‘കിസ്വ’ സമുച്ചയത്തിൽ സന്ദർശകരെ വരവേൽക്കാൻ റോബോട്ട്
text_fieldsജിദ്ദ: കഅ്ബയെ പുതപ്പിക്കുന്ന കിസ്വ നിർമിക്കുന്ന മക്കയിലെ കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സിൽ സന്ദർശകരെ വരവേൽക്കാൻ റോബോട്ട്. 11 ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന റോബോട്ടിനെയാണ് സന്ദർശകരെ സ്വീകരിക്കുന്നതിനായി കിസ്വ സമുച്ചയത്തിൽ ഇരു ഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്.
സന്ദർശകരെ സ്വാഗതം ചെയ്യാനും സമുച്ചയത്തിൽ നൽകുന്ന സേവനങ്ങൾ പരിചയപ്പെടുത്തുവാനും കഴിയുന്നതാണിത്. വിഷൻ 2030 ലക്ഷ്യങ്ങളെ പിന്തുണക്കുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് റോബോട്ടിലൂടെ ലക്ഷ്യമിടുന്നത്. സമുച്ചയത്തിനുള്ളിലെ ഒരു പ്രധാന ഘടകമായി ഇതിനെ കണക്കാക്കുന്നു.
ദിവസം മുഴുവൻ ഒന്നിലധികം ഭാഷകൾ സംസാരിക്കാൻ കഴിയും. അടിസ്ഥാന വികാരങ്ങൾ തിരിച്ചറിയാനുള്ള കഴിവ് ഉൾപ്പെടെ സന്ദർശകരെ സേവിക്കുന്നതിനുള്ള നിരവധി സവിശേഷതകൾ റോബോട്ടിൽ ഉൾപ്പെടുന്നു. ഒപ്പം സന്ദർശകരുടെ മുഖഭാവങ്ങളും ശബ്ദ ഇടപെടലുകളും സ്പർശനത്തിലൂടെയും കൈ ചലനത്തിലൂടെയും തിരിച്ചറിയാനുള്ള കഴിവുണ്ട്.
റോബോട്ടിന്റെ ഭാരം 29 കിലോ ആണ്. ബാറ്ററി ലൈഫ് എട്ട് മണിക്കൂർ, ചാർജിങ് സമയം എട്ട് മണിക്കൂർ, വൈദ്യുതിയുമായി ബന്ധിപ്പിക്കുമ്പോൾ ഉപകരണം നിർത്താതെ പ്രവർത്തിപ്പിക്കാം എന്നിവ ഏറ്റവും പ്രധാന സാേങ്കതിക സവിശേഷതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.