രക്ഷകനുമായി സൈക്കിളിലേറി മോഹനൻ ശബരിമലയിലേക്ക്
text_fieldsനീലേശ്വരം: ‘ഒരുപക്ഷേ അന്ന് കുളത്തിന്റെ പടവുകളിൽ അറിയാതെ കാലെടുത്തു വെച്ചിരുന്നുവെങ്കിൽ ഇന്നീ ഭൂമുഖത്ത് ഞാനുണ്ടാകുമായിരുന്നില്ല. പടവുകളിൽ കാലെടുത്തുവെക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പ് പാമ്പിനുനേരെ മണികണ്ഠൻ നായ് ചാടിയില്ലായിരുന്നുവെങ്കിൽ ഇന്നെനിക്ക് അയ്യപ്പ സന്നിധിയിലേക്കെത്താൻ സാധിക്കുമായിരുന്നില്ല’. തിരുവനന്തപുരം സ്വദേശിയും കഴിഞ്ഞ 36 വർഷമായി നീലേശ്വരത്ത് താമസിച്ച് നിർമാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളിയുമായ മോഹനന്റെ വാക്കുകളാണിത്.
വ്രതം നോറ്റ് മാലയിട്ട് മകര വിളക്ക് ദർശിക്കാൻ തന്റെ സ്ഥിരം വാഹനമായ സൈക്കിളിൽ നീലേശ്വരത്തുനിന്ന് യാത്ര പുറപ്പെട്ടിരിക്കുകയാണ് മോഹനൻ. മോഹനനൊപ്പം ഒരു നായുമുണ്ട്. നീലേശ്വരത്തെ താമസത്തിനിടയിൽ മാർക്കറ്റ് ജങ്ഷനിൽ നിൽക്കുമ്പോഴാണ് വർഷങ്ങൾക്കു മുമ്പ് അവിചാരിതമായി നായ് കൂടെ കൂടിയത്. അതിന് മണികണ്ഠൻ എന്ന് പേരിട്ടു. തനിക്ക് 24 മണിക്കൂറും കൂട്ടായി അരുമയോടെ അനുസരിച്ച് നിൽക്കും.
രാവിലെ ബസ് കയറി പണിക്ക് പോയാൽ തിരിച്ചുവരുന്ന സമയത്ത് സ്റ്റോപ്പിൽ കാത്തിരിക്കുമെന്നും മോഹനൻ പറയുന്നു. നായ് തന്റെ ജീവൻ രക്ഷിച്ച കഥയും മോഹനന് പങ്കുവെക്കാനുണ്ട്. ഒരു ദിവസം തീർത്ഥങ്കര കുളത്തിൽ കുളിക്കാനായി പടവുകൾ കടന്ന് ഇറങ്ങാൻ കാലെടുത്ത നിമിഷം മണികണ്ഠൻ പടവിൽ പത്തിവിടർത്തിയ മൂർഖൻ പാമ്പിനു നേരേ ചാടിവീണ് മരണമുഖത്തുനിന്ന് രക്ഷിച്ച മറക്കാനാവാത്ത സംഭവമാണത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ച 6.45ന് അയ്യപ്പ സന്നിധിയിലേക്ക് നീലേശ്വരത്തുനിന്ന് പുറപ്പെട്ടപ്പോൾ മോഹനന് മണികണ്ഠനും കൂടെക്കൂടി. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ മുന്നിലും പിന്നിലുമായി സംരക്ഷണ കവചം തീർത്ത് വഴികാട്ടിയായി കൂടെ തന്നെയുണ്ട്. ദിവസവും പത്ത് മണിക്കൂർ നീളുന്ന സൈക്കിൾ സഞ്ചാരത്തിന് അകമ്പടി സേവിച്ചാൽ നായുടെ ഒരുദിവസത്തെ ഡ്യൂട്ടി അവസാനിക്കും.
നീലേശ്വരത്തുനിന്ന് 430 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് പമ്പ പൊലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം സൈക്കിൾ സുരക്ഷിതമാക്കിവെച്ച് സന്നിധാനത്തേക്ക് പുറപ്പെടാനാണ് പദ്ധതി. ഇത്രയും സമയം സൈക്കിളിന് കാവൽനിന്ന് തന്റെ മലയിറക്കത്തിനായി മണികണ്ഠൻ കാത്തിരിക്കുമെന്ന് മോഹനൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.