ശബരിമല തിരക്ക്: നേരിട്ട് നിരീക്ഷിക്കണം -ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ സ്വീകരിക്കുന്ന നടപടികൾ എസ്.പി റാങ്കിലുള്ള സ്പെഷൽ ഓഫിസർമാർ നേരിട്ട് നിരീക്ഷിക്കണമെന്ന് ഹൈകോടതി. കുട്ടികൾ, അംഗപരിമിതർ, മുതിർന്ന പൗരന്മാർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണം.
നടപടികൾ തീർഥാടകർക്ക് അസൗകര്യമുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ശബരിമലയിലെ തിരക്കു നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കാനനപാതയിലെ ബയോടോയ്ലറ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും പരിപാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും നിർദേശിച്ചു. സന്നിധാനം മുതൽ മരക്കൂട്ടം വരെ ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യുന്നുണ്ടെന്നും ഭക്തരുടെ ക്യൂ നീണ്ടാൽ അവർക്കും ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ബുധനാഴ്ച 90,000 തീർഥാടകർ ദർശനത്തിനെത്തി. ശബരിമലയിലെ സ്ഥിതി വിലയിരുത്താൻ വ്യാഴാഴ്ച സന്നിധാനത്ത് ഉന്നത തലയോഗം ചേരുമെന്ന് സർക്കാറും അറിയിച്ചു. ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.