മാവിൻചുവട്ടിലെ കുട്ടിപ്പുരയിലെ നോമ്പുതുറ
text_fieldsമലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന കൊച്ചുഗ്രാമത്തിലാണ് എന്റെ ജനനം. പാത്തു മാത്താന്റെയും ഹൈദ്രോഹിക്കാന്റെയും മാമദ്കാന്റെയും നാണുവേട്ടന്റെയും കുമാരൻ കുട്ടിച്ചന്റെയും കുട്ടിപ്പട ചേർന്നാൽ ആഘോഷങ്ങളുടെ പൊടിപൂരമായിരുന്നു ഞങ്ങളുടെ ബാല്യകാലം. നോമ്പുകാലമായാൽ ഉത്സവമാണ് ഓരോ വീട്ടിലുമുള്ള നോമ്പുതുറ. ഇന്നത്തെപ്പോലുള്ള പലഹാരങ്ങൾ ഒന്നും ഉണ്ടാവില്ല.
കൊച്ചുകൊച്ചു കുടിലുകളിലുള്ള നോമ്പുതുറ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഒരു ദിവസം ഞങ്ങൾ കുട്ടിപ്പടക്ക് ഒരാശയം തോന്നി, നോമ്പുതുറ നടത്തിയാലോ എന്ന്. എവിടെ വെച്ച് നടത്തും? ഉടനെ ലൈലയുടെ ഉത്തരം നമ്മുടെ കുട്ടിപ്പുരയിൽ നടത്താം. 14 അംഗങ്ങൾക്കും സമ്മതം. സംശയം പിന്നെയും ബാക്കി, ഭക്ഷണം ഒരുക്കണം, എങ്ങനെ.. മാമ്പഴത്തിന്റെ കാലമായതുകൊണ്ട് ഒരു ഐറ്റം മാങ്ങ. രണ്ടാമത് പഴം, അത് എവിടെനിന്ന് കിട്ടും. ആർക്കും ഉത്തരമില്ല. പഴം താൻ തരാമെന്ന് പിൻസീറ്റിൽ ഇരിക്കുന്ന ഞാൻ പറഞ്ഞു. ഞങ്ങളുടെ പറമ്പിൽനിന്ന് ഒരു കുല പൊക്കാൻ തീരുമാനിച്ചു. പഴുക്കാൻ നാലു ദിവസമെങ്കിലും എടുക്കും. ഇനിയും ഒന്നുരണ്ട് ഐറ്റം വേണം. ചർച്ചകൾ തുടർന്നു. ഒടുവിൽ, കോഴിമുട്ടയും സർബത്തുമെല്ലാം ഉത്തരമായി വന്നു.
നോമ്പുതുറ സംഘടിപ്പിക്കാനായി കാലത്തുതന്നെ മാവിൻചുവട്ടിലെ കുട്ടിപ്പുരയിലെത്തി ഒരുക്കം തുടങ്ങി. എല്ലാവരെയും ഞെട്ടിച്ച് സുബൈദയുടെ ചോദ്യം, നോമ്പുതുറ കഴിഞ്ഞാൽ നമസ്കാരത്തിന് ആര് നേതൃത്വം കൊടുക്കും. എല്ലാവരും വളരെ വിഷമത്തിലായി. പരസ്പരം ആരും മിണ്ടാതെയായി. മൊയ്തു നേതൃത്വം കൊടുക്കുമെന്ന് പറഞ്ഞു. എല്ലാവർക്കും സന്തോഷം. പക്ഷേ, മുസ്ലിം അല്ലാത്ത ഞാനടക്കമുള്ളവർ എങ്ങനെ നമസ്കരിക്കുമെന്നതായി അടുത്ത പ്രശ്നം. മുന്നിൽ നിൽക്കുന്ന ആൾ ചെയ്യുന്നപോലെ നിങ്ങളും ചെയ്യുക എന്ന് കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞു. ഒടുവിൽ മഗ്രിബ് ബാങ്ക് വിളിച്ചപ്പോൾ നോമ്പു തുറക്കുകയും നമസ്കാരത്തിലേർപ്പെടുകയും ചെയ്തു.
പരിസരബോധം മറന്ന ഞങ്ങളുടെ നോമ്പുതുറയും നമസ്കാരവും കണ്ട് ഞങ്ങളെ വീക്ഷിക്കുന്ന മൂന്നു മുഖങ്ങൾ- ചന്ദ്രമതി എന്ന എന്റെ അമ്മയും പാത്തുമ്മാത്തയും കുഞ്ഞിനുക്കയും.എനിക്ക് ഏറ്റവും സന്തോഷം തരുന്ന എന്റെ എടപ്പാളിലെ വീടിന്റെ ഗൃഹപ്രവേശമാണ്. ദക്ഷിണാമൂർത്തി ക്ഷേത്രത്തിനടുത്താണ് വീട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയിൽ റമദാൻ വ്രതത്തിന്റെ കാലം. സഹോദര സമുദായത്തിലെ സഹപ്രവർത്തകരെക്കൂടി പങ്കെടുപ്പിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. വൈകീട്ട് 4.30ന് ഐശ്വര്യദീപം തെളിച്ചായിരുന്നു തുടക്കം. തുടർന്ന് എല്ലാവരും ചേർന്ന് സ്നേഹസൗഹാർദ ഇഫ്താർ വിരുന്നിൽ പങ്കെടുത്താണ് മടങ്ങിയത്. അതിൽ പാണക്കാട് ബഷീറലി തങ്ങൾ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ഇന്നും മനസ്സിന് സന്തോഷം നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.