അയ്യപ്പഭക്തർക്ക് സുരക്ഷിത യാത്രയൊരുക്കാൻ മോട്ടോർ വാഹന വകുപ്പ്
text_fieldsതൊടുപുഴ: അന്തർ സംസ്ഥാനങ്ങളിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിത യാത്രയൊരുക്കാൻ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്.
അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് തടയാൻ നിരത്തുകളിൽ ഉടനീളം 24 മണിക്കൂറും പട്രോളിങ്ങും ബോധവത്കരണവും ശക്തമാക്കി.
വെള്ളിയാഴ്ച രാത്രി അതിർത്തി മേഖലയിലുണ്ടായ വാഹനാപകടത്തിൽ എട്ട് അയ്യപ്പ ഭക്തരാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലാണ് അപകടം നടന്നതെങ്കിലും ഇടുക്കിയുടെ അതിർത്തിമേഖലയോട് ചേർന്നുള്ള സ്ഥലത്താണ് സംഭവം. മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പുകൾക്ക് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. രാത്രി 11 മണിയോടെയാണ് അപകടം.
ജില്ലയിൽ പലയിടത്തും അയ്യപ്പഭക്തരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടായതോടെയാണ് പട്രോളിങ്ങും ബോധവത്കരണവും ശക്തമാക്കാനൊരുങ്ങുന്നത്.
അന്തർ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണം കൂടിവരികയാണ്. 26ന് ശേഷം ഇത് വീണ്ടും വർധിക്കും. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഡ്രൈവര്‍മാര്‍ മതിയായ വിശ്രമത്തിനുശേഷം മാത്രം വാഹനം ഓടിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
പലപ്പോഴും മടക്കയാത്രയിലാണ് അപകടങ്ങൾ ധാരാളം സംഭവിക്കുന്നത്. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതും അമിതവേഗവും റോഡിനെക്കുറിച്ച പരിചയക്കുറവമെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നതായാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അപകടങ്ങൾ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാരുടെ വിശ്രമം ഒപ്പമുള്ള ഭക്തര്‍ ഉറപ്പാക്കണമെന്നും ഇവർ നിർദേശിക്കുന്നു. ഇടുക്കിയുടെ ഭൂ പ്രകൃതിയെക്കുറിച്ച് ധാരണയില്ലാത്ത ഡ്രൈവർമാരാണ് പലരും. തൊട്ടുമുന്നിലുള്ള കുത്തിറക്കങ്ങളും വൻ താഴ്ചകളുമൊക്കെ അപകടസാധ്യത വർധിപ്പിക്കുന്നു. തീർഥാടന കാലത്ത് അപകടങ്ങൾ കുറക്കാൻ മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതിയുമായി രംഗത്തുണ്ട്. കുട്ടിക്കാനം കേന്ദ്രീകരിച്ചാണ് ജില്ലയിലെ പ്രവർത്തനം. ആറ് ടീമുകൾ കുമളി മുതൽ മുണ്ടക്കയം വരെയുള്ള പ്രധാന പാതയിൽ 24 മണിക്കൂറും പട്രോളിങ് നടത്തുന്നുണ്ട്. ഇതുകൂടാതെ സുരക്ഷിത യാത്രയുടെ ഭാഗമായി ഡ്രൈവർമാർക്ക് ചുക്കുകാപ്പി നൽകുന്ന പരിപാടിയും നടന്നുവരുന്നു. കുട്ടിക്കാനം മരിയാൻ കോളജുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവർമാർക്ക് വാഹനം സുരക്ഷിതമായി നിയന്ത്രിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ അടങ്ങിയ ലഘുലേഖയും മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നുണ്ട്. തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലാണ് ലഘുലേഖ. ഈ മണ്ഡലകാലം അപകടരഹിതമാക്കുക എന്ന ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുപോകുന്നതെന്നും ഇടുക്കി ആ.ടി.ഒ ആർ. രമണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.