വൃശ്ചിക പുലരിയിൽ അയ്യനെ കണ്ടു തൊഴാൻ ഭക്തജനത്തിരക്ക്
text_fieldsശബരിമല: വൃശ്ചിക പുലരിയിൽ ശബരീശനെ കണ്ടു തൊഴുത് അനുഗ്രഹം വാങ്ങാനായി പതിനായിരക്കണക്കിന് തീർത്ഥാടകർ ശബരിമലയിൽ എത്തി. നടതുറക്കുന്നതും കാത്തുള്ള തീർത്ഥാടകരെക്കൊണ്ട് പുലർച്ചെ ഒരു മണിയോടെ തന്നെ വലിയ നടപ്പന്തൽ അടക്കം തിങ്ങി നിറഞ്ഞിരുന്നു.
തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തിൽ നിയുക്ത മേൽശാന്തി അരുൺ കുമാർ നമ്പൂതിരി പുലർച്ചെ മൂന്നിന് തിരുനട തുറന്നു. മൂന്നര മുതൽ നെയ്യഭിഷേകം ആരംഭിച്ചു. വൃശ്ചിക പുലരിയിൽ അയ്യനെ കണ്ടു തൊഴാനായി അഭൂത പൂർവ്വമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ശബരീശ ദർശന ശേഷം മൂന്നരയോടെ മാളികപ്പുറം നടയിലേക്ക് തീർത്ഥാടകർ കൂട്ടത്തോടെ നീങ്ങിത്തുടങ്ങിയതോടെ ആണ് സന്നിധാനത്തെ തിരക്കിന് അൽപം ശമനം ലഭിച്ചത്.
ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വൈകിട്ട് മൂന്നുമണിക്ക് വീണ്ടും തുറക്കും. ദീപാരാധനയ്ക്കും പതിവ് പൂജകൾക്കും ശേഷം രാത്രി 11ന് നട അടയ്ക്കും. തീർത്ഥാടകരുടെ തിരക്കിന് അടിസ്ഥാനപ്പെടുത്തി മണ്ഡല- മകര വിളക്ക് കാലയളവിൽ ദർശന സമയം 18 മണിക്കൂറാക്കാക്കിയിട്ടുണ്ട്.
വെർച്വൽ ക്യൂ മുഖേനെ 70000 തീർത്ഥാടകരാണ് ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം പമ്പ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് കൈയ്യില്‍ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി 1250 പേർ അടങ്ങുന്ന പൊലീസ് സംഘത്തെയാണ് ആദ്യ ഘട്ടത്തിൽ നിയോഗിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ആർ.എ.എഫിന്‍റെയും എൻ.ഡി.ആർ.എഫിന്‍റെയും സംഘവും സുരക്ഷാ ചുമതലയുമായി സന്നിധാനത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.