഡം, 84.10). എന്നാൽ, ഭരതാദികൾ പിന്നീട് ഭരദ്വാജന്റെ ആശ്രമത്തിൽനിന്ന് ഭക്ഷണം കഴിച്ചതിന്റെ വിപുല വൃത്താന്തമാണ് വാല്മീകി വർണിക്കുന്നത്.
താൻ പലതരത്തിലുള്ള പഴങ്ങളും മറ്റു ഭോജ്യങ്ങളും ആഹരിക്കാനായി രാമനായി കൊണ്ടുവന്നുവെങ്കിലും ക്ഷത്രിയ ധർമം അനുസരിച്ച് രാമൻ അതൊന്നുംതന്നെ സ്വീകരിച്ചില്ല എന്ന് ഗുഹൻ ഭരതനോട് പറയുന്നുണ്ട് (‘‘അന്ന മുച്ചാവചം ഭക്ഷ്യാഃ ഫലാനി വിവിധാനി ച... നഹി തത് പ്രത്യഗൃഹ്ണാത് സ ക്ഷത്രധർമ മനുസ്മരൻ’’, വാ.രാ. അയോധ്യാകാണ്ഡം, 77. 15-16). ക്ഷത്രിയധർമം അനുസരിച്ച് ഭരതനും രാമനെപ്പോലെ ഗുഹന്റെ ഭക്ഷ്യപേയങ്ങൾ സ്വീകരിക്കാത്തത് കാരണമാകാം അക്കാര്യം വാല്മീകി അവതരിപ്പിക്കാത്തത്.
സാക്ഷാൽ ശ്രീരാമൻ എന്തുകൊണ്ടാവും തന്റെ സുഹൃത്തുകൂടിയായ നിഷാദരാജാവായ ഗുഹനിൽനിന്ന് ഫലമൂലാദികൾ തിരസ്കരിച്ചത്? ത്യാഗസന്നദ്ധനും സുഹൃത്തുക്കൾക്കായി ആത്മാർപ്പണം ചെയ്യാൻ കഴിവുമുള്ള രാമായണത്തിലെ ഏറ്റവും ശോഭയുള്ള വ്യക്തിത്വമായി ഗുഹൻ മാറിത്തീരുന്ന രംഗത്തിനും ഇത് സാക്ഷ്യംവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.