അരനോമ്പുമായി മത്സരിച്ച കുട്ടിക്കാലം
text_fieldsനോമ്പിനെക്കാൾ മധുരമുള്ളതാണ് നോമ്പിനെ കുറിച്ചുള്ള ഓർമകൾ. ഓരോ നോമ്പുകാലം വന്നെത്തുമ്പോഴും ഓർമകളിലേക്ക് ഓടിയെത്തുന്നത് സ്കൂൾ പഠനകാലത്തെ നോമ്പു ദിവസങ്ങളായിരിക്കും. കൂട്ടുകാരുമൊത്തുള്ള കുറുമ്പുകൾ മുതൽ തരിക്കഞ്ഞിക്കും മുറിച്ചുവെച്ച പഴങ്ങൾക്കുംവരെ അതിൽ വലിയൊരു സ്ഥാനമുണ്ട്. നോമ്പെടുത്തതോർക്കാതെ ഉച്ചക്ക് സ്കൂളിൽനിന്ന് ഓടിപ്പോയി വെള്ളം കുടിച്ചതും നെല്ലിക്ക വിൽക്കുന്ന അമ്മായീടെ കയ്യീന്ന് ഉപ്പിലിട്ടത് വാങ്ങി കഴിച്ചതും പടച്ചോനെ നോമ്പാണല്ലോ എന്നോർത്ത് തുപ്പിക്കളഞ്ഞ് വാ കഴുകിയതും എന്തൊരു മധുരമുള്ള ഓർമയാണ്.
ഉമ്മാന്റെ ഉമ്മയെ പേരക്കുട്ടികൾ എല്ലാം നല്ലുമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. ഉച്ചക്കേ നോമ്പ് മുറിക്കുന്ന ഞങ്ങളോട് നല്ലുമ്മ പറയുമായിരുന്നു, ഇന്ന് അര നോമ്പെടുത്തു നാളെ അര കൂടി എടുക്കുമ്പോൾ ഒരു നോമ്പ് ആയി പടച്ചോൻ അത് കണക്ക് കൂട്ടുമെന്ന്. ഞങ്ങൾ പിള്ളാരെ പറ്റിക്കാനുള്ള ഒരു പൊടിക്കൈ ആണെങ്കിലും, വിശപ്പിന്റെ വിലയറിയാൻ അതൊരു വലിയ കാരണമായിരുന്നു. സ്കൂളുള്ള ദിവസം നോമ്പ് എടുക്കുന്നത് അറിയുകയേയില്ല.
സമയമങ്ങനെ പെട്ടെന്ന് കാറ്റുപോലെ ഓടിപ്പോകും. സ്കൂൾ വിട്ട് വീട്ടിലേക്ക് ഓടുമ്പോൾ പലതരം വിഭവങ്ങളുടെ മണം അങ്ങനെ മൂക്കിലേക്ക് അടിച്ചുകയറും. അത് കഴിക്കാനുള്ള കാത്തിരിപ്പ് ആയിരിക്കും പിന്നീടുള്ള സമയങ്ങൾ. കല്യാണവീട്ടിൽ ബിരിയാണി ചെമ്പ് പൊട്ടിക്കാൻ കാത്തുനിൽക്കുന്ന കുട്ടികളെപ്പോലെ അക്ഷമരായി നമ്മളൊക്കെ എത്ര നിന്നിട്ടുണ്ട്. കാര്യം ഉമ്മമാർക്കൊക്കെ പിടിപ്പത് പണിയുടെ കാലമാണ് നോമ്പ് എങ്കിലും, നമ്മൾ കുട്ടികൾക്ക് അന്നത്തെ കാലത്ത് അതൊരു വലിയ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു.
മദ്റസയിൽ പോകുമ്പോഴും സ്കൂളിൽ പോകുമ്പോഴും എല്ലാവർക്കും ചോദിക്കാനുള്ള ഒരു ചോദ്യം ഇന്ന് നിന്റെ എത്രാമത്തെ നോമ്പാണ് എന്നുള്ളതായിരിക്കും. കള്ളത്തരം കാണിച്ച് നോമ്പെടുക്കാത്തവരാണെങ്കിലും ഉണ്ടെന്ന് തന്നെ പറയും. എന്നിട്ട് ആരും കാണാതെ ഐസും തേൻ മുട്ടായിയും ഒക്കെ കഴിച്ച് ഒരു മൂലയിൽ അങ്ങനെ ഒളിഞ്ഞുനിൽക്കും. നോമ്പ് തുറക്കും മുമ്പ് ഒരു ആനയെ തിന്നാനുള്ള വിശപ്പും ആഗ്രഹവും മനസ്സിൽ ഉണ്ടാവും.
എന്നാലോ, ഒരീത്തപ്പഴവും ഇത്തിരിയോളം നാരങ്ങാവെള്ളവും കുടിച്ചാൽ വയറങ്ങോട്ട് നിറഞ്ഞു തുളുമ്പും, പക്ഷേ നമ്മൾ തോറ്റു കൊടുക്കില്ലല്ലോ, വയറല്ലേ നിറഞ്ഞിട്ടുള്ളൂ മനസ്സപ്പഴും അങ്ങനെ നിറയാതിരിക്കുവല്ലേ. 30 പകലുകൾ, 30 രാത്രികൾ, ദിക്റുകൾ, ഖത്തം തീർക്കൽ, ഇരുപത്തിയേഴാം രാവിലെ പത്തിരിയും കോഴിക്കറിയും, പെരുന്നാളിന് കിട്ടാൻ സാധ്യതയുള്ള പെരുന്നാൾ കാശിന്റെ കണക്ക് കൂട്ടലും എല്ലാം ഒരോർമ ആയി ഇന്നും മനസ്സിൽ ഉണ്ട്.
ഒരുമിച്ചുള്ള നോമ്പുതുറയും തറാവീഹ് നിസ്കാരവും എല്ലാം, കുടുംബങ്ങളെയും കുട്ടികളെയും ഒരുപോലെ സന്തോഷിപ്പിച്ചിരുന്നു. രാത്രി വൈകിയാലും കഴുകിത്തീരാത്ത പാത്രങ്ങളുമായി ഉമ്മമാർ ഇരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ടെങ്കിലും, അവരതിൽ സന്തോഷം കാണുന്നതാണ് നോമ്പിന്റെ ഭംഗി.
(ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.ബി.എഫ് പ്രസിഡന്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.