വചനങ്ങളുടെ നേരുറവകൾ
text_fieldsഅമ്പേറ്റ കിളിയിൽനിന്ന് ചിതറിത്തെറിച്ച ചോരയും ആത്മാവിൽ പൊടിഞ്ഞ ചുടുകണ്ണീരും പ്രാണന്റെ തൂലികകൊണ്ട് ചാലിച്ചെഴുതിയതാണ് ആദികാവ്യം. കാലത്തിന്റെ കവിളോരത്തിലൂടെ ഊർന്നിറങ്ങി സരയൂനദിയുടെ ആഴങ്ങളിലേക്കിറ്റുന്ന കണ്ണീർപ്പളുങ്കിന്റെ തിളക്കമുണ്ടതിന്. ജീവനൊമ്പരങ്ങളുടെയും അനാഥമായ നിലവിളികളുടെയും അനിവാര്യമായ അതിജീവനത്തിന്റെയുമെല്ലാം അനശ്വരഗാഥയാണത്.
സീതയുടെ അന്തർധാനത്തോടെ അയോധ്യ ശോകമൂകമായി, ദുർന്നിമിത്തങ്ങളും കണ്ടുതുടങ്ങി. അന്നൊരിക്കൽ മൃത്യുദേവനായ യമധർമൻ താപസവേഷം ധരിച്ച് അയോധ്യയിലെത്തുന്നു. ശ്രീരാമൻ അദ്ദേഹത്തെ സ്വീകരിച്ച് കുശലപ്രശ്നം ചെയ്തപ്പോൾ അതി രഹസ്യം തനിക്ക് അറിയിക്കാനുണ്ടെന്നും അതിനിടയിൽ വേറെയാരെങ്കിലും കേൾക്കുകയോ കാണുകയോ ചെയ്താൽ അയാളെ വധിക്കുമെന്ന് വാക്ക് നൽകണമെന്നും ഉണർത്തിച്ചു. കാര്യം ധരിപ്പിച്ച് കാവൽക്കാരെ മാറ്റി ലക്ഷ്മണനെ അവിടെ നിർത്തി.
അവതാരോദ്ദേശ്യം പൂർത്തിയാക്കിയ ശ്രീരാമൻ തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട സംഭാഷണം പുരോഗമിക്കവേ, അവിടെ വന്ന ദുർവാസാവ് മഹർഷി രാമനെ അടിയന്തരമായി കാണുന്നതിന് തിടുക്കംകൂട്ടി. നിലവിലെ സാഹചര്യം പറഞ്ഞപ്പോൾ ശപിച്ച് രാജ്യവും കുലവും മുടിക്കുമെന്ന് ആേക്രാശിച്ചു. താൻമൂലം സർവനാശം ഉണ്ടാകരുതെന്ന് തീരുമാനിച്ച് ലക്ഷ്മണൻ രാമനെ നേരിട്ടുകണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. എന്ത് ഉപേക്ഷിച്ചും പ്രതിജ്ഞ പാലിക്കുന്ന രാമൻ വധവും ത്യാഗവും ഒരുപോലെയായതുകൊണ്ട് ലക്ഷ്മണനെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.
സീതയുടെയും ലക്ഷ്മണന്റെയും ദേഹവിയോഗത്തിൽ അസ്വസ്ഥചിത്തനായ രാമൻ ഭൂമിയിലെ വാസം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മക്കളുടെ അഭിഷേകം നടത്തി ഭരതശത്രുഘ്നന്മാരോടൊപ്പം മഹാപ്രസ്ഥാനത്തിനിറങ്ങി. വാനരന്മാരും രാക്ഷസന്മാരും പൗരജനങ്ങളും മറ്റു ജീവജാലങ്ങളുമെല്ലാം രാമനെ അനുഗമിച്ചു. സരയൂനദിയിൽ സഹോദരന്മാർക്കൊപ്പം ദേഹത്യാഗം ചെയ്ത് സ്വരൂപത്തിലേക്ക് മടങ്ങിയശേഷം തന്നോടൊത്ത് വന്നവർക്കും അദ്ദേഹം പരലോകത്ത് ഉന്നതസ്ഥാനങ്ങൾ ഉറപ്പാക്കി.
രാമകഥയുടെ ഗതിവിഗതികളെ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ആചരണത്തിൽ വിട്ടുവീഴ്ചയില്ലാത്ത വാക്കുകളാണ്. കൈകേയിക്ക് തന്റെ അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനാണ് അധികാരം ഉപേക്ഷിച്ച് ശ്രീരാമൻ വനവാസത്തിനിറങ്ങിയത്. ഇതിൽ ക്ഷുഭിതനായ ലക്ഷ്മണനെ ശാന്തമാക്കുന്നത് സാരോപദേശങ്ങളിലൂടെയാണ്. വേഷപ്രച്ഛന്നനായ ഹനുമാന്റെ ഹൃദയം തൊട്ടറിഞ്ഞതും വാക്കുകളിലൂടെയാണ്. സുഗ്രീവനുമായി സഖ്യം നടത്തുമ്പോൾ നൽകിയ വാഗ്ദാനമാണ് ബാലിവധം.
പാതിവ്രത്യം തെളിയിച്ചത് അഗ്നിയുടെ ജ്വലിക്കുന്ന വാക്കുകളിലൂടെയാണ്. വചനം അതിന്റെ സംഹാരരൂപമെടുത്തപ്പോഴാണ് രാജസദസ്സിൽവെച്ച് സീത ഭൂപ്രവേശം നടത്തിയത്. കാഷായവേഷത്തിൽ വന്ന യമധർമന് കൊടുത്ത വാക്ക് പാലിക്കാനാണ് ലക്ഷ്മണനെ ഉപേക്ഷിച്ചത്. സത്യവിശുദ്ധിയാർന്ന് പ്രാണനിലൂടെ പുറത്തേക്കുവരുന്ന ഹൃദയസ്പർശമാർന്ന വാക്കുകളുടെ മൂല്യത്തെ വ്യക്തിബന്ധങ്ങൾ മറന്നും പ്രാണൻ ത്യജിച്ചും പരിപാലിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന നൈതികബോധ്യവും രാമേതിഹാസത്തിന്റെ ഉള്ളടക്കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.