കർക്കടകത്തിലെ ആദിവ്യാധി അകറ്റാൻ ആടിവേടനെത്തി
text_fieldsഇരിട്ടി: എല്ലാവർഷങ്ങളിലും കർക്കടകാരംഭത്തിൽ പഴമയുടെ തനിമ കാത്തുസൂക്ഷിക്കുന്ന ഒരു നാടുണ്ട്, മലയോര കേന്ദ്രമായ ഇരിട്ടിക്കടുത്ത് കീഴൂർകുന്ന്. ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ആചാരമെന്ന നിലയിലാണ് ആടിവേടൻ കെട്ടിയാടാറുള്ളത്.
മുമ്പ് ആടിവേടന്റെ വരവ് പ്രധാന ചടങ്ങായിരുന്നെങ്കിലും കാലത്തിന്റെയും തലമുറയുടെയും മാറ്റത്തിനൊപ്പവും നാഗരികതയുടെ വളർച്ചയും കാർഷിക മേഖലയുടെ തകർച്ചയും കാരണം ഭൂരിഭാഗം പ്രദേശങ്ങളിലും ആടിവേടൻ കെട്ടിയാടൽ ആചാരവും പാടിപ്പതിഞ്ഞ ചരിത്രവുമായി. വേടൻ കെട്ടിയാടൽ ചടങ്ങ് ഇപ്പോൾ ചിലഗ്രാമങ്ങളിൽ മാത്രമായി ചുരുങ്ങി. കാർഷിക സംസ്കാരത്തിന്റെയും പഴയകാല മേലാള -കീഴാള, ഭൂ ഉടമ-കുടിയാൻ ബന്ധത്തിന്റെയും ചരിത്രവും ചടങ്ങും ഊട്ടിഉറപ്പിക്കുന്ന കാലത്ത് പിറവിയെടുത്തതാണ് ഈ ആചാരം. വടക്കൻ കേരളത്തിലെ തെയ്യക്കോലങ്ങൾക്കൊപ്പം ചേർത്തുവെക്കാവുന്ന കലാരൂപം കൂടിയാണ് ആടിവേടൻ.
കർക്കടക മാസാരംഭത്തിലെ സംക്രമദിവസത്തിലും ആദ്യ ദിവസങ്ങളിലുമാണ് ആടിവേടന്റെ വരവ്. മുഖത്തും ദേഹത്തും ചായം പൂശി തിളങ്ങുന്ന കിരീടവും വർണ്ണപ്പൊലിമയാർന്ന ആടയാഭരണങ്ങളും ധരിച്ച് ആചാര സമുദായത്തിലെ മുതിർന്ന കാരണവർക്കൊപ്പം വാദ്യത്തിന്റെ അകമ്പടിയോടെയാണ് കർക്കടകത്തിലെ ആദിയും വ്യാധിയുമകറ്റി കർഷകന്റെ മനസ്സിൽ ആശ്വാസത്തിന്റെ സന്ദേശം പകർന്ന് ആടിവേടൻ എത്തുന്നത്. ആടിവേടനെ സ്വീകരിക്കാൻ വീടുകളിൽ കത്തിച്ചുവെച്ച നിലവിളക്കും നിറനാഴിയുമായി വീട്ടിലെ മുതിർന്ന സ്ത്രീകൾ ഉമ്മറപ്പടിയിലുണ്ടാകും. ശിവ സാന്നിധ്യത്തിനായി തപസ്സുചെയ്യുന്ന അർജുനന്റെ തപശക്തിയെ പരീക്ഷിക്കാൻ വേടന്റെ രൂപത്തിലെത്തിയ പരമശിവന്റെ കഥയാണ് ആടിവേടൻ കെട്ടിയാടി പാട്ടിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നത്.
കർഷകർക്കും ഗ്രാമീണർക്കും കാർഷിക അഭിവൃദ്ധിയും കുടുംബ ഐശ്വര്യവും ഉണ്ടാകുമെന്നാണ് ആചാര അനുഷ്ഠാനവിശ്വാസം. ഇരിട്ടി കീഴൂർ തെരുവംകുന്ന് ഭാഗങ്ങളിലെ വീടുകളിലാണ് ആടിവേടൻ വർഷാവർഷങ്ങളിൽ എത്താറുള്ളത്. പുന്നാട് കണ്ണൻ പണിക്കരുടെയും ശ്രീദേവിയുടെയും നേതൃത്വത്തിൽ രാജേഷ്, രഞ്ചിത്ത്, ശശി പണിക്കർ എന്നിവരാണ് ആടിവേടൻ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.