അകംനിറച്ച ഒരു ഇമാറാത്തി നോമ്പുതുറ
text_fieldsയു.എ.ഇ യുവജനകാര്യ-സാംസ്കാരിക മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇമാറാത്തി കുടുംബത്തിനൊപ്പം നോമ്പുതുറക്കാൻ അവസരം ലഭിച്ച മലയാളിയുടെ അനുഭവം
നോമ്പ് കാലം പല തിരിച്ചറിവുകളുടെയും മാസമാണ്. റമദാനിന്റെ ആത്മീയാനുഭവങ്ങൾ എല്ലായിടത്തും ഒരുപോലെയായിരിക്കുമെങ്കിലും അതിന്റെ സാംസ്കാരികാനുഭവങ്ങൾ അത്ഭുതകരമായ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. അതിനാലാണ് ചൈനയിലും യൂറോപ്പിലും സുഡാനിലും ബംഗ്ലാദേശിലും ഒരേ ആരാധനാകർമത്തിന്റെ അനുഭവങ്ങൾ വ്യത്യസ്തമാവുന്നത്. ഒരാണിൽ നിന്നും പെണ്ണിൽനിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ വിവിധ വംശ-ഗോത്രങ്ങളിലായി ക്രമീകരിക്കപ്പെട്ടത് പരസ്പരം തിരിച്ചറിയാനാണെന്ന് ഖുർആൻ ഓർമിപ്പിക്കുന്നുണ്ട്. പരസ്പരം തിരിച്ചറിയുക എന്ന പ്രയോഗത്തിന് വലിയ പ്രാധാന്യമുണ്ട്. ഇരുന്നൂറോളം രാജ്യങ്ങളിൽനിന്നുള്ള മനുഷ്യർ ഒരുമിച്ച് സമാധാനത്തിലും സന്തോഷത്തിലും താമസിക്കുന്ന ഇമാറാത്തിൽ ഇതിന്റെ പ്രസക്തി വളരെ വലുതാണ്. റമദാനിൽ ഇമാറാത്തി വീടുകളിലെ സംസ്കാരം അനുഭവിക്കാനും മനസ്സിലാക്കാനും അസുലഭമായ ഒരവസരം ഒരുക്കിയിരിക്കുകയാണ് സർക്കാർ. യുവജന-സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഒരു ഇമാറാത്തി കുടുംബത്തിന്റെ അതിഥിയായി നോമ്പ്തുറക്ക് ക്ഷണിക്കുന്നതാണ് രീതി.
ഇത്തരത്തിൽ അപേക്ഷിച്ച് അവസരം ലഭിച്ച ഞങ്ങളുടെ ആതിഥേയൻ മുഹമ്മദ് ഹസൻ അബ്ദുല്ല എന്ന ഇമാറാത്തിയായിരുന്നു. വീടിന്റെ ഗേറ്റിന് പുറത്ത് നിൽക്കുമ്പോൾ അപരിചിതമായ ഒരിടത്താണ്, ഇവിടെ തങ്ങളുടെ സാന്നിധ്യം വിലമതിക്കപ്പെടുമോ എന്ന ചിന്തക്ക് സെക്കൻഡുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗേറ്റ് കടന്നുവന്ന അദ്ദേഹം ഊഷ്മളമായി സ്വീകരിച്ചു. ഞങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു അദ്ദേഹമെന്ന് വ്യക്തം. ഞാനും സുഹൃത്ത് സാബിർ അബ്ദുല്ലയും അഷ്ഫാഖും കൂടാതെ 3 യൂറോപ്യൻമാരുമാണ് അതിഥികൾ. ആറ് അതിഥികളും മുഹമ്മദ് ഹസൻ അബ്ദുല്ലയും സഹോദരൻമാരും മക്കളും എല്ലാമടക്കം ഇരുപതോളംപേരുണ്ടായിരുന്നു.
‘ഇദ്ദേഹത്തിന് മൂന്നു ഭാര്യമാരിലായി 11 മക്കളുണ്ട്’. നോമ്പ്തുറ വിഭവങ്ങൾ ഒരുക്കി ഓടിനടക്കുന്ന കുട്ടികളെ നോക്കി അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. തങ്ങൾക്ക് അപരിചിതമായ ഒരു സംസ്കാരത്തിന്റെ വിശേഷങ്ങളിലേക്ക് അതിഥികൾ കാതോർത്തു. ബാങ്ക് കൊടുത്തപ്പോൾ അദ്ദേഹം ഭക്ഷണത്തിലേക്ക് ക്ഷണിച്ചു. മെലിഞ്ഞ ശരീരമുള്ള യൂറോപ്യൻ അതിഥികൾ പക്ഷേ ഭക്ഷണത്തളികയുടെ മുന്നിൽ ഒതുങ്ങിയിരിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നുണ്ടായിരുന്നില്ല. വേണമെങ്കിൽ കസേരയിലിരിക്കാം എന്ന ആതിഥേയന്റെ ക്ഷണത്തെ അവർ സ്നേഹപൂർവം നിരസിച്ചു. അദ്ദേഹം തന്നെ ഓരോരുത്തരുടെയും പാത്രമെടുത്ത് ഭക്ഷണം വിളമ്പിത്തന്നു.
‘ഞങ്ങളുടെ സംസ്കാരത്തിൽ അതിഥികൾ ചെയ്യേണ്ട ഒരു കാര്യമുണ്ട്’ മുഹമ്മദ് ഹസൻ പറഞ്ഞു. എന്നിട്ടദ്ദേഹം ആട്ടിൻ തലവെച്ചുനീട്ടി. ആട്ടിൻതല പൊട്ടിച്ച് തലച്ചോറ് പുറത്തെടുക്കേണ്ടത് അതിഥികളാണത്രെ. ഏതായാലും ഞങ്ങൾക്കായി അവസാനം അദ്ദേഹത്തിന്റെ ബന്ധു ആ ദൗത്യം ഏറ്റെടുത്തു. ആട്ടിൻതലക്ക് ഒരു ലോക്കുണ്ടെന്നും അതിന് ഒരുചാവി ഉണ്ടെന്നും പറഞ്ഞ് എങ്ങനെയാണ് ലോക്കഴിച്ച് അത്പൊട്ടിക്കുക എന്ന് അദ്ദേഹം കാണിച്ചുതന്നു.
ഭക്ഷണശേഷം മജ്ലിസിൽ ഒരുമിച്ചിരുന്ന് കുശലാന്വേഷണങ്ങളിൽ ഏർപ്പെട്ട ഞങ്ങൾക്ക് മധുരവും ചായയുമായി കുട്ടികൾ ഓടിനടന്നു. ഹംഗറി എംബസിയിലെ ചെറുപ്പക്കാരനായ അതിഥിയോട് ഏറെനേരം ഞങ്ങൾ സംസാരിച്ചു. യൂറോപ്പിൽ താൻ കേട്ട് പരിചയിച്ച മുസ്ലിം ലോകവും താൻ അനുഭവിക്കുന്ന മുസ്ലിം ലോകവും തമ്മിലെ അന്തരം അദ്ദേഹം പറഞ്ഞു. വലിയ കുടുംബവും അവിടത്തെ ഒത്തുചേരലുകളുമെല്ലാം അദ്ദേഹത്തിന് അത്ഭുതകരമായിരുന്നു. ‘ഞങ്ങളുടെ നാട്ടിൽ മിക്കവർക്കും ഒരു കുട്ടിയാണുണ്ടാവുക.
അത്യധികം സമ്മർദമായിരിക്കും ആ കുഞ്ഞിന്.. ഇവിടെ എത്രയാണ് കുഞ്ഞുങ്ങൾ’ ആ മജ്ലിസിൽ ധാരാളമുണ്ടായിരുന്ന കുട്ടികളെ നോക്കി പറഞ്ഞു. കേരളവും അറബികളും തമ്മിലെ ചരിത്രബന്ധവും കുടുംബവും തുടങ്ങി ധാരാളം കാര്യങ്ങൾ വർത്തമാനത്തിൽ കടന്നുവന്നു. ഒടുക്കം ഇശാ ബാങ്ക് കൊടുത്തപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. അതിഥിയെ ആദരിക്കാത്തവൻ നമ്മിൽപെട്ടവനല്ല എന്ന പ്രവാചകവചനം ഹൃദയത്തിൽ സൂക്ഷിക്കുന്നവർ എങ്ങനെ നല്ല ആതിഥേയനാകാതിരിക്കും എന്നോർത്ത് അവിസ്മരണീയാനുഭവത്തെ ഹൃദയത്തിൽ ചേർത്ത് ഞങ്ങൾ പടിയിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.