അരവണ വിതരണം നിർത്തുന്നത് ശബരിമലയുടെ ചരിത്രത്തിലാദ്യം
text_fieldsശബരിമല : ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് അരവണ നിർമാണവും വിതരണവും നിർത്തിവെക്കുന്നത്. നിർമ്മാണവും വിതരണവും നിർത്തിവെച്ചതോടെ ബോർഡ് നേരിടുന്നത് വൻ പ്രതിസന്ധി . മകരവിളക്ക് ദിനത്തിൽ അടക്കം സന്നിധാനത്ത് എത്തുന്ന തീർത്ഥാടകരിൽ ബഹുഭൂരിപക്ഷത്തിനും അരവണ പ്രസാദം ലഭിക്കാതെ മലയിറങ്ങേണ്ടിവരും.
അരവണ നിർമാണത്തിന് ഉപയോഗിച്ച ഏലയ്ക്കയിൽ അനുവദനീയമായ അളവിലും കൂടുതലായി കീടനാശിനിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈകോടതിയുടെ നിർദേശത്തെ തുടർന്നാണ് ബുധനാഴ്ച വൈകിട്ട് അഞ്ച് മുതൽ അരവണ വിതരണം നിർത്തിവെച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ 14 ഇനം കീടനാശിനികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അരവണ വിതരണം പാടേ നിർത്തിവെക്കേണ്ടി വന്നതോടെ വൻ വെല്ലുവിളിയാണ് ദേവസ്വം ബോർഡ് നേരിടുന്നത്. കീടനാശിനി ഇല്ലാത്ത ഏലക്ക പെട്ടെന്ന് എത്തിച്ച് അരവണ നിർമ്മാണം പുനരാരംഭിക്കുവാൻ ബോർഡ് അടിയന്തര നീക്കങ്ങൾ നടത്തുന്നുണ്ട്.
എന്നാൽ ഇത് ഫലപ്രദമാകില്ല എന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ ഏലക്ക ചേർക്കാതെയുള്ള അരവണ നിർമാണത്തിനാണ് ബോർഡ് ലക്ഷ്യമിടുന്നുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ ലക്ഷോപലക്ഷം തീർഥാടകരാണ് ശബരിമലയിലേക്ക് എത്തുന്നത്.
ഇത്രയധികം തീർഥാടകർക്ക് ആവശ്യമായ അരവണ സമയബന്ധിതമായി നിർമ്മിക്കുക എന്നതാണ് ബോർഡ് നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ മകരവിളക്ക് ദിനത്തിലടക്കം അരവണ വിതരണം പാടെ താറുമാറാവാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.