മകരവിളക്ക്: നിലക്കലിൽ നിന്ന് ശബരിമലയിലേക്ക് നിയന്ത്രിത തോതിൽ കാറുകൾ കടത്തിവിടാം -ഹൈകോടതി
text_fieldsകൊച്ചി: മണ്ഡലം മകരവിളക്ക് കാലത്ത് നിലക്കലിൽ നിന്ന് ശബരിമലയിലേക്ക് നിയന്ത്രിതമായ അളവിൽ കാറുകൾ കടത്തിവിടാമെന്ന് ഹൈകോടതി. താൽക്കാലികമായി നൽകിയ അനുമതി ഗതാഗതക്കുരുക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ പൊലീസിന് പുനഃപരിശോധിക്കാമെന്നും വീണ്ടും നിയന്ത്രണമേർപ്പെടുത്താമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നിശ്ചിത ഫീസ് വാങ്ങി ചക്കുപാലം രണ്ടിലും ഹിൽടോപ്പിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്തവിധം 24 മണിക്കൂർ പാർക്ക് ചെയ്യാം. ഹിൽടോപ്പിന്റെ തുടക്കത്തിൽ 20 കെ.എസ്.ആർ.ടി.സി ബസുകൾക്ക് പാർക്ക് ചെയ്യാനും അനുമതി നൽകി. തിരക്കൊഴിവാക്കാനും ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്താനും വിവിധ വകുപ്പുകൾക്ക് കോടതി നിർദേശം നൽകി. മണ്ഡലകാലത്തെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ചെറിയ വാഹനങ്ങൾക്ക് അനുമതി നൽകുന്നതിനെ കെ.എസ്.ആർ.ടി.സി അഭിഭാഷകൻ എതിർത്തെങ്കിലും ദേവസ്വം ബോർഡിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ചെറിയ വാഹനങ്ങൾ കടന്നുപോകുന്നതും പാതയോരങ്ങളിൽ പാർക്ക് ചെയ്യുന്നതും ചെയിൻ സർവിസിനെ ബാധിക്കുമെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.