ശബരിമലയിലെ തിരക്ക്: പൊലീസ് മേധാവിയുടെ നിർദേശങ്ങളിൽ ഹൈകോടതി നിലപാട് തേടി
text_fieldsകൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് മേധാവി സമർപ്പിച്ച നിർദേശങ്ങളിൽ ഹൈകോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അമിക്കസ് ക്യൂറിയുടെയും ശബരിമല സ്പെഷൽ കമീഷണറുടെയും നിലപാട് തേടി. കഴിഞ്ഞ ദിവസം സർക്കാർതലത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളടങ്ങുന്ന റിപ്പോർട്ട് പത്തനംതിട്ട ജില്ല കലക്ടർ കോടതിയിൽ സമർപ്പിച്ചു.
വെർച്വൽ ക്യൂ മുഖേനയുള്ള പ്രതിദിന ബുക്കിങ് 90,000ഉം ദർശനം 19 മണിക്കൂറും ആക്കിയതുമടക്കം നിർദേശങ്ങളാണ് കലക്ടർ സമർപ്പിച്ചത്. ഭക്തരുടെ ഒഴുക്ക് ക്രമാതീതമായാൽ എരുമേലി, പത്തനംതിട്ട, കോട്ടയം തുടങ്ങി സമീപസ്ഥലങ്ങളിൽ ജില്ല കലക്ടർമാരുടെ അറിവോടെ തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് പൊലീസ് നൽകിയത്. ഇത് സംബന്ധിച്ച ഹരജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റി.
അതേസമയം, പത്തനംതിട്ടയിലേക്ക് വിവിധ സ്ഥലങ്ങളിൽനിന്നുള്ള ഷെഡ്യൂൾ സർവിസുകൾ ഇപ്പോഴും അതേപടിയാണ് തുടരുന്നതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. മണ്ഡല മകരവിളക്ക് സീസൺ ആണെങ്കിലും ഇവ സ്പെഷൽ സർവിസുകളാക്കി മാറ്റിയിട്ടില്ല. തീർഥാടകരിൽനിന്ന് കെ.എസ്.ആർ.ടി.സി അധിക നിരക്ക് ഈടാക്കുന്നുവെന്നതടക്കം പരാതിയിൽ ദേവസ്വം ബെഞ്ച് സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് വിശദീകരണം.
ഷെഡ്യൂൾ സർവിസുകളുടെ പട്ടികയും കെ.എസ്.ആർ.ടി.സി സമർപ്പിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.