ഓർമയിൽ മായാതെആദ്യ നോമ്പിന്റെ മാധുര്യം
text_fieldsഎറണാകുളം ജില്ലയിലെ ഞങ്ങളുടെ പ്രദേശത്ത് ഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങൾ ധാരാളമുണ്ടെങ്കിലും മുസ്ലിം കുടുംബങ്ങൾ കുറവായിരുന്നു. സ്കൂൾ വിദ്യാഭ്യാസം സെന്റ് ജോസഫ് കോൺവന്റ് ഹോസ്റ്റലിലായിരുന്നു. പിന്നീട് ആർ.എൽ.വി കോളജിലും, ശ്രീ ശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റിയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
അതിനു ശേഷം സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുമ്പോഴൊന്നും ഒരൊറ്റ മുസ്ലിം സുഹൃത്തിനെ കിട്ടാനുള്ള ഭാഗ്യം ഉണ്ടായില്ല. മറ്റ് ഏതൊരു മതത്തെയും, അവരുടെ വിശ്വാസങ്ങളെയും ആദരവോടെ കാണുന്ന എനിക്ക് ഇസ്ലാം വിശ്വാസത്തെ അടുത്തറിയാൻ താൽപര്യമുണ്ടായിട്ടും അതിന് കഴിയാത്തതിന്റെ സങ്കടം തോന്നിയിരുന്നു. മസ്കത്തിലെത്തി, ഇന്ത്യൻ സ്കൂളിൽ അധ്യാപികയായപ്പോഴാണ് ഞങ്ങളുടെ ഫാമിലി ഫ്രണ്ട്സായി കുറച്ച് മുസ്ലിം സുഹൃത്തുക്കളെ ലഭിച്ചത്. അങ്ങനെ അവരുടെ വിശ്വാസ ജീവിതരീതികളെ കുറിച്ചറിയാൻ എളുപ്പമായി. നോമ്പ് എടുക്കുന്നവരുടെ ഭക്തി, സഹനം, സഹായമനസ്കത എല്ലാം കണ്ടപ്പോൾ ഞാനും അതിലേക്ക് ആകർഷയായി.
ഒരു ദിവസമെങ്കിലും നോമ്പ് എടുക്കണമെന്ന് അതിയായി ആഗ്രഹിച്ചു. പറയാതെ വയ്യ.. ആദ്യനോമ്പെടുത്ത ദിവസം ഒരു പ്രത്യേക അനുഭൂതിയായിരുന്നു. സുബഹി ബാങ്ക് മുതൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മഗ്രിബ് ബാങ്ക് വരെയുള്ള നേരം കടന്നുപോകുന്നത് വല്ലാത്തൊരു അനുഭവം തന്നെയാണ്. നമ്മൾ ദൈവത്തോട് കൂടുതൽ അടുക്കുന്നതായി തോന്നിയിരുന്നു. ഒരു നോമ്പ് മാത്രം എടുക്കാൻ ശ്രമിച്ച എനിക്ക് ആ വർഷം 25 നോമ്പെടുക്കാൻ കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമായിട്ടാണ് ഇന്നും ഓർക്കുന്നത്. ഹിന്ദു മത വിശ്വാസിയായ എന്റെ ആദ്യ നോമ്പ് തുറയുടെ മാധുര്യം ഓർമയിലെന്നും ഇരട്ടി മധുരം നൽകുന്നു. ഇപ്പോഴും എന്റെ സുഹൃത്തുക്കൾക്ക് എന്നെ കൊണ്ട് കഴിയുന്നത് പോലെ ഇഫ്താർ വിരുന്ന് ഒരുക്കാൻ ശ്രദ്ധിക്കാറുണ്ട്. ഓരോ റമദാൻ മാസം വരുമ്പോഴും ഞാൻ ആദ്യ നോമ്പ് നോറ്റ നല്ല നാളുകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.