ആദ്യ നോമ്പിന്റെ നറുനിലാവിൽ
text_fieldsകോട്ടയം ജില്ലയിലെ ചിറക്കടവ് ആണ് എന്റെ നാട്. എല്ലാ മതസ്ഥരും ഇട കലർന്ന് താമസിക്കുന്ന കൊച്ചു ഗ്രാമം. എരുമേലി എം.ഇ.എസ് കോളജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. കാമ്പസിൽ എനിക്ക് ഒട്ടേറെ മുസ്ലിം സുഹൃത്തുക്കളുണ്ടായിരുന്നതിനാൽ അവരെല്ലാം പെരുന്നാൾ വിഭവങ്ങൾ കൊണ്ടു വരികയും അതെല്ലാം പങ്കിട്ട് കഴിക്കുന്നതെല്ലാം ഒരാഘോഷം തന്നെയായിരുന്നു. ഓർമയിൽ നിറഞ്ഞു നിൽക്കുന്ന പെരുന്നാൾ സന്തോഷം.
എന്റെ വീടിനടുത്തുള്ള പ്രിയ സുഹൃത്ത് ഷംനയുടെ വീട്ടിലേക്ക് എന്നെ പെരുന്നാളിന് ക്ഷണിക്കുമായിരുന്നു. ഷംനയുടെ ഉമ്മച്ചി ഉണ്ടാക്കുന്ന പ്രത്യേക ഭക്ഷണങ്ങൾ എനിക്കേറെ ഇഷ്ടവുമാണ്. എന്നാൽ, ഇതുവരെ നോമ്പ് തുറകൂടാനുള്ള അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഈ വർഷം മസ്കത്തിലെ വാദികബീറിൽ വെച്ചാണ് അതിനുള്ള സൗഭാഗ്യം ലഭിച്ചത്. മലർവാടി കുട്ടികളോടും മുതിർന്നവരും ഒരുമിച്ചിരുന്ന് മഗ്രിബ് ബാങ്ക് കേട്ടപ്പോൾ എല്ലാവരും ചേർന്ന് നോമ്പ് തുറന്നു വളരെ ഹൃദ്യമായ ഒരനുഭവമായിരുന്നു അത്.
ഇവിടെ വന്ന ശേഷം ധാരാളം നല്ല കുടുംബ സുഹൃത്തുക്കളെ ലഭിച്ചു. അവരിലധികപേരും കണ്ണൂരിൽ നിന്നുള്ളവരാണ്. നോമ്പ് തുറക്കുമ്പോൾ പല വിധത്തിലുള്ള പലഹാരങ്ങൾ കൊണ്ട് വരും. ഇത്രമാത്രം വ്യത്യസ്തമായ പലഹാരങ്ങൾ കാണുന്നതും കഴിക്കുന്നതും ഒമാനിൽ വന്ന ശേഷമാണ്.
ഒരേ കോമ്പൗണ്ടിൽ തന്നെ അമ്പലവും ചർച്ചും ഒരുമിച്ചു കാണാൻ കഴിയുന്നത് ഒമാനിലെ മനോഹരമായ കാഴ്ച തന്നെയാണ്. ഇവിടത്തെ പ്രകൃതിപോലെ തന്നെ ജീവിതവും ശാന്തിയും സമാധാനവും നിറഞ്ഞതാണ്. ജാതി മത വേർതിരിവില്ലാതെ മനുഷ്യനായി ജീവിക്കാൻ കഴിയുന്ന ഈ നാട്ടിലെ വലിയ പള്ളിയായ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിന്റെ അകം കാണണമെന്നാണെന്റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.