ശബരിമല തീർഥാടകർ മരിച്ചാൽ 5ലക്ഷം ഇൻഷുറൻസ് നൽകാൻ പദ്ധതിയുമായി ദേവസ്വം ബോർഡ്; വിർച്വൽ ക്യു ബുക്ക് ചെയ്യുന്നവരിൽനിന്ന് 10 രൂപ വാങ്ങും
text_fieldsശബരിമല: ഹൃദയസ്തംഭനം മൂലവും ഹൃദയസംബന്ധമായ അസ്വസ്ഥതകൾ മൂലവും ഉണ്ടാവുന്ന തീർത്ഥാടകരുടെ സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിധി സ്വരൂപീകരിക്കാൻ ദേവസ്വം ബോർഡ് ഒരുങ്ങുന്നു. അടുത്ത വർഷം മുതലാണ് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത്. വിർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽനിന്ന് നിർബന്ധമല്ലാത്ത രീതിയിൽ 10 രൂപ വീതം വാങ്ങും. ഈ തുക ഉപയോഗിച്ചാണ് പ്രത്യേക ഇൻഷുറൻസ് നിധി സ്വരൂപിക്കുക.
10 രൂപ അധികമായി നൽകാതെയും വിർച്വൽ ക്യു ബുക്ക് ചെയ്യാം. ഏകദേശം 60 ലക്ഷം പേർ വിർച്വൽ ക്യു ബുക്ക് ചെയ്യുന്നു എന്നാണ് കണക്ക്. ഒരാളിൽ നിന്ന് വെറും 10 രൂപ ലഭിച്ചാൽ തന്നെ ആറ് കോടിയുടെ പ്രത്യേക ഫണ്ട് ഉണ്ടാകും. ഈ ഫണ്ടിൽനിന്ന് മലകയറ്റത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭ്യമാക്കാൻ സാധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും മറ്റ് ഹൃദ്രോഗങ്ങൾ മൂലവും തീർഥാടകർ മരണപ്പെടുന്നത് ഒഴിവാക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റർ (എ.ഇ.ഡി) ഉപകരണം വാങ്ങും. ആദ്യ ഘട്ടമായി ഇത്തരം അഞ്ച് എ.ഇ.ഡി ഉപകരണങ്ങൾ ഡിസംബർ 20ന് ശബരിമലയിൽ എത്തും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐ.എം.എ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പമ്പയിൽനിന്ന് അപ്പാച്ചിമേട്ടിലേക്കുള്ള വഴിയിലെ എമർജൻസി മെഡിക്കൽ സെന്ററുകളിലാണ് എ.ഇ.ഡി ലഭ്യമാവുക. ഹൃദയസ്തംഭനം അനുഭവപ്പെടുന്ന തീർഥാടകന് 10 മിനിറ്റിനുള്ളിൽ എ.ഇ.ഡി ലഭ്യമാക്കാൻ സാധിച്ചാൽ മരണനിരക്ക് 80 ശതമാനത്തോളം കുറക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.