കല്ലായി പുഴയോരത്തെ നോമ്പുകാലം
text_fieldsകല്ലായി പുഴയോട് ചേർന്നാണ് എന്റെ വീട്. പുഴയുടെ അക്കരയാണ് കല്ലായി പള്ളി. അന്നത്തെ കാലത്ത് കല്ലായിയിൽ ഒരു പള്ളിയാണ് ഉണ്ടായിരുന്നത്. മഗ്രിബ് ബാങ്ക് കേൾക്കുന്നതിനായി അരമണിക്കൂർ മുമ്പായിതന്നെ ഞങ്ങൾ സുഹൃത്തുക്കളെല്ലാം പുഴയിൽ അട്ടിവെച്ചിരിക്കുന്ന മരത്തിന് മുകളിൽ കയറിയിരുന്ന് കാതോർത്തിരിക്കും. ബാങ്ക് വിളി കേട്ട ഉടനെ ബാങ്ക് വിളിച്ചേ... എന്ന് ഉച്ചത്തിൽ വിളിച്ചുപറയും. പുഴയോട് ചേർന്നുള്ള കുന്നത്തിൻ പറമ്പ്, കുനിക്കോട്ടു പറമ്പ് എന്നിവിടങ്ങളിലൂടെ ഓടി വീടുകളിൽ അറിയിക്കുന്നത് പതിവായിരുന്നു. ആ വിളി കേട്ടാണ് ആ പ്രദേശത്തെ വീട്ടുകാരെല്ലാം നോമ്പ് തുറക്കുന്നത്. അന്ന് സമയമറിയാനുള്ള സാമഗ്രികൾ വിരളമായിരുന്നു.
നോമ്പിന്റെ അവസാന നാളുകളിൽ അടുത്ത പ്രദേശമായ കുറ്റിച്ചിറ, പള്ളിക്കണ്ടി ഭാഗത്തുനിന്നുള്ള സൈക്കിൾ കടയിൽ നിന്ന് സൈക്കിൾ വാടകക്കെടുത്ത് ടയറിൽ ബലൂൺ, ചെറിയ ടിന്നുകൾ എന്നിവ കെട്ടിവെച്ച് ടക്-ടക് ശബ്ദത്തോടെ സൈക്കിൾ ഓടിക്കുന്നത് അന്നൊരു ഹരമായിരുന്നു.
സൈക്കിൾ തിരിച്ചുകൊടുക്കാൻ നേരം കടക്കാരൻ സമയം ആയില്ല രണ്ട് റൗണ്ട് കൂടെ ഓടിച്ചുപോന്നോളൂ എന്നു പറയുമ്പോൾ വല്ലാത്ത സന്തോഷമായിരുന്നു ഞങ്ങൾക്ക്. റമദാന്റെ അവസാന നാളുകളിൽ മരമില്ല് നടത്തുന്ന ഇബ്രാഹീംക്കാന്റെ പാണ്ടികയിൽ കുട്ടികൾക്ക് മാത്രമായി കൊടുക്കാൻ ചെറിയ ഒരു ചാക്കിൽ കൊണ്ടുവരുന്ന ഒരു രൂപയുടെ കോയിൻ വാങ്ങാൻ അസറിന് ശേഷം വരിവരിയായി നിൽക്കുന്നത് ഇന്നും ഓർമയിലുണ്ട്. അതുപോലെ റമദാൻ അവസാനം കുട്ടികളുടെ ശരീരത്തിൽ എണ്ണതേച്ച് രാത്രിയിൽ വീട്ടുകാർ കുളിക്കാൻ വിടുന്നതും പതിവായിരുന്നു. അങ്ങനെ കളിച്ച്, പറമ്പിലുള്ള കിണറിൽ നിന്നും വെള്ളം കോരി കുട്ടികൾ എല്ലാവരും ഒന്നിച്ചു കുളിക്കും.
പ്രദേശത്ത് അടുത്തടുത്ത് വീടായതുകൊണ്ട് അത്താഴം കഴിക്കാൻ എണീറ്റാൽ മറ്റുള്ള വീടുകളിലെ അടുക്കളയിലേക്കാണ് നോക്കുക. അവിടെ വെളിച്ചമുണ്ടെങ്കിൽ അവരും അത്താഴത്തിന് എഴുന്നേറ്റ് എന്നു വിചാരിക്കും. വെളിച്ചമില്ലെങ്കിൽ അവരെപോയി വിളിച്ചുണർത്തും അങ്ങനെയുള്ള പരസ്പര സ്നേഹമായിരുന്നു ആ കാലം. ഈ പ്രവാസ ജീവിതത്തിൽ ഇതെല്ലാം ഓർത്തെടുക്കുമ്പോൾ മനസ്സിൽ വല്ലാത്ത കുളിർമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.