‘മാ നിഷാദ...’
text_fieldsരാമായണ കഥ ഉപദേശിച്ച് നാരദൻ മടങ്ങിയ ഉടനെ തമസാ നദിയിൽ സ്നാനത്തിനായി പോകുന്ന വാല്മീകി ക്രൗഞ്ചപക്ഷികളിലൊന്നിനെ പാപനിശ്ചയനായ നിഷാദൻ വധിക്കുന്നതും പിടഞ്ഞുമരിക്കുന്ന ഇണയെ നോക്കി സഹചാരിയായ പക്ഷി കരയുന്നതും ദർശിച്ചു. അദ്ദേഹത്തിൽനിന്ന് ഒരു ശ്ലോകം ഉതിർന്നു: ‘‘മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ: ശാശ്വതീ സമാ:/യത് ക്രൗഞ്ചമിഥുനാദേകമവധീ: കാമമോഹിതം//(വാല്മീകി രാമായണം ബാലകാണ്ഡം, 2.15). ആ കാഴ്ചയുടെ ദു:ഖത്തിൽനിന്നാണ് വാല്മീകി രാമായണകഥ രചിക്കാനാരംഭിച്ചത് എന്ന് ധ്വന്യാലോകത്തിൽ ആനന്ദവർധനൻ നിരീക്ഷിക്കുന്നുണ്ട്. ഇവിടെ നിഷാദന്റെ ‘‘കഠിന പ്രവൃത്തിയെ’’ പാപകർമമായാണ് വാല്മീകി വിലയിരുന്നത്.
ഇവിടെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മറഞ്ഞുകിടക്കുന്നുണ്ട്. നിഷാദൻ ആഹാരം കഴിക്കുന്നത് വേട്ടയാടി ലഭിക്കുന്ന ഭക്ഷണത്തിലൂടെയാണെന്ന യാഥാർഥ്യമാണതിലൊന്ന്. വാല്മീകിക്ക് ഭിക്ഷയിലൂടെയും മറ്റും ആഹാരലഭ്യത ഉറപ്പുവരുത്താൻ കഴിയുമ്പോൾ അത്തരം ഒരുറപ്പ് നിഷാദനില്ല എന്നത് ഒരു സാമൂഹിക വസ്തുതയാണ്. നിഷാദൻ തീർത്തും കുറ്റവാളിയായി അവതരിപ്പിക്കപ്പെടുമ്പോൾ ചാതുർവർണ്യ ധർമപാലനത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യാ ചരിത്രത്തിൽ ഈ വൈരുധ്യം ഇന്നും അവസാനിച്ചിട്ടില്ല എന്ന് രാജ്യത്ത് നിരന്തരം അരങ്ങേറുന്ന ആദിവാസി ഹിംസകൾ തെളിയിക്കുന്നു.
‘‘മാ നിഷാദ’’ എന്ന് തുടങ്ങുന്ന ശ്ലോകവും വാല്മീകി ആദ്യം എഴുതുകയായിരുന്നില്ല. വാല്മീകി ഉച്ചരിച്ച ശ്ലോകം ശിഷ്യൻ ഹൃദിസ്ഥമാക്കുകയായിരുന്നു (ബാലകാണ്ഡം, 2. 19). തുടർന്ന് ആശ്രമത്തിലെത്തിയ വാല്മീകിമുനി ധ്യാനനിമഗ്നനായിരിക്കുമ്പോൾ ബ്രഹ്മാവ് അവിടെ എത്തിച്ചേർന്നു. ബ്രഹ്മാവിന്റെ മുന്നിലിരിക്കുമ്പോഴും പാപാത്മാവായ നിഷാദൻ ക്രൗഞ്ചപക്ഷികളിലൊന്നിനെ വധിച്ചതോർത്ത് വാല്മീകി ശോകാർത്തനായി. ഇവിടെയും നിഷാദനെ പുറന്തള്ളിയ സാമൂഹിക വ്യവസ്ഥ ചർച്ചയാവുന്നില്ല. പിൽക്കാല തന്ത്രഗ്രന്ഥങ്ങളിൽ നിഷാദരെ അയിത്ത ജനതയായി സ്ഥാനപ്പെടുത്തുന്നതിൽനിന്നും സാമൂഹിക പുറന്തള്ളലിന്റെ ചരിത്രം വായിച്ചെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.