ഒമാനിയുടെ കണ്ണിലെ റമദാൻ സ്നേഹം
text_fieldsപണ്ട് നടന്ന സംഭവമാണ്. അച്ഛനും അമ്മയും ഒമാനിലുള്ള ആ സമയത്തെ എന്റെ ഒരു യാത്രാനുഭവമാണ്. അന്ന് ജോലിയന്വേഷിച്ചു നടക്കുന്ന കാലം. മൊബൈൽ ഫോണും ഇന്റർനെറ്റും ഒന്നുമില്ല. ഒമാൻ നാഷനൽ ട്രാൻസ്പോർട്ട് ബസിലാണ് സുഹൃത്തായ ദാസേട്ടനെ കണ്ട് സുഹാറിൽനിന്ന് തിരിച്ചുവരുന്നത്. മുപ്പത് പേരോളം ഉണ്ടായിരുന്ന ബസിന്റെ ഏതാണ്ട് മധ്യഭാഗത്താണ് ഇരുന്നത്. നോമ്പ് കാലമായതിനാൽ മഗ്രിബ് ബാങ്കിന് മുമ്പ് ബസ് പ്രാർഥനക്കും നോമ്പുതുറക്കും വേണ്ടി ഒരിടത്ത് പാർക്ക് ചെയ്തു. യാത്രക്കാർ പുറത്തേക്കിറങ്ങി. പ്രത്യേകിച്ച് ആവശ്യങ്ങൾ ഒന്നുമില്ലാത്തതിനാൽ ഞാൻ ബസിൽ തന്നെയിരുന്നു.
പിറകിലെ സീറ്റിൽ ഒമാനി സ്ത്രീകളും കുറച്ച് മുന്നിലൊരു സീറ്റിൽ വയോധികനായ ഒമാനിയും മാത്രമേ ഉണ്ടായിയിരുന്നുള്ളൂ. അൽപം കഴിഞ്ഞ് മഗ്രിബ് ബാങ്ക് കേട്ടതോടെ എന്നെ നോമ്പ് തുറക്കാൻ വിളിച്ചു. നോമ്പില്ല എന്ന് പറഞ്ഞിട്ടും അദ്ദേഹത്തിന് സമ്മതമായില്ല. ഒടുവിൽ എഴുന്നേറ്റ് അദ്ദേഹത്തിന്റെ സീറ്റിനടുത്ത് പോയിരുന്നു. വെള്ളം, ഈത്തപ്പഴം, ജ്യൂസ്, സ്വീറ്റ് പൊട്ടറ്റോ തുടങ്ങിയ ഭക്ഷണ സാധനങ്ങളെല്ലാം എന്നെ കഴിപ്പിച്ചു. അയാളുടെ പേരുപോലും എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസം കൊണ്ട് അദ്ദേഹമെടുത്ത നോമ്പ്, നോമ്പ് തുറപ്പിക്കൽ എന്നിവയെല്ലാം ആ ഒരൊറ്റ നിമിഷത്തിൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു.
ഈ വിശേഷം വീട്ടിൽ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞപ്പോൾ അവർ മറുപടി പറഞ്ഞത്, ഒമാനികൾ നിഷ്കളങ്കരായ നല്ല മനുഷ്യരാണ്. ഇത് അവരുടെ പുണ്യ മാസമാണ്. ഭക്ഷണസമയത്ത് നമ്മളെ കണ്ടാൽ കഴിപ്പിക്കുക എന്നത് അവരുടെ ശീലമാണ്. എല്ലാവരെയും നോക്കിയിട്ടാണ് ഭക്ഷണം കഴിക്കുക. ഇതുപോലുള്ള വറ്റാത്ത നന്മകൾ തന്നെയാവും ജോലി ചെയ്യുന്ന കാലം കഴിഞ്ഞാലും വിട്ടുപോകാനാവാത്ത വിധം പ്രവാസികൾ ഈ നാടിനെ പ്രണയിച്ചുപോകുന്നതിന്റെ കാരണവും. ജോലിചെയ്യുന്ന ദിവാൻ ഓഫ് റോയൽ കോർട്ട് അഫയേഴ്സിലെ ഒമാനി സുഹൃത്തുക്കൾ നോമ്പുതുറ പൊതിയുമായി ഇന്നും എന്റെ വീട്ടിലെത്തുമ്പോഴും അവരുടെ കണ്ണുകളിലും അന്ന് ഞാൻ കണ്ട വയോധികനായ ഒമാനിയുടെ കണ്ണിലെ റമദാൻ സ്നേഹം കാണുന്നു.
നമ്മുടെ നാട്ടിൽ നിന്നുള്ള ജീവിതംകൊണ്ട് മനസ്സിലാക്കിയത് പോലുള്ള ജാതിചിന്ത തൊട്ടു തീണ്ടിയിട്ടില്ലാത്ത മനുഷ്യസ്നേഹം അതാണ് ഈ നാടിനെയും അവരുടെ വിശ്വാസത്തെയും ഇത്രമേൽ ഞാൻ ഇഷ്ടപ്പെടാനുള്ള കാരണം. ഹൈന്ദവ വിശ്വാസിയായ എന്നോടുപോലും ജാതി, മത വിവേചനമില്ലാത്ത സഹോദരതുല്യ സ്നേഹാദരവ് നൽകുന്ന ഈ റമദാൻ സ്നേഹം തന്നെയാണ് എനിക്കും ഭാര്യക്കും ഇപ്പോഴും നോമ്പെടുക്കാൻ പ്രചോദനം.വിശന്നവന്റെ മുന്നിലെത്തുന്ന ആഹാരം ഒരു പുണ്യവും അനുഗ്രഹവുമാണെന്ന ബോധമാണ് എനിക്ക് റമദാൻ നൽകിയ ഏറ്റവും വലിയ അറിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.