ആദ്യത്തെ സ്ത്രീഹത്യ
text_fieldsസുകേതു എന്ന യക്ഷന് ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ ജനിച്ച പുത്രിയാണ് താടക. ഝർഝരപുത്രനായ സുന്ദനെ അവൾ ഭർത്താവായി സ്വീകരിച്ചെങ്കിലും അഗസ്ത്യ ശാപംമൂലം അദ്ദേഹം കൊല്ലപ്പെട്ടു. ഇതിന് പകരംവീട്ടാൻ അഗസ്ത്യാശ്രമത്തിൽ എത്തിയ താടകയെയും മക്കളെയും അഗസ്ത്യമുനി ശപിച്ച് രാക്ഷസന്മാരാക്കി. രാക്ഷസരാജാവായ സുമാലിയോടൊത്ത് പാതാളത്തിലും പിന്നീട് രാവണന്റെ സഹായത്തോടെ കരൂഷം എന്ന സ്ഥലത്തെ കൊടുങ്കാട്ടിലുമെത്തി.
വൃത്രാസുരനെ വധിച്ചതുകൊണ്ടുണ്ടായ ബ്രഹ്മഹത്യാപാപം നീങ്ങുവാനായി ഇന്ദ്രനെ ദേവന്മാരും ഋഷിമാരും അഭിഷേകം ചെയ്തപ്പോൾ ബ്രഹ്മഹത്യാപാപത്തിന്റെ മാലിന്യങ്ങൾ ഒഴുകിയിറങ്ങിയത് കരൂഷത്തിലാണ്. ഇന്ദ്രൻ തന്നെ അനുഗ്രഹിച്ച ഈ ജനസ്ഥാനത്താണ് ആയിരം ആനകളുടെ കരുത്തും ഇഷ്ടംപോലെ രൂപം ധരിക്കാൻ കഴിവുമുള്ള താടക മക്കളായ മാരീചനോടും സുബാഹുവിനോടുമൊപ്പം വാസമുറപ്പിച്ചത്.
അക്കാലത്താണ് വിശ്വാമിത്രമുനി രാമലക്ഷ്മണന്മാരെ അദ്ദേഹത്തിന്റെ അനുമതിയോടെ യാഗരക്ഷക്ക് കൊണ്ടുപോകുന്നത്. ആ വനത്തെക്കുറിച്ചും താടകയെക്കുറിച്ചുമൊക്കെ വിവരിക്കെ ഘോരരൂപിണിയായ അവൾ അവർക്ക് മുന്നിലെത്തി. ഭയങ്കരിയും ദുർവൃത്തയും ദുഷ്ടപരാക്രമിയുമായ താടകയെ പശുവിന്റെയും ബ്രാഹ്മണന്റെയും ഹിതം പരിപാലിക്കുന്നതിനായി വധിക്കാനാണ് വിശ്വാമിത്രൻ രാമനോട് ആവശ്യപ്പെട്ടത്.
സ്ത്രീകളെ വധിക്കാമോ എന്ന ശങ്കക്ക് അവകാശമില്ലെന്നും ചാതുർവർണ്യധർമത്തിന്റെ പരിപാലനത്തിനായി വധിക്കുന്നത് നിഷ്കരുണമോ അല്ലയോ എന്നൊന്നും ആലോചിക്കേണ്ടതില്ലെന്നും പ്രജാരക്ഷണാർഥം ഏതു കർത്തവ്യവും ഏറ്റെടുക്കേണ്ടതാണെന്നും വിശ്വാമിത്രൻ ശ്രീരാമനെ ഉദ്ബോധിപ്പിച്ചു. താടകയെ വധിക്കാൻ വിശ്വാമിത്രൻ ശ്രീരാമനെ ഉപയോഗിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ സ്ഥാപിതതാൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന് ഇതിൽനിന്നും സ്പഷ്ടമാകുന്നു.
ക്ഷത്രിയവംശത്തിൽ ജനിച്ച തപസ്വിയാണ് വിശ്വാമിത്രൻ. അസ്ത്രശാസ്ത്രവിശാരദനും തപോബലിഷ്ഠനുമാണ്. മന്ത്രങ്ങളും ദിവ്യാസ്ത്രങ്ങളും രാമലക്ഷ്മണകുമാരന്മാർക്ക് നൽകിയ ഗുരുനാഥനാണ്. വേണമെങ്കിൽ അദ്ദേഹത്തിന് ഒറ്റക്ക് പരിഹരിക്കാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. അയോധ്യക്ക് ഒരു ഭീഷണിയുമുയർത്താതിരുന്നിട്ടും അയോധ്യാധിപതിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചത് എന്തുകൊണ്ടാകാം?
വർണാശ്രമധർമങ്ങളെ നിരന്തരം പരിഷ്കരിക്കുകയും നിശിതമായ വിചാരണക്ക് വിധേയമാക്കുകയും ചെയ്യുന്നതിനുപകരം അതിന് ഒരു പരിവർത്തനവും അനുവദിക്കാതെ ജ്ഞാനവ്യവസ്ഥയെയും അധികാരകേന്ദ്രങ്ങളെയും കുലനീതിയെയും കൂട്ടിച്ചേർത്ത് വിട്ടുവീഴ്ചകളില്ലാതെ ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമമാണ് വിശ്വാമിത്രനിലുള്ളത് എന്ന് സൂക്ഷ്മപരിശോധനയിൽ വ്യക്തമാകും.
ഭോഗാസക്തിയും കാമനകളും തുറന്നാഘോഷിക്കുന്ന താടകയെപ്പോലുള്ളവർ അതെല്ലാം അടിച്ചമർത്തിയ, ബ്രഹ്മചര്യത്തിലും തപോയജ്ഞാദികർമങ്ങളിലും ബന്ധിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയുടെയും വിഭ്രാന്തിയുടെയും ആഴവും പരപ്പും വിശ്വാമിത്രൻ അവളെ രാമലക്ഷ്മണന്മാർക്ക് പരിചയപ്പെടുത്തുന്ന വാക്യങ്ങളിൽ തുടിച്ചുനിൽക്കുന്നുണ്ട്.
മനുഷ്യത്വരഹിതവും അതിഹീനവുമായ ഉന്മൂലനാശമുൾപ്പെടെയുള്ള ചെയ്തികളെ നീതിമത്കരിക്കുന്നതിനായി കോപശാപങ്ങളും ജന്മ/വിധി നിയോഗങ്ങളും പൂർവജന്മവൃത്താന്തങ്ങളും അണിനിരത്തുന്ന നയതന്ത്രങ്ങൾ വിവിധ കഥാഖ്യാനങ്ങളിൽ സുലഭമാണ്. താടകക്കെതിരെ കൈക്കൊണ്ട അനീതിയും അപരാധവും ശൂർപ്പണഖയിലേക്കും സീതയിലേക്കും പാർശ്വവത്കരിക്കപ്പെട്ട മറ്റനേകം സ്ത്രീത്വങ്ങളിലേക്കും നീണ്ടുപോകുന്നത് രാമകഥയിൽനിന്ന് നമുക്ക് ഗ്രഹിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.