ശബരിമലയിൽ ഇന്ന് റെക്കോഡ് ബുക്കിങ്: 1.07 ലക്ഷം തീർഥാടകർ ദർശനത്തിന്
text_fieldsശബരിമല: ശബരിമലയിൽ ഇന്ന് ദർശനം നടത്താനായി റെക്കോഡ് ബുക്കിങ്. 1,07,260 തീർഥാടകരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണിൽ ഒരു ലക്ഷത്തിന് മുകളിൽ ബുക്കിങ് വരുന്നത്.
തീർഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി സെഗ്മെന്റുകളായി തിരിച്ച് ഘട്ടമായേ കടത്തിവിടൂ. ഇതിനായി ഒരോ പോയന്റിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ശബരിമല സ്പെഷൽ ഓഫിസർ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു.
മുൻകാലങ്ങളിൽ പതിനെട്ടാംപടി വഴി മിനിറ്റിൽ 90 തീർഥാടകരെയാണ് കടത്തിവിട്ടിരുന്നത്. ഇത്തവണ 35 ആയി കുറച്ചിട്ടുണ്ട്. ഇതാണ് തിരക്ക് വർധിക്കാൻ ഇടയാക്കുന്നത്. സന്നിധാനത്ത് എത്തുന്നവരുടെ എണ്ണം 85,000 പേരായി കുറക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം.
അതേസമയം, ശബരിമല തീർഥാടകരുടെ എണ്ണത്തിൽ വൻവർധന ഉണ്ടാകുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ ചേംബറിലാണ് യോഗം. കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
ശബരിമലയിൽ ദർശന സമയം നീട്ടാൻ ഇന്നലെ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. രാവിലെയും വൈകിട്ടും അര മണിക്കൂർ വീതമാണ് ദർശന സമയം വർധിപ്പിക്കുക. ഇതോടെ 18 മണിക്കൂറായിരുന്ന ദർശന സമയം 19 മണിക്കൂറായി ഉയരും.
നിലവിൽ പുലർച്ചെ മൂന്നു മണി മുതൽ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്ക് മൂന്നു മണി മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. ഇത് ഉച്ചക്ക് ഒന്നര വരെയും രാത്രി 11.30 വരെയുമായാണ് വർധിക്കുക. രാത്രി 11.20ന് ഹരിവരാസനം പാടി നട അടക്കും.
ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ദർശന സമയം കൂട്ടാൻ സാധിക്കുമോ എന്ന് ഹൈകോടതി ദേവസ്വം ബെഞ്ച് ഇന്ന് ദേവസ്വം ബോർഡിനോട് ആരാഞ്ഞിരുന്നു. തുടർന്ന് വിഷയത്തിൽ തന്ത്രി കണ്ഠരര് രാജീവരരും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപനും എക്സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാറും കൂടിയാലോചന നടത്തി. തുടർന്നാണ് സമയം വർധിപ്പിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.