ശബരിമല ദർശനത്തിന് വരുന്നില്ലെങ്കിൽ വെർച്വൽ ക്യൂ ബുക്കിങ് റദ്ദാക്കണമെന്ന അറിയിപ്പ് നൽകണം -ഹൈകോടതി
text_fieldsകൊച്ചി: വെർച്വൽ ക്യൂ വഴി ശബരിമല ദർശനത്തിന് ബുക്ക് ചെയ്തശേഷം വരുന്നില്ലെങ്കിൽ തീർഥാടകർ ബുക്കിങ് റദ്ദാക്കണമെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെ നൽകണമെന്ന് ഹൈകോടതി. നിലവിൽ ബുക്ക് ചെയ്യുന്നവരിൽ 25 ശതമാനം ദർശനത്തിന് എത്തുന്നില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ദൃശ്യ, പത്ര മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകണമെന്നാണ് നിർദേശം. ദർശനത്തിനെത്താത്തവർ ബുക്കിങ് റദ്ദാക്കാത്തതിനാൽ ഈ സ്ലോട്ടുകൾ മറ്റുള്ളവർക്ക് അനുവദിക്കാൻ കഴിയുന്നില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
ദർശനത്തിന് എത്തുന്നില്ലെങ്കിൽ ബുക്കിങ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നുണ്ട്. എന്നിട്ടും റദ്ദാക്കാത്തവരുടെ ഇ-മെയിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അഭിഭാഷകൻ അറിയിച്ചു.
അതിനിടെ, അയൽസംസ്ഥാനങ്ങളിൽ നിന്ന് തീർഥാടകരുമായെത്തുന്ന വാഹനങ്ങളിൽ എൽ.ഇ.ഡി ബൾബുകളടക്കം സ്ഥാപിച്ചിരിക്കുന്നതിൽ കോടതി കേന്ദ്രസർക്കാറിന്‍റെ വിശദീകരണം തേടി. ഇത്തരം വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപെടുന്നത് കോടതി ചൂണ്ടിക്കാട്ടി.
പമ്പയിലും നിലക്കലിലും പാർക്കിങ് പ്രശ്നങ്ങളില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാണ്. സീതത്തോട്-നിലക്കൽ കുടിവെള്ള പൈപ്പിടൽ ഒരാഴ്ചക്കകം പൂർത്തിയാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ശബരിമല ഇടത്താവളമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.