റമദാനിലെ അര നോമ്പുകൾ
text_fieldsപുണ്യങ്ങളുടെ പൂക്കാലം വന്നണഞ്ഞു. വിശ്വാസികള്‍ ഉണര്‍ന്നു. വീടുകളും പള്ളികളും സജീവം. പള്ളികളില്‍ വിശ്വാസികളുടെ തിരക്കാണ്. എവിടെയും ഖുര്‍ആന്‍ പാരായണത്തിന്റെ ഈരടികള്‍. ഉല്ബോധനങ്ങള്, മതപ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ പഠന ക്ലാസുകള്‍, കാരുണ്യ പ്രവര്‍ത്തനങ്ങൾ, ദാനധര്‍മങ്ങള്‍, കൂട്ടുകുടുംബത്തെ സന്ദര്‍ശിക്കല്‍, അകന്നു കഴിയുന്നവര്‍ അടുത്തിടപഴകല്‍ തുടങ്ങി സകല സുകൃതങ്ങള്‍ വിതറപ്പെടുന്ന പുണ്യ റമദാൻ. ഇഫ്താർ വിരുന്നുകൾ മതസൗഹാർദ സംഗമങ്ങള്‍ തുടങ്ങിയ സുകൃതങ്ങളില്‍ മുഴുകി നാടും നഗരവും സജീവം.
നോമ്പ് ഓർമകളിൽ ഏറ്റവും സമൃദ്ധമായതും മധുരമായതും ബാല്യകാലത്തെ ഓർമകളാണ്. കുട്ടിക്കാലത്ത് റമദാൻ മാസം തുടങ്ങിയാൽ പിന്നെ പെരുന്നാളിനായി കാത്തിരിപ്പാണ്. പുതിയ ഉടുപ്പിനും പെരുന്നാൾ കൈനീട്ടത്തിനും വേണ്ടിയുള്ള കാത്തിരിപ്പ്. ഈ പ്രവാസത്തിന് തീച്ചൂളയിൽ വെന്തുരുകുന്ന ഈ പുണ്യ റമദാൻ മാസത്തിൽ അൽപമൊരാശ്വാസം തരുന്നത് ബാല്യകാലത്തെ റമദാൻ ഓർമപ്പൂക്കളാണ്. റമദാൻ മാസപ്പിറവിക്കുതന്നെ മിക്ക വീടുകളിൽ നോമ്പ് കാലത്തേക്കുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുണ്ടാകും. കുഞ്ഞു നാളിലെ എന്നും മധുരമുള്ള ഓർമയായി സൂക്ഷിക്കുന്നത് ഉമ്മയുടെ നൈസ് പത്തിരിയും ആറ്റിത്തണുപ്പിച്ച തരിക്കഞ്ഞിയുമാണ്.
റമദാൻ നാളിൽ മാത്രം മിക്ക വീടുകളിലും കാണപ്പെടുന്ന പ്രത്യേക വിഭവം തന്നെയാണ് ഇത്. നോമ്പിന്റെ ആദ്യത്തെ പത്ത് കുട്ടികൾക്കാണ് എന്ന കേട്ടറിവിന്റെ അടിസ്ഥാനത്തിൽ 10 നോമ്പുകൾ വളരെ ഉത്സാഹത്തിൽ നോറ്റുതീർക്കുമായിരുന്നു. അതോടെ അവശയായിട്ടുണ്ടാകും. പിന്നീടുള്ള നോമ്പുകൾ വീട്ടുകാരുടെ നിർബന്ധപ്രകാരം പാതിവെച്ചു മുറിച്ചതും ഇടവിട്ടുള്ള നോക്കലുമായിരിക്കും. അയൽവാസികളോടും കൂട്ടുകാരോടും നോമ്പിന്റെ എണ്ണം പറയാനുള്ള തിടുക്കമായിരിക്കും. കുട്ടിക്കാലത്തെ നോമ്പിന്റെ ആവേശം വേറെ തന്നെയാണ്.
അത്താഴത്തിന് എഴുന്നേൽക്കുക, നോമ്പ് തുറക്കാൻ നോമ്പുകാരേക്കാൾ ധൃതി കാണിക്കുക, നോമ്പ് നോക്കി പകുതിക്കുവെച്ച് ആരും കാണാതെ മുഖം കഴുകുന്നു എന്ന വ്യാജേന വെള്ളം കുടിക്കുക, അങ്ങനെ പലതും. അടുക്കളയിലെ ബഹളം കേട്ടായിരിക്കും അത്താഴത്തിന് എഴുന്നേൽക്കുക. സുബ്ഹി ബാങ്ക് കൊടുക്കുന്നതിന്റെ അഞ്ചു മിനിറ്റോ പത്തു മിനിറ്റോ ബാക്കി ഉണ്ടാകുമ്പോഴായിരിക്കും വീട്ടുകാരുടെ ശബ്ദം കേട്ടുണരുന്നത്. ഉറക്കം പോയിട്ടില്ലാത്ത തറക്കുന്ന കണ്ണുകൾ തിരുമ്മിക്കൊണ്ട് അടുക്കളയിലേക്ക് നടക്കും. അതുകണ്ട് സഹോദരി പറയും ‘ആ ആളെത്തി’......തല ചൊറിഞ്ഞു കൊണ്ട് അവരെ നോക്കി നില്കുമ്പോ ഉമ്മയുടെ ഒരു ചോദ്യം.. നീ നോമ്പ് നോക്കുന്നോ..??
സമ്മത ഭാവത്തിൽ തലയാട്ടും. ‘‘പോയി പല്ല് തേക്ക്, ഇപ്പൊ ബാങ്ക് കൊടുക്കും’’ ഉടനെ ബാത്ത്റൂമിലേക്ക് ഓടും. എന്നിട്ട് പല്ലു തേച്ചു എന്ന് വരുത്തി മേശയ്ക്കരികിലെത്തും. അപ്പോഴേക്ക് ഉമ്മ ചൂട് ദോശയോ പത്തിരിയോ പാത്രത്തിൽ വിളമ്പും. അതു കഴിച്ചു കഴിയാറാകുമ്പോഴേക്കും പള്ളിയിൽനിന്ന് സുബ്ഹി ബാങ്ക് വിളി ഉയരും.
ഉമ്മയും സഹോദരിയും നിസ്കാരത്തിനായി പോകുമ്പോൾ എന്റെ കണ്ണുകൾ വീണ്ടും ഉറക്കത്തിലേക്ക് ചാടും. ഉറക്കം തൂങ്ങുന്ന എന്നെ കണ്ടാൽ പിന്നെ ഉമ്മയുടെ ശകാരം ‘പോയി ഉറങ്ങാൻ’ പിന്നെ പതിയെ ഉറക്കത്തിലേക്ക്.
റംസാൻ കാലത്ത് ചില ദിവസങ്ങളിൽ സ്കൂൾ ഉണ്ടാകാറില്ല. മദ്റസയിൽ കൊല്ലപ്പരീക്ഷയുടെ റിസൽട്ടിനായി കാത്തിരിക്കുന്ന കാലവും. അതുകൊണ്ട് അവധിക്കാലം ഉത്സവകാലം തന്നെയാണ് അതുകൊണ്ട് രാവിലെതന്നെ എഴുന്നേൽക്കും. പിന്നെ കൂട്ടിനു കളിക്കാൻ അനുജൻ ഉണ്ടാകും. അവന് നോമ്പില്ലാത്തതു കൊണ്ട് ഉമ്മ ചോറിന് വിളിക്കും. ആ നേരം എനിക്കും വിശക്കും. അത്താഴത്തിനു ബാക്കിവന്ന എന്തെങ്കിലും ആരും കാണാതെ കഴിക്കും. ഉമ്മയോ സഹോദരിയോ കണ്ടാൽ അത്താഴം മാട്ടി (അത്താഴം കഴിച്ചു നോമ്പ് മുറിച്ചവൻ) എന്ന് വിളിക്കും. ആരെങ്കിലും വീട്ടിൽ വന്നാൽ നോമ്പില്ലേ എന്ന് ചോദിച്ചാൽ അര നോമ്പ് ഉണ്ട് എന്ന് പറയും. അപ്പോൾ അവരുടെ ഒരു കളിയാക്കി ചിരിക്കലും...
നോമ്പ് തുറക്കാൻ നേരത്ത് ഉണ്ടാകുന്ന ബത്തക്ക വെള്ളം ആദ്യം രുചിച്ചുനോക്കലും നോമ്പ് തുറക്കാൻ നേരം ആദ്യം മേശയിൽ ചെന്നിരിക്കുന്നതും ഞാൻ ആയിരിക്കും. ആ സമയം നോമ്പ് നോറ്റവരേക്കാൾ നോമ്പ് തുറക്കാൻ ധിറുതി എനിക്കായിരിക്കും. അങ്ങനെ റമദാൻ മാസത്തിലെ 30 നോമ്പിൽ നിന്നും അര നോമ്പുകൾ നോക്കി മൂന്നോ നാലോ നോമ്പുകൾ ഉണ്ടാവും അതായിരുന്നു. കുട്ടിക്കാലത്തെ നോമ്പനുഷ്ഠാനം. ഇത് എന്റേത് മാത്രമല്ല, നിങ്ങളുടെ ഓരോരുത്തരുടെയും... അല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.