ഇരുൾവീഴാത്ത മനസ്സുമായി ഇന്ദുലേഖയുടെ കാരുണ്യഹസ്തം
text_fieldsദുബൈ: കൺനിറയെ ഇരുട്ടാണെങ്കിലും ഇന്ദുലേഖയുടെ അകക്കണ്ണിൽ പട്ടിണി കിടക്കുന്നവന്റെ മുഖത്തിന് ഒരേ ഛായയാണ്. മങ്ങലേൽക്കാത്ത ഹൃദയവുമായി ഒന്നരപതിറ്റാണ്ടായി യു.എ.ഇയിലെ തൊഴിലാളികൾക്കിടയിലേക്ക് ഒഴുകിയെത്തുകയാണ് ഈ കണ്ണൂരുകാരി. റമദാനിലെ ഓരോ വൈകുന്നേരങ്ങളിലും ദുബൈയിലെ താമസസ്ഥലത്തുനിന്ന് ഇന്ദുലേഖയുടെ കാർ തൊഴിലാളികളെ ലക്ഷ്യമിട്ട് ഉരുണ്ടുതുടങ്ങും. എല്ലാവരും ലേബർ ക്യാമ്പുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഇന്ദുലേഖ എത്തുന്നത് തൊഴിലിടങ്ങളിലേക്കാണ്. സൈക്കിളിൽ സ്ക്രാപ് ശേഖരിക്കുന്നവർ, കാർട്ടൺ ശേഖരിക്കുന്ന തൊഴിലാളികൾ, വഴിയരികിലിരുന്ന് ബാഗുകളും ചെരിപ്പുകളും തുന്നുന്നവർ... ഇങ്ങനെയുള്ളവരിലേക്കാണ് റമദാനിലെ 30 ദിവസവും ഇന്ദുലേഖ സഹായമൊഴുക്കുന്നത്. ഭർത്താവ് മുരളീധരനും ഒപ്പമുണ്ടാകും. ദിവസവും 10 മുതൽ 50 കിറ്റുകൾ വരെ വിതരണം ചെയ്യും.
17 വർഷത്തിനിടെ കോവിഡ് കാലത്തൊഴികെ മുടങ്ങാതെ തുടരുകയാണ് ഈ ചര്യ. എല്ലാവരും സംഘടനയുടെ ബാനറിലോ കൂട്ടമായോ സഹായം എത്തിക്കുമ്പോൾ ഇന്ദുലേഖ തനിച്ചാണ് ഈ സേവനം നൽകുന്നത്. ഭർത്താവിനൊപ്പം ഷാർജയിലെ തൊഴിലിടങ്ങളിൽ കാറിലൂടെ ചുറ്റിക്കറങ്ങും. ഇതിനിടയിൽ കാണുന്നവർക്കാണ് ഇഫ്താർ കിറ്റുകൾ നൽകുന്നത്. ജ്യൂസ്, ബിസ്കറ്റ്, പഴങ്ങൾ തുടങ്ങിയവ വീട്ടിൽതന്നെ പാക്ക് ചെയ്യും.
ഹോട്ടലിൽനിന്ന് ബിരിയാണി വാങ്ങും. ഓരോ ദിവസവും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. മറ്റുള്ളവരെ അറിയിക്കാൻ വേണ്ടിയല്ല, പ്രചോദനമേകാനാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ഇന്ദുലേഖ പറയുന്നു. തന്റെ മാതൃക പിൻപറ്റി ഇത്തരം തൊഴിലാളികളിലേക്ക് ഭക്ഷണം എത്തിക്കാൻ പലരും മുന്നോട്ടുവരുന്നതിന്റെ സന്തോഷവും ഇന്ദുലേഖക്കുണ്ട്. ദുബൈയിൽ ഇലക്ട്രോ മെക്കാനിക്കൽ കോൺട്രാക്ട് സ്ഥാപനം നടത്തുന്ന ദമ്പതികൾ ബിസിനസിന്റെ നിശ്ചിത ശതമാനം ഇതുപോലുള്ള സഹായങ്ങൾക്കായി നീക്കിവെക്കാറുണ്ട്. റമദാൻ അല്ലാത്തപ്പോഴും തൊഴിലാളികൾക്ക് ഭക്ഷണവും സഹായവും നൽകാറുണ്ട്. വീടുവെക്കുന്നവർക്കും വിവാഹത്തിനും കഴിയുന്നത്ര സഹായം ചെയ്യുന്ന ഇന്ദുലേഖക്ക് വലിയൊരു സ്വപ്നം മുന്നിലുണ്ട്. പണമില്ലാത്തതിന്റെ പേരിൽ കണ്ണുചികിത്സക്ക് ബുദ്ധിമുട്ടുന്നവർക്ക് സാമ്പത്തികമായി സഹായം ചെയ്യുക, ഈ ലക്ഷ്യം നിറവേറ്റാനുള്ള ഒരുക്കത്തിലാണ് അവർ.
കാഴ്ചക്കുറവുമായി പിറന്നുവീണ കണ്ണൂർ മാങ്കടവ് അരോളി സ്വദേശി ഇന്ദുലേഖയുടേത് അതിജീവനത്തിന്റെ കഥയാണ്. ജന്മനാ കാഴ്ചക്കുറവുണ്ടായിരുന്നെങ്കിലും മൂന്നാം വയസ്സിലാണ് ഇത് തിരിച്ചറിഞ്ഞത്. വയസ്സേറുന്തോറും കാഴ്ച കുറഞ്ഞുകൊണ്ടിരുന്നു. 1995ലാണ് കാഴ്ച തിരിച്ചുകിട്ടില്ല എന്ന സത്യം മനസ്സിലാക്കിയത്. ഇന്ദുലേഖയുടെ അവസ്ഥ മനസ്സിലാക്കിതന്നെ മുരളീധരൻ അവരെ ജീവിതപങ്കാളിയായി കൂട്ടിച്ചേർത്തു. 12 വർഷം മുമ്പ് കണ്ണിൽ പൂർണമായും ഇരുൾവീണു. സ്വന്തം സന്തോഷം കണ്ടെത്താനാണ് മറ്റുള്ളവരിലേക്ക് സഹായം എത്തിക്കുന്നത്.
അകക്കണ്ണിന്റെ വെളിച്ചത്തിൽ പഠിച്ച് അധ്യാപികയായി ജോലി നേടി. ജേണലിസം പഠിച്ച് പ്രാദേശിക ന്യൂസ്പേപ്പറിൽ ജോലി ചെയ്തു. യു.എ.ഇയിൽ എത്തി മികച്ചൊരു സംരംഭകയുമായി. ഇതിനിടയിൽ ‘ഓർക്കാനിഷ്ടപ്പെടുന്ന ഓർമകൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. രണ്ടാം പുസ്തകത്തിന്റെ പണിപ്പുരയിലാണ്. നാട്ടിലേക്കു പോകുന്നതിനിടെ വിമാനത്താവളത്തിൽ ട്രാവൽ ബാൻ വന്ന് നാലു ദിവസം ജയിലിൽ കിടക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. എങ്കിലും, ഈ ജീവിതത്തെ ദുരിതമായി കാണാൻ ഇന്ദുലേഖയെ കിട്ടില്ല. മറ്റുള്ളവരുടെ ദുഃഖവും സങ്കടങ്ങളും കാണാനും സഹായിക്കാനും അടുത്തറിയാനും പുസ്തകമെഴുതാനുമെല്ലാം ദൈവം തന്ന അനുഗ്രഹമാണ് ഈ കാഴ്ചയില്ലായ്മ എന്ന് വിശ്വസിക്കുകയാണ് ഇന്ദുലേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.