സ്വയംപ്രഭ
text_fieldsസീതാന്വേഷണത്തിനിടെ ഹനുമാനും മറ്റ് വാനരന്മാരും വിന്ധ്യാ പർവത പ്രദേശത്തെ ഒരു ഗുഹയിലെത്തുന്നു. അത്ഭുതകരമായ ആ ഗുഹയിലൂടെ ഏറെ ദൂരം നടന്ന അവർ അതിനുള്ളിൽ മരത്തോലും മാന്തോലും ഉടുത്ത് വ്രതമാചരിക്കുന്ന ഒരു താപസിയെ കണ്ടുമുട്ടി ("ദദൃശുർ വാനരാ: ശൂരാ: സ്ത്രീയം
കാംചിദദൂരത:/താം ച തേ ദദൃശുസ്തത്ര ചീരകൃഷ്ണജിനാംബരാം/താപസീം നിയതാഹാരം ജ്വലന്തീമിവ തേജസാ", കിഷ്കിന്ധാ കാണ്ഡം, 50. 39). താപസി ആരാണെന്ന് ഹനുമാൻ അന്വേഷിച്ചപ്പോൾ താൻ മേരു-സാവർണിയുടെ പുത്രിയായ സ്വയംപ്രഭയാണെന്ന് മറുപടി നൽകി. ഹേമ എന്ന അപ്സരസിന്റേതാണ് ഈ വനമെന്നും ഹേമക്കുവേണ്ടി വനം താൻ സംരക്ഷിക്കുകയാണെന്നും സ്വയംപ്രഭ പറഞ്ഞു. അജ്ഞാതമായ ഒരു പാതാള ദേശമായാണ് വാല്മീകി സ്വയംപ്രഭയുടെ ഗുഹയെ അവതരിപ്പിക്കുന്നത്. അതിനുള്ളിൽ പരിശുദ്ധവും ഭക്ഷണാർഹങ്ങളുമായ കിഴങ്ങുകളും രജത ഗൃഹങ്ങളും പൊന്നുകൊണ്ടുള്ള ജനലുകളും ഉള്ളതായി വാല്മീകി വർണിക്കുന്നു.
ഇത്തരത്തിലുള്ള ഗുഹയുടെ സംരക്ഷകയാവട്ടെ മരത്തോലും മാന്തോലും ധരിച്ച് വ്രതം ആചരിക്കുന്ന ഒരു തപസ്വിനിയും. വിന്ധ്യാ പർവത പ്രദേശത്ത് വസിച്ചിരുന്ന ആദിമ നിവാസികളെ സംബന്ധിച്ച സൂചനയാണോ വാല്മീകി രാമായണത്തിലെ സ്വയംപ്രഭാ ആഖ്യാനത്തിൽ നിഴലിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. "ധർമ ചാരിണി" എന്നാണ് സ്വയംപ്രഭയെ ഹനുമാൻ വിശേഷിപ്പിക്കുന്നത് ( "ശരണം ത്വാം പ്രപന്നാ: സ്മ: സർവേ വൈ ധർമചാരിണി", കിഷ്കിന്ധാ കാണ്ഡം, 52. 21 ). പ്രാചീനമായ ബൗദ്ധ ധർമത്തിന്റെ പ്രഭയാണോ സ്വയംപ്രഭയായി മാറിത്തീർന്നിരിക്കുന്നത്!? ഇത്തരത്തിൽ ഉത്തരം തേടേണ്ട നിരവധി ചോദ്യങ്ങൾ വാല്മീകി അദ്ദേഹത്തിന്റെ കാവ്യ പേടകത്തിൽ അവശേഷിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.