തോരാമഴയിലും ദർശനം നടത്തി തീർഥാടകർ
text_fieldsശബരിമല: തോരാമഴയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ ഭക്തജനത്തിരക്കിൽ നേരിയ കുറവ്. പ്രതികൂല കാലാവസ്ഥ അടിസ്ഥാനപ്പെടുത്തി തീർഥാടകർക്ക് ജാഗ്രത നിർദേശം നൽകി. ഞായറാഴ്ച പുലർച്ച മുതലാണ് സന്നിധാനത്തും പമ്പയിലും മഴ ശക്തമായത്. രാവിലെ നേരിയ ശമനം ഉണ്ടായെങ്കിലും പിന്നീട് വീണ്ടും ശക്തമായി.
തോരാമഴക്കൊപ്പം ശബരിമലയിൽ മൂടൽ മഞ്ഞും രൂക്ഷമായിട്ടുണ്ട്. തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്നത് തീർഥാടകരുടെ വരവിനെയും ബാധിച്ചു. അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണത്തിലും കുറവുണ്ടായി. കോരിച്ചൊരിയുന്ന മഴയിൽനിന്ന് രക്ഷനേടാൻ മഴക്കോട്ടണിഞ്ഞാണ് തീർഥാടകരിൽ ഭൂരിഭാഗവും ദർശനത്തിനെത്തുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് പമ്പാ സ്നാനത്തിനും നിയന്ത്രണമുണ്ട്.
പുല്ലുമേട് വഴിയുള്ള തീർഥാടകർക്ക് വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, പൊലീസ് സേനകൾ പൂർണസജ്ജരായിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുമ്പോൾ തമിഴ്നാട്ടിൽനിന്ന് കൂടുതൽ തീർഥാടകർ എത്തിയാൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണമോയെന്നത് പൊലീസുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അതേസമയം വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന തീർഥാടകർ സമയത്ത് വരാതിരിക്കുന്ന സാഹചര്യമുണ്ടെന്നും മറ്റ് സമയങ്ങളിൽ ദർശനം ഒഴിവാക്കണമെന്നും എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു. സ്ലോട്ട് ലഭിച്ച സമയത്ത് എത്താത്ത തീർഥാടകർ ഇനിമുതൽ പമ്പയിലും നിലയ്ക്കലും കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.