അയ്യനെ കാണാൻ കണ്ണന്റെ വീൽചെയർ യാത്ര
text_fieldsകോട്ടക്കൽ: ശരണം വിളിച്ച് ഒരുകാലുമായി കണ്ണൻ വീൽചെയറിൽ യാത്ര തുടരുകയാണ്. ഒരേയൊരു ലക്ഷ്യം മനസ്സിൽ സൂക്ഷിച്ച്-ശബരിഗിരീശനെ കാണണം, തനിക്കും കുടുംബത്തിനും വീടൊരുക്കിയ ടീച്ചർക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും നല്ലത് വരണമെന്ന് പ്രാർഥിക്കണം. കൊണ്ടോട്ടി മൊനൂർ തടപ്പറമ്പിൽ കണ്ണനാണ് (48) വീൽചെയറിൽ ശബരിമലയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഡിസംബർ 15ന് കൊണ്ടോട്ടിയിൽ നിന്നാരംഭിച്ച യാത്ര ചൊവ്വാഴ്ച കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെത്തി.
ആറുതവണ ശബരിമലയിലേക്ക് പോയിട്ടുണ്ടെങ്കിലും ഇത്തവണ പ്രധാന ലക്ഷ്യമൊന്ന് മാത്രം- സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയ പൂക്കോട്ടുപാടം സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ, അധ്യാപിക സെമീറ, തടപ്പറമ്പിലെ നാട്ടുകാർ എന്നിവർക്ക് വേണ്ടി പ്രാർഥിക്കണം. പെട്രോൾ പമ്പ്, ക്ഷേത്രങ്ങൾ എന്നിവടങ്ങളിലാണ് അന്തിയുറക്കം.
ഭക്തർ നൽകുന്ന ചെറിയ സഹായത്തോടെയാണ് യാത്ര. പമ്പയിൽ വെച്ച് കെട്ട് നിറക്കാനാണ് തീരുമാനം. ശബരിമലയിലേക്കും അവിടെനിന്ന് പതിനെട്ടാംപടിയും കയറാൻ പ്രയാസമാണെങ്കിലും അയ്യപ്പൻ വഴി കാട്ടുമെന്ന പ്രതീക്ഷയിലാണ് കണ്ണൻ.
തമിഴ്നാട് മുത്തുപേട്ട സ്വദേശിയായ കണ്ണൻ വർഷങ്ങളായി കൊണ്ടോട്ടിയിലാണ് താമസം. 2013ൽ ജോലിക്കിടെയാണ് മരം വീണ് ഇടതുകാൽ നഷ്ടമായത്. ആശുപത്രി കിടക്കയിൽ കഴിയുമ്പോഴാണ് പൂക്കോട്ടുപാടം സ്കൂൾ അധികൃതർ കാണുന്നതും പരിചയപ്പെടുന്നതും. ഇത് വഴിത്തിരിവായി. ഷെഡിൽ കഴിഞ്ഞിരുന്ന കുടുംബം രണ്ട് മുറികളോടുകൂടിയ പുതിയ വീട്ടിലേക്ക് മാറുകയായിരുന്നു.
ലോട്ടറി വിൽപനയിൽനിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം. ഭാര്യ സതീദേവി, വിദ്യാർഥികളായ സ്നേഹ, അനുമോൾ, നീനു, അഭിജിത്ത് എന്നിവരടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.