Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightബദ്ർ യുദ്ധം: ഇസ്‍ലാമിക...

ബദ്ർ യുദ്ധം: ഇസ്‍ലാമിക ചരിത്രത്തിലെ സമുജ്ജ്വല അധ്യായം

text_fields
bookmark_border
ramadan
cancel

ഹിജ്റ രണ്ടാം വർഷം റമദാൻ പതിനേഴ് വെള്ളിയാഴ്ചയാണ് ചരിത്രപ്രസിദ്ധമായ ബദ്ർ യുദ്ധം നടന്നത്. ‘യൗമുൽ ഫുർഖാൻ’ എന്നാണ് ബദ്ർ യുദ്ധദിനത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത്. അസത്യത്തിനുമേൽ സത്യവും അനീതിക്കുമേൽ നീതിയും അധർമത്തിനുമേൽ ധർമവും ആധിപത്യമുറപ്പിച്ച ദിനമായതുകൊണ്ടാണ് ബദ്‌ർ ദിനത്തെ യൗമുൽ ഫുർഖാൻ എന്നു വിശേഷിപ്പിക്കുന്നത്.

അഹങ്കാരാർഭാടങ്ങളോടെയാണ് മക്കയിലെ ബഹുദൈവ വിശ്വാസികൾ ബദ്റിലേക്കു പുറപ്പെട്ടത്. ആൾബലവും ആയുധശേഖരങ്ങളും അവരുടെ ആത്മവിശ്വാസത്തെ ഇരട്ടിപ്പിച്ചു. മറുവശത്ത് നബിയുടെ നേതൃത്വത്തിലുള്ള മുസ്‍ലിം സൈന്യം കാര്യമായ യുദ്ധസന്നാഹങ്ങളോ സൈനികസജ്ജീകരണങ്ങളോ ഇല്ലാതെയാണ് യുദ്ധത്തെ നേരിടാനുറച്ചത്. ഉറച്ച വിശ്വാസവും ആത്മാർഥതയും സമർപ്പണവും മാത്രമായിരുന്നു അവരുടെ ഊർജം. ബദ്റിൽ പ്രതിയോഗികൾക്കുമേൽ സമ്പൂർണ ആധിപത്യമുറപ്പിക്കാൻ മുസ്‍ലിം സൈന്യത്തിനു സാധിച്ചു.

അല്ലാഹുവിന്‍റെ സഹായത്തിലുള്ള വിശ്വാസദൃഢതയാണ് പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസികളെ വിജയത്തിലേക്കു നയിക്കുക എന്നതാണ് ബദ്ർ നൽകുന്ന വലിയ ഗുണപാഠം. കഴിവും ആസൂത്രണവും മനുഷ്യവിഭവങ്ങളുമെല്ലാം ഉണ്ടെങ്കിലും അല്ലാഹുവിൽനിന്നുള്ള സഹായത്തിൽ നാം അടിയുറച്ച് വിശ്വസിക്കണം.

പ്രതിബന്ധങ്ങളെ സക്രിയമായി അഭിമുഖീകരിക്കാൻ മുസ്‍ലിം ഉമ്മത്തിനെ പാകപ്പെടുത്തുന്നതിൽ ബദ്റിന് അനൽപമായ പങ്കുണ്ട്. അബൂസുഫ് യാനിന്‍റെ നേതൃത്വത്തിലുള്ള വർത്തകസംഘത്തെ പിടികൂടാനാണല്ലോ നബി സഹാബികളൊന്നിച്ച് ബദ്റിലേക്ക് പുറപ്പെട്ടത്. വാദീ ദഫിറാനിൽവെച്ചാണ്, സർവായുധവിഭൂഷിതമായ മക്കാ സൈന്യത്തെയാണ് തങ്ങൾക്കു നേരിടേണ്ടത് എന്ന യാഥാർഥ്യം നബി അറിയുന്നത്. പതർച്ചയും പകർച്ചയുമില്ലാതെ നബി തന്‍റെ നേതൃശേഷി പ്രകടിപ്പിച്ച സന്ദർഭമായിരുന്നു അത്. അനുചരരെ അഭിസംബോധന ചെയ്ത് നബി അല്ലാഹുവിന്‍റെ തീരുമാനം അറിയിച്ചു. മുഹാജിറുകളും അൻസാറുകളുമടങ്ങുന്ന സഹാബികൾ നിരുപാധികമായ പിന്തുണയാണ് തങ്ങളുടെ നേതാവിന് നൽകിയത്.

ഭൗതികമായി അനേകം പരിമിതികളുണ്ടെങ്കിലും ഒരുമയുണ്ടെങ്കിൽ വിജയത്തിലെത്താമെന്ന് ബദ്റിലെ വിജയം െതളിയിക്കുന്നു. അഭിപ്രായഭിന്നതകളെല്ലാം നിലനിർത്തിത്തന്നെ ജീവൽപ്രശ്നങ്ങളിൽ ഒന്നിക്കാനുള്ള പ്രചോദനമാണ് ബദ്ർ നമുക്കു നൽകുന്ന സന്ദേശം. അനൈക്യമാണ് മുസ്‍ലിം ഉമ്മത്തിന്‍റെ വർത്തമാനകാലത്തെ ഏറ്റവും വലിയ പ്രശ്നം. നാം ഒന്നിച്ചുനിന്നാൽ നേടാനാവാത്തതായി ഒന്നുമുണ്ടാകില്ല. ചിതറിത്തെറിച്ചാൽ പ്രാപ്യമായതുപോലും നഷ്ടപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2023
News Summary - ramdan special write up
Next Story