ആരോഗ്യവകുപ്പ് സുസജ്ജം
text_fieldsശബരിമല: ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കരുതലായി ആരോഗ്യവകുപ്പ്. സുസജ്ജമായ ആരോഗ്യസംവിധാനങ്ങളാണ് ശരണ പാതയിൽ അടക്കം ഒരുക്കിയിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒ.പി, അത്യാഹിതവിഭാഗം സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നീ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭ്യമാണ്. സന്നിധാനം, പമ്പ ആശുപത്രികളിൽ മൈനർ ഓപറേഷൻ തിയറ്ററുകൾ, നിലക്കൽ, പമ്പ, സന്നിധാനം ആശുപത്രികളിൽ ലാബ് സൗകര്യങ്ങൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
കാനനപാതയിലും പ്രധാന തീർഥാടന പാതയിലുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 19 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകൾ, ചരൽമേട്, കരിമല എന്നിവിടങ്ങളിൽ ഡിസ്പെൻസറികൾ, ആംബുലൻസ് മെഡിക്കൽ യൂനിറ്റ് സൗകര്യങ്ങൾ, കോന്നി മെഡിക്കൽ കോളജിൽ പ്രത്യേക ശബരിമല വാർഡ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ കനിവ് 108ന്റെ റാപിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും കനിവ് 108ന്റെയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂനിറ്റുകള്‍കൂടി സജ്ജമാക്കിയിരിക്കുന്നത്. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4x4 റെസ്ക്യൂ വാന്‍, ഐ.സി.യു ആംബുലന്‍സ് എന്നിവയും സജ്ജമാണ്.
കനിവ് 108 ആംബുലന്‍സ് പദ്ധതിക്കുകീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തിക്കൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടുകൂടിയതാണ് ബൈക്ക് ഫീഡര്‍ ആംബുലന്‍സ്.
രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷനാണ് വാഹനം നിയന്ത്രിക്കുന്നത്. തീർഥാടകർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തര വൈദ്യ സഹായത്തിന് 04735203232 നമ്പറിൽ ബന്ധപ്പെടാം.
ഇതുവരെ പിടികൂടിയത് 59 പാമ്പുകളെ
ശബരിമല: മണ്ഡലകാലം ആരംഭിച്ചശേഷം ശനിയാഴ്ച വരെ 59 പാമ്പുകളെയാണ് സന്നിധാനത്തുനിന്ന് പിടികൂടിയത്. മണ്ഡല പൂജക്കായി നട തുറന്നശേഷം പമ്പ - സന്നിധാനം ശരണപാതയിൽ രണ്ട് തീർഥാടകർക്ക് പാമ്പുകടി ഏറ്റിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കൂടുതൽ ശക്തമാക്കിയിരുന്നു. എരുമേലി, പുല്‍മേട് തുടങ്ങിയ കാനനപാതകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാല്‍ സദാ നിരീക്ഷണം നടത്തുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ചെറുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. രാത്രി സമയങ്ങളില്‍ വനാതിര്‍ത്തികളില്‍ പ്രത്യേക സ്ക്വാഡുകളുടെ സുരക്ഷാ പട്രോളിങ്ങും നടത്തുന്നു. കുരങ്ങ്, മലയണ്ണാന് തുടങ്ങിയ വന്യജീവികള്‍ക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.